
ട്രംപിന്റെ നിര്‍ദ്ദേശങ്ങള്‍ കീഴടങ്ങല്‍ നയമെന്ന് കമല ഹാരിസ്
യുക്രൈനിനെതിരായ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മുന്‍ യുഎസ് പ്രസിഡന്റും നിലവിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. യുക്രൈന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലിന്‍സ്‌കിയെ വൈറ്റ് ഹൗസില്‍ അഭിസംബോധന ചെയ്യുമ്പോഴാണ് കമല ഹാരിസ് ട്രംപിന്റെ നിലപാടിനെതിരായ നയം പ്രഖ്യാപിച്ചത്. എന്റെ രാജ്യത്തുള്ള ചിലര്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി സമാധാനം സ്ഥാപിക്കുന്നതിനായി, രാജ്യത്തിന്റെ പരമാധികാര പ്രദേശവും നിഷ്പക്ഷതയും കീഴടക്കിയ സമാധാന കരാര്‍ അംഗീകരിക്കാന്‍ യുക്രൈനെ സമ്മര്‍ദ്ദത്തിലാകുകയാണ്. ട്രംപിന്റെ ഇത്തരം നിര്‍ദ്ദേശങ്ങള്‍ പുടിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് തുല്യമാണെന്ന് വ്യക്തമാണ്. അവ സമാധാനത്തിനുള്ള നിര്‍ദ്ദേശങ്ങളല്ല, കീഴടങ്ങാനുള്ള നിര്‍ദ്ദേശങ്ങളാണ് കമല ഹാരിസ് പറഞ്ഞു.
എന്നാല്‍ ഡൊണാള്‍ഡ് ട്രംപിനെയോ യുഎസ് സെനറ്റര്‍ ജെഡി വാന്‍സിന്റെയോ പേര് പരാമര്‍ശിക്കാതെയാണ് ഈ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതെങ്കിലും റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്റ് നോമിനി ഈ മാസമാദ്യം ഒരു അഭിമുഖത്തില്‍ പറഞ്ഞ നിബന്ധനകളുമായി സാമ്യമുള്ളതാണ് ഇതെന്നും കമല ആരോപിച്ചു. ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ വെച്ച് സെലന്‍സ്‌കിയെ കാണുമെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തുടര്‍ന്ന് ട്രംപ് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കമല ഹാരിസിന്റെ വിമര്‍ശനങ്ങളെ തള്ളിക്കളഞ്ഞു. നടന്നു കൊണ്ടിരിക്കുന്ന ഹൊറര്‍ ഷോ നിര്‍ത്താന്‍ മാത്രമേ താന്‍ ആഗ്രഹിക്കുന്നുള്ളൂവെന്ന് തറപ്പിച്ചു പറയുകയും ചെയ്തു. യുക്രൈന്‍ പ്രദേശം വിട്ടുകൊടുക്കണമോ എന്ന ചോദ്യത്തിന് നമുക്ക് കുറച്ച് സമാധാനം നേടാം, ഞങ്ങള്‍ക്ക് സമാധാനം വേണം. മരണവും നാശവും നമുക്ക് തടയണം എന്നാണ് ട്രംപ് മറുപടി നല്‍കിയത്.
സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ച്ച പ്രഖ്യാപിക്കുന്നതിന് മുമ്പ്, തന്നെ കാണണമെന്ന് ആവശ്യപ്പെട്ട് യുക്രൈനിയന്‍ പ്രസിഡന്റിന്റെ പേരില്‍ ഒരു സന്ദേശം ട്രംപ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ യുക്രൈന്‍ ഉദ്യോഗസ്ഥര്‍ ഈ സന്ദേശം സ്ഥിരീകരിച്ചിട്ടില്ല. ഇത്തരം ആശയവിനിമയങ്ങള്‍ രഹസ്യ സ്വഭാവം കാണിക്കാതെ പരസ്യമായി പ്രചരിപ്പിക്കുന്നത് ട്രംപും സെലെന്‍സ്‌കിയും തമ്മില്‍ ഉടലെടുക്കുന്ന പിരിമുറുക്കത്തിന്റെ സൂചനകളാണ്.
ജോ ബൈഡന്റെയും വൊളൊഡിമിര്‍ സെലെന്‍സ്‌കിയുടെയും കൂടിക്കാഴ്ച്ചയില്‍ രണ്ട് നേതാക്കളും തമ്മില്‍ നയതന്ത്ര, സാമ്പത്തിക, സൈനിക വശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തു. അടുത്ത പദ്ധതികളെക്കുറിച്ച് കൂടിയാലോചനകളില്‍ ഏര്‍പ്പെടാന്‍ ഇരുവരുടെയും ടീമുകളെ ചുമതലപ്പെടുത്തുകയും ചെയ്തു എന്ന് വൈറ്റ് ഹൗസ് അറിയിച്ചു. യുക്രൈന് യുദ്ധം ജയിക്കാന്‍ ആവശ്യമായ പിന്തുണ നല്‍കാന്‍ പ്രസിഡന്റ് ബൈഡന്‍ തീരുമാനിച്ചതായും പ്രസ്താവനയില്‍ പറയുന്നു. സെലെന്‍സ്‌കി പദ്ധതിയുടെ വിശദാംശങ്ങള്‍ പരസ്യമാക്കിയിട്ടില്ല. എന്നാല്‍ യുക്രൈനിന്റെ പരാജയം തടയുന്നതിനും അവിടത്തെ ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും അമേരിക്ക അധിക സഹായം നല്‍കുന്നുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. മീറ്റിംഗ് നടക്കുന്നതിനു മുന്നേ തന്നെ ബൈഡന്‍ യുക്രൈനിനായി എട്ട് ബില്യണ്‍ ഡോളറിലധികം സൈനിക സഹായം പ്രഖ്യാപിച്ചിരുന്നു. ഇത് യുക്രൈനിനു അമേരിക്ക നല്‍കുന്ന വലിയ സൈനിക സഹായകമാണ്.
യുദ്ധവിമാനങ്ങളില്‍ നിന്ന് തൊടുത്തുവിടുന്ന ഒരു ഇടത്തരം 'ഗ്ലൈഡ് ബോംബ്' ഉള്‍പ്പെടെയുള്ള യുദ്ധോപകരണങ്ങളാണ് അമേരിക്ക നല്‍കുന്നത്. ഇതുകൊണ്ട് സുരക്ഷിതമായ അകലത്തില്‍ നിന്നുകൊണ്ട് ആക്രമണം നടത്താന്‍ സാധിക്കും. ഈ വര്‍ഷമവസാനത്തോടെ യുക്രൈനിന് സുരക്ഷാ സഹായ സംരംഭ ഫണ്ടില്‍ നിന്ന് 5.5 ബില്യണ്‍ ഡോളറും പ്രതിരോധ വകുപ്പ് വഴിയുള്ള സുരക്ഷാ സഹായമായി 2.4 ബില്യണ്‍ ഡോളറുമാണ് നല്‍കുന്നത്. അമേരിക്ക നല്‍കുന്ന ആയുധങ്ങളില്‍ അധിക പേട്രിയറ്റ് എയര്‍ ഡിഫന്‍സ് ബാറ്ററികളും, മിസൈലുകളും, ആളില്ലാ വ്യോമ സംവിധാനങ്ങളുമെല്ലാം ഉള്‍പ്പെടുന്നുണ്ട്. പൈലറ്റുമാര്‍ക്കുള്ള പരിശീലനവും യു എസ് വിപുലീകരിക്കുമെന്നും അടുത്ത വര്‍ഷം പുതുതായി 18 പൈലറ്റുമാര്‍ക്ക് എഫ്-16 ഫൈറ്റര്‍ പരിശീലനം നല്‍കുമെന്നും ബൈഡന്‍ പറഞ്ഞു.