അമേരിക്കന്‍ ജനത മുന്നോട്ടുള്ള പുതിയ വഴി തിരഞ്ഞെടുക്കണമെന്ന് കമലാ ഹാരിസ്
വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നോട്ടുള്ള പുതിയ വഴി തിരഞ്ഞെടുക്കാനുള്ള അവസരമായി അമേരിക്കന്‍ ജനത ഉപയോഗിക്കണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി കമലാ ഹാരിസ്. ട്രമ്പിന്റെ കാലത്തേക്ക് ഇനിയൊരു തിരിച്ചുപോക്ക് പാടില്ലെന്നായിരുന്നു കമലയുടെ പ്രതികരണം. മുന്‍കാലങ്ങളിലെ കയ്പ്പും വിദ്വേഷവും ഭിന്നിപ്പും മറികടക്കാനുള്ള വിലയേറിയ അവസരമാണിതെന്നും കമലാ ഹാരിസ് പ്രതികരിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടി കണ്‍വെന്‍ഷന്റെ അവസാന ദിനത്തില്‍ യു എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് പരമാര്‍ശം.
ഗാസ യുദ്ധം അവസാനിപ്പിക്കണം
ഗാസ യുദ്ധം അവസാനിപ്പിക്കണമെന്ന് കമലാ ഹാരിസ് ആഹ്വാനം ചെയ്തു. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കാന്‍ താനും ജോ ബൈഡനും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കമലാ ഹാരിസ് പ്രതികരിച്ചു. പത്ത് മാസത്തെ യുദ്ധത്തില്‍ ഗാസയില്‍ സംഭവിച്ചത് വിനാശകരമായ നഷ്ടങ്ങളാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തിനുവേണ്ടി നിലകൊള്ളുമെന്നായിരുന്നു പ്രതികരണം. ഒരു പാര്‍ട്ടിയുടെയോ വിഭാഗത്തിന്റെയോ അംഗമെന്ന നിലയിലല്ലാതെ എല്ലാ അമേരിക്കക്കാര്‍ക്കും വേണ്ടി നിലകൊള്ളുമെന്നായിരുന്നു പ്രതികരണം.
ട്രമ്പിനെതിരെ വിമര്‍ശനം
ട്രമ്പിന്റെ ഭരണകാലത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു കമലാ ഹാരിസ് പ്രസംഗം ആരംഭിച്ചത്. ട്രമ്പ് ഗൗരവമില്ലാത്ത പ്രസിഡന്റായിരുന്നുവെന്നും ഭരണകാലത്ത് അക്രമങ്ങളും കുറ്റകൃത്യങ്ങളുമാണ് രാജ്യത്ത് അരങ്ങേറിയതെന്നും പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. അമേരിക്കയുടെ ഭാവിയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നതെന്നും പ്രതികരിച്ചു. ഗാസ യുദ്ധം, കുടിയേറ്റം, തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.