TMJ
searchnav-menu
post-thumbnail

TMJ Daily

കളമശേരി സ്‌ഫോടനം: പ്രതിയെ പത്തുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

06 Nov 2023   |   2 min Read
TMJ News Desk

ളമശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെ പത്തുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. പ്രതിയുടെ രാജ്യാന്തര ബന്ധങ്ങള്‍ അന്വേഷിക്കണമെന്നും പ്രതിക്ക് എവിടെനിന്നാണ് പണം ലഭിച്ചതെന്നും അന്വേഷിക്കണമെന്ന് പോലീസ് കോടതിയെ അറിയിച്ചു. അതേസമയം, അഭിഭാഷകന്‍ വേണ്ടെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍. 

ഇയാളെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു. പതിനഞ്ചാം തീയതി വരെയാണ് മാര്‍ട്ടിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. 15 വര്‍ഷത്തിലേറെകാലം ദുബായില്‍ ജോലി ചെയ്ത ആളാണ് മാര്‍ട്ടിന്‍. അതുകൊണ്ടുതന്നെ അവിടെയുള്ള ബന്ധങ്ങളും അന്വേഷിക്കേണ്ടതാണ്. ഇതിന് വിശദമായി ചോദ്യം ചെയ്യണമെന്നാണ് പോലീസ് കോടതിയില്‍ പറഞ്ഞത്. 

തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്താന്‍ പോലീസ് നടപടികള്‍ സ്വീകരിച്ചത്. പോലീസ് അതീവരഹസ്യമായാണ് കേസന്വേഷണം നടത്തുന്നത്. ദുബായ് കേന്ദ്രീകരിച്ചും പോലീസ് വിവരങ്ങള്‍ തേടുന്നുണ്ട്. പ്രതിക്ക് ബോംബ് നിര്‍മാണത്തില്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. നിലവില്‍ മാര്‍ട്ടിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. 

സ്‌ഫോടന വസ്തുക്കള്‍ മാര്‍ട്ടിന്‍ പല സ്ഥലങ്ങളില്‍ നിന്നാണ് വാങ്ങിയത്. ഇവ എവിടെനിന്നൊക്കെയെന്ന് കണ്ടെത്തണം. പോലീസുമായി സഹകരിക്കുന്നുണ്ടെന്നും, പോലീസിനെതിരെ തനിക്ക് പരാതിയൊന്നുമില്ലെന്നും മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചു. പ്രതിക്കെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും ഇയാള്‍ക്ക് മാനസിക, ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. 

മരണം നാലായി

കളമശേരി സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന ഒരാള്‍ കൂടി ഇന്ന് മരിച്ചു. എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്ന കളമശേരി സ്വദേശിനി മോളി ജോയ് (61) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു മരണം. 80 ശതമാനത്തിലേറെ പൊള്ളലേറ്റ മോളി ആദ്യം രാജഗിരി ആശുപത്രിയിലായിരുന്നു ചികിത്സ തേടിയത്. പിന്നീട് മെഡിക്കല്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു. ലിയോണ പൗലോസ് (55), കുമാരി (53), ലിബിന (12) എന്നിവരാണു നേരത്തെ മരിച്ചത്. 20 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്. ഇതില്‍ 11 പേര്‍ ഐസിയുവിലാണ്. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. 

കേരളത്തെ ഞെട്ടിച്ച സ്ഫോടനം

ഒക്‌ടോബര്‍ 29 ന് രാവിലെ 9.30 ഓടെയാണ് യഹോവ സാക്ഷികളുടെ പരിപാടി നടന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്ഫോടനം നടന്നത്. പുലര്‍ച്ചെ 5 മണിക്ക് വീട്ടില്‍ നിന്നിറങ്ങിയ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ രണ്ട് ബാഗുകളിലായി നാലു ബോംബുകള്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തിക്കുകയും നാലു സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്തു. ബൈക്കിലാണ് ഇയാള്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തിയത്. പിന്‍നിരയില്‍ നിന്ന് റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. സ്ഫോടന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ശേഷം സ്ഥലത്തു നിന്ന് കടന്നുകളയുകയും ചെയ്തു. പല കടകളില്‍ നിന്നായാണ് സ്ഫോടക വസ്തുക്കള്‍ വാങ്ങിയത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ മാര്‍ട്ടിന്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. സ്ഫോടനം നടത്തിയതിനു ശേഷം ചാലക്കുടിയിലേക്കു കടന്ന പ്രതി കൊടകര പോലീസ് സ്റ്റേഷനില്‍  കീഴടങ്ങുകയായിരുന്നു.


#Daily
Leave a comment