കളമശ്ശേരി ബോംബ് സ്‌ഫോടനം; മരണം മൂന്നായി, പ്രതി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി
കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉണ്ടായ സ്‌ഫോടനം പിന്‍നിരയില്‍ ഇരുന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായി പ്രതി. കൊച്ചി കടവന്ത്ര എളംകുളം സ്വദേശി ഡൊമനിക് മാര്‍ട്ടിനാണ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നാലിടത്തായി ബോംബ് സ്ഥാപിച്ചത്. ബോംബ് നിര്‍മിച്ചത് യൂട്യൂബ് നോക്കിയാണെന്ന് മാര്‍ട്ടിന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടു. 52 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 4 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
കേരളത്തെ ഞെട്ടിച്ച് സ്‌ഫോടനം
ഞായറാഴ്ച്ച രാവിലെ 9.30 ഓടെയാണ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടന്നത്. പുലര്‍ച്ചെ 5 മണിക്ക് വീട്ടില്‍ നിന്നിറങ്ങിയ പ്രതി രണ്ട് ബാഗുകളിലായി നാലു ബോംബുകള്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തിക്കുകയും നാലു സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്തു. ബൈക്കിലാണ് ഇയാള്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തിയത്. പിന്‍നിരയില്‍ നിന്ന് റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. സ്‌ഫോടന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ശേഷം സ്ഥലത്തു നിന്ന് കടന്നുകളയുകയും ചെയ്തു. പല കടകളില്‍ നിന്നായാണ് സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ മാര്‍ട്ടിന്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. സ്‌ഫോടനം നടത്തിയതിനു ശേഷം ചാലക്കുടിയിലേക്കു കടന്ന പ്രതി കൊടകര പൊലീസ് സ്റ്റേഷനില്‍ ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ കീഴടങ്ങുകയായിരുന്നു. പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
യഹോവ സാക്ഷികള്‍
ക്രൈസ്തവരിലെ ഒരു വിഭാഗമാണ് യഹോവയുടെ സാക്ഷികള്‍. എന്നാല്‍ യഹോവ സാക്ഷികള്‍ മറ്റു വിഭാഗങ്ങളില്‍ നിന്നും വളരെ വ്യത്യസ്തരായാണ് ജീവിക്കുന്നത്. ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിന്‍ ആണ് ഇവരുടെ ആസ്ഥാനം. 1870 ല്‍ ചാള്‍ഡ് റ്റെയ്‌സ് റസ്സല്‍ എന്ന ബൈബിള്‍ ഗവേഷകന്റെ നേതൃത്വത്തില്‍ അമേരിക്കയിലെ പെനിസില്‍വാനിയയില്‍ തുടങ്ങിയ ബൈബിള്‍ പഠനസംഘം 1876 ലാണ് ബൈബിള്‍ വിദ്യാര്‍ത്ഥികള്‍ എന്ന സംഘടന രൂപീകരിക്കുന്നത്. 1881 ല്‍ സീയോനിന്റെ വാച്ച്ടവര്‍ സൊസൈറ്റി എന്ന കോര്‍പ്പറേഷന്‍ ആരംഭിച്ചു. 1931 ല്‍ ഒഹായോയില്‍ വെച്ച് നടന്ന സമ്മേളനത്തിലാണ് യഹോവ സാക്ഷികള്‍ എന്ന പേര് സ്വീകരിച്ചത്.
യഹോവയുടെ സാക്ഷികള്‍ യഹോവയിലാണ് വിശ്വസിക്കുന്നത്. അതായത് ലോകത്തിന്റെ സ്രഷ്ടാവായി ബൈബിളില്‍ പറഞ്ഞിരിക്കുന്ന പിതാവായ ദൈവത്തില്‍. ദൈവപുത്രനായ യേശുവിനെ യഹോവ സാക്ഷികള്‍ പിന്‍പറ്റുന്നുണ്ട്. എന്നാല്‍ യേശു ദൈവമാണെന്ന് വിശ്വസിക്കുന്നില്ല. പിതാവ്-പുത്രന്‍-പരിശുദ്ധാത്മാവ് എന്ന ത്രിത്വത്തില്‍ ഇവര്‍ വിശ്വസിക്കുന്നില്ല. വിഗ്രഹാരാധനയില്ല. ലോകാവസാനത്തില്‍ വിശ്വസിക്കുന്നു. 1914 മുതല്‍ അന്ത്യകാലം ആരംഭിച്ചു എന്ന് ഇവര്‍ വിശ്വസിക്കുന്നു. യഹോവ സാക്ഷികള്‍ മറ്റുള്ളവരില്‍ നിന്ന് രക്തം സ്വീകരിക്കില്ല. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കില്ല. സൈനിക സേവനം നടത്തില്ല. ഇസ്റ്റര്‍, ക്രിസ്മസ്, ജന്മദിനം എന്നിവ ആഘോഷിക്കില്ല.