
ഡെമോക്രാറ്റിനുള്ള തന്റെ ആദ്യ വോട്ട് അഭിമാനത്തോടെ കമല ഹാരിസിന്; മുന്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ലിസ് ചെനി
യുഎസ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് മുന്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ലിസ് ചെനിയും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസും. വിസ്‌കോണ്‍സില്‍ നടന്ന പരിപാടിയിലാണ് ഇരുവരും ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ചത്.
യുഎസിനെ നയിക്കാന്‍ ട്രംപ് യോഗ്യനല്ല എന്ന് ചെനി പറഞ്ഞു. ഹാരിസിന് വേണ്ടി പ്രചാരണം നടത്തുന്ന വേളയില്‍, രാജ്യത്തിനെ പാര്‍ട്ടിക്ക് മുകളില്‍ കൊണ്ടുവരാന്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. റിപ്പബ്ലിക്കനായ ജോര്‍ജ്ജ് ഡബ്ല്യു ബുഷിന്റെ കീഴില്‍ വൈസ് പ്രസിഡന്റായിരുന്ന ഡിക്ക് ചെനിയുടെ മകളാണ് ലിസ് ചെനി. ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട് ഇപ്പോഴും ബുഷിനും ഡിക് ചെനിക്കുമെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരാണ് ഡെമോക്രാറ്റുകള്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് പ്രാധാന്യമുള്ള വിസ്‌കോണ്‍സിനിലെ സ്‌കൂള്‍ ഹൗസിലാണ് പരിപാടി നടന്നത്. 1854 ല്‍ പാര്‍ട്ടിയുടെ രൂപീകരണത്തിലേക്ക് നയിച്ച യോഗങ്ങളുടെ സ്ഥലമായിരുന്നു ഇത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജന്മസ്ഥലം എന്നാണ് ഇത് അറിയപ്പെടുന്നത്.
2020 ലെ തിരഞ്ഞെടുപ്പ് തോല്‍വി അംഗീകരിക്കാന്‍ വിസമ്മതിച്ച ട്രംപിനെ കമലാ ഹാരിസും ലിസ് ചെനിയും രൂക്ഷമായി വിമര്‍ശിച്ചു. 2021 ജനുവരി ആറിന് യുഎസ്സിലെ ക്യാപിറ്റോളിന് നേരെയുണ്ടായ ആക്രമണത്തില്‍ ട്രംപിനുള്ള പങ്കിനെയും അവര്‍ വിമര്‍ശിച്ചു. ഡൊണാള്‍ഡ് ട്രംപ് മുഖംമിനുക്കാന്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ ഞാന്‍ റിപ്പബ്ലിക്കനായിരുന്നു എന്ന് പറഞ്ഞ ചെനി സ്വയം ഒരു റൊണാള്‍ഡ് റീഗന്‍ യാഥാസ്ഥിതികയാണെന്ന് വിശേഷിപ്പിച്ചു. ഒരു ഡെമോക്രാറ്റിനുള്ള തന്റെ ആദ്യ വോട്ട് ഞാന്‍ അഭിമാനത്തോടെ കമല ഹാരിസിന് നല്‍കുമെന്ന് അവര്‍ പ്രഖ്യാപിച്ചു.
താനും കമലാ ഹാരിസും ചില കാര്യങ്ങളില്‍ ഒരുപക്ഷെ പല കാര്യങ്ങളിലും വിയോജിപ്പ് പ്രകടിപ്പിച്ചേക്കാം, എന്നാലും ഭരണഘടനയോടുള്ള ഉത്തരവാദിത്വത്തില്‍ ഞങ്ങള്‍ യോജിപ്പുള്ളവരാണ്. നിയമവാഴ്ചയെ സംരക്ഷിക്കുന്ന പ്രസിഡന്റായിരിക്കും കമലാ ഹാരിസ് എന്നും ചെനി പറഞ്ഞു.
രാഷ്ട്രീയത്തിലെ ന്യായബോധമുള്ള ആളുകളെ ഒന്നിപ്പിക്കാനാണ് കമല ഹാരിസ് പ്രവര്‍ത്തിക്കുന്നത്. ഈ അടിയന്തിര ആവശ്യത്തില്‍ അവരോടൊപ്പം ചേരാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇസ്രായേലിന് നല്‍കുന്ന ഉറച്ച പിന്തുണ, കുടിയേറ്റക്കാര്‍ക്കുള്ള കര്‍ശനമായ അതിര്‍ത്തി നയം, ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനുള്ള ഊര്‍ജ്ജ നയം എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ഹാരിസ് മധ്യ വലതുപക്ഷ നിലപാട് സ്വീകരിക്കുന്നുണ്ട്.
2020 ലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അസാധുവാക്കാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്, നമ്മള്‍ മുമ്പ് നേരിട്ടതില്‍ നിന്ന് വ്യത്യസ്തമായി നമ്മുടെ രാജ്യം ഒരു ഭീഷണിയെ അഭിമുഖീകരിക്കുകയാണെന്ന് ചെനി പറഞ്ഞു. ക്രൂരനും, അല്‍പ്പനും പ്രതികാരദാഹിയുമായ ട്രംപിന് രാജ്യത്തിനു വേണ്ടി മഹത്തായ ഒന്നും നല്‍കാന്‍ കഴിയില്ലെന്നും ചെനി അഭിപ്രായപ്പെട്ടു. 2020 ലെ തിരഞ്ഞെടുപ്പ് തോല്‍വി അസാധുവാക്കാന്‍ ശ്രമിച്ചതിന് ട്രംപിനെതിരായ പരാതിയില്‍, 165 പേജുള്ള കേസിന്റെ രൂപരേഖ ബുധനാഴ്ച്ച ജഡ്ജി പരിഗണിച്ചിരുന്നു. ഈ കേസില്‍ ഗൂഢാലോചന, തടസ്സം എന്നീ കുറ്റങ്ങള്‍ താന്‍ ചെയ്തിട്ടില്ലെന്ന് ട്രംപ് വാദിച്ചിരുന്നു.
ട്രംപില്‍ നിന്നും കടുത്ത മത്സരം കമല ഹാരിസ് നേരിടുന്നുവെന്നാണ് അഭിപ്രായ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. ചെനിയുടെ വരവോടു കൂടി ഹാരിസിന് തിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. ജനുവരി ആറിന് നടന്ന കലാപം അന്വേഷിച്ച ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് കമ്മിറ്റിയിലെ ഉന്നത റിപ്പബ്ലിക്കന്‍ ആയിരുന്നു ചെനി. അന്വേഷണത്തിനിടയില്‍ ട്രംപിന്റെ വിമര്‍ശനം നേടുകയും തുടര്‍ന്ന് അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയുമായിരുന്നു.