കമല ഹാരിസ് | PHOTO: TWITTER
ഗാസയില്‍ കൂടുതല്‍ സഹായം എത്തിക്കാന്‍ ഇസ്രയേല്‍ തയ്യാറാകണമെന്ന് കമല ഹാരിസ്, വെടിനിര്‍ത്തലിനും ആഹ്വാനം
ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഗാസയിലെ ജനങ്ങള്‍ പട്ടിണിയിലാണെന്നും അവിടേക്ക് കൂടുതല്‍ സഹായങ്ങള്‍ എത്തിക്കാന്‍ ഇസ്രയേല്‍ തയ്യാറാകണമെന്നും കമലാ ഹാരിസ് പറഞ്ഞു. ഗാസയിലെ കഷ്ടതകളുടെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍ അടുത്ത ആറാഴ്ചയെങ്കിലും ഉടനടി വെടിനിര്‍ത്തല്‍ ഉണ്ടായിരിക്കണം, അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതെ അതിര്‍ത്തികള്‍ തുറന്ന് ഗാസയില്‍ കൂടുതല്‍ സഹായങ്ങള്‍ എത്തിക്കാന്‍ ഇസ്രയേല്‍ തയ്യാറാകണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് കമല ഹാരിസ് മുന്നോട്ടുവച്ചത്.
ഗാസയില്‍ ഭക്ഷണം ലഭിക്കാനായി സഹായം തേടിയ നൂറിലധികം പലസ്തീനികള്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ട സംഭവത്തെ സൂചിപ്പിച്ചുക്കൊണ്ടായിരുന്നു കമലാ ഹാരിസിന്റെ പ്രതികരണം. വെടിനിര്‍ത്തല്‍ കരാറിന്റെ നിബന്ധനകള്‍ ഹമാസ് അംഗീകരിക്കണമെന്നും കമല ഹാരിസ് പറഞ്ഞു.
ഗാസയില്‍ കടുത്ത പട്ടിണി
ഗാസ സിറ്റിയില്‍ സഹായം തേടിയ ആളുകള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയും ഡസന്‍ കണക്കിന് ആളുകളെ കൊല്ലുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഗാസയിലെ കമാല്‍ അദ്വാന്‍ ഹോസ്പിറ്റലില്‍ പോഷകാഹാരക്കുറവ് മൂലം 15 കുട്ടികള്‍ മരിച്ചതായി യുനിസെഫ് അറിയിച്ചു. മറ്റ് ആശുപത്രികളില്‍ ഈ എണ്ണം കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.