
ഗായകരുടെ പിന്തുണയുമായി തിരഞ്ഞെടുപ്പ് വേദിയിൽ കമല ഹാരിസ്
നവംബറിലെ യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ദിവസങ്ങളിൽ സംഗീത രംഗത്തെ പ്രമുഖരെ അണിനിരത്തി ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസ്. ശനിയാഴ്ച കമല ഹാരിസിന്റെ പരിപാടിയിൽ ഗായികയും റാപ്പറുമായ ലിസോയും, അമേരിക്കൻ ഗായകനും, ഗാനരചയിതാവുമായ അഷർ റെയ്മഡും പങ്കെടുത്തു.
പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട ഏഴ് സംസ്ഥാനങ്ങളിൽ ഒന്നായ മിഷിഗണിലാണ് ലിസോ പങ്കെടുത്തത്. ഡിട്രോയിറ്റിൽ നടന്ന പരിപാടിയിൽ കാണികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട്, ഞാൻ നേരത്തെ തന്നെ ഹാരിസിന് വോട്ട് ചെയ്തു കഴിഞ്ഞിരിക്കുന്നു എന്ന് ലിസോ പറഞ്ഞു.
ജോർജിയയുടെ തലസ്ഥാന നഗരമായ അറ്റ്ലാൻ്റയിൽ വെച്ച് നടന്ന പരിപാടിയിൽ സംഗീതജ്ഞൻ അഷർ റെയ്മഡ് പങ്കെടുത്തു. തിരഞ്ഞെടുപ്പിലെ ഏറ്റവും സുപ്രധാനമായ പ്രദേശമാണ് അറ്റ്ലാന്റ. വേദിയിൽ ജനങ്ങൾക്കായി ഗാനങ്ങൾ ആലപിച്ചതിനു ശേഷം കമല ഹാരിസിന് തന്റെ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
ഇത് നമുക്കെല്ലാവർക്കും ലഭിക്കുന്ന ഒരു മികച്ച അവസരമാണ്. എല്ലാവർക്കും അറിയാവുന്നതുപോലെ വളരെ പ്രധാനപ്പെട്ട ഒരു തിരഞ്ഞെടുപ്പിന് ഇനി പതിനേഴ് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. നമ്മുടെ രാജ്യത്തിനായി ഒരു പുതിയ തലമുറ നേതൃത്വത്തെ തിരഞ്ഞെടുക്കാനുള്ള അവസരം നമുക്കുണ്ട് അഷർ പറഞ്ഞു.
സംസ്ഥാനത്ത് തപാൽ വഴിയുള്ള വോട്ടെടുപ്പ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ശനിയാഴ്ച രാവിലെയോടെ ഒരു ദശലക്ഷത്തിലധികം മെയിൽ വോട്ടുകൾ ലഭിച്ചതായി മിഷിഗണിലെ ഓൺലൈൻ വോട്ടിംഗ് ഡാഷ്ബോർഡിലെ കണക്കുകൾ വ്യക്തമാക്കുന്നു. വോട്ടിങ്ങിലെ ശക്തമായ കുതിച്ചു ചാട്ടത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
നോർത്ത് കരോലിന, ജോർജിയ തുടങ്ങിയ സംസ്ഥാനങ്ങൾ ഈ ആഴ്ച നേരത്തെയുള്ള വോട്ടിങ്, പോളിങ്ങിൽ റെക്കോർഡ് രേഖപെടുത്തിയിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.


