
‘കേരളത്തിലും ഹമാസോ' കാഞ്ച ഇലയ്യയുടെ പരാമർശം വിവാദമാവുന്നു
കേരളത്തിൽ നടന്ന ഒരു കല-സാംസ്കാരിക ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ക്ഷണിച്ച ശേഷം ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ദളിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഇലയ്യ ഷെപ്പേഡ്. കാഞ്ച ഇലയ്യ അടുത്തിടെ തെലുങ്കിൽ എഴുതിയ ലേഖനത്തിൽ തന്നെ ഒഴിവാക്കിയത് കേരളത്തിൽ നിലനിൽക്കുന്ന 'ഹമാസിസം' ആണെന്ന് അദ്ദേഹം സ്വീകരിച്ച നിലപാട് വിവാദമാവുന്നു.
പലസ്തീൻ അനുകൂലികളുടെ പ്രതിഷേധമുണ്ടാകുമെന്ന ആശങ്കയിലാണ് സംഘാടകർ കാഞ്ച ഇലയ്യയുടെ പരിപാടി ഒഴിവാക്കിയതെന്ന് അദ്ദേഹം ആരോപിക്കുന്നു. പരിപാടിയിൽ പലസ്തീൻ അനുകൂല സംഘടനകളുടെ പ്രതിഷേധ ഭീഷണിയെക്കുറിച്ച് കാഞ്ച ഇലയ്യയെ അറിയിച്ചതിനെ തുടർന്നാണ് കേരളത്തിലും ഹമാസ് ഉണ്ടോ എന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചത്.
കോഴിക്കോട് നടന്ന പരിപാടിയിൽ ‘ആധിപത്യത്തെ വെല്ലുവിളിക്കുന്ന ആഖ്യാനങ്ങൾ’ (‘Challenging dominant narratives’ )എന്ന സെഷനിൽ കാഞ്ച ഇലയ്യയുടെ സംഭാഷണം ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഇസ്രായേൽ-പലസ്തീൻ വിഷയത്തിൽ അദ്ദേഹം അടുത്തിടെ എഴുതിയ ലേഖനത്തിൽ വിയോജിപ്പുള്ളവർ പ്രതിഷേധം നടത്താൻ സാധ്യതയുണ്ടെന്ന് ഒക്ടോബർ 29 ന് സംഘാടകർ അറിയിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ, ആരാണ് പ്രതിഷേധിക്കന്നതെന്നോ ഏതാണ് ആ സംഘടനയെന്നോ സംഘാടകർ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
"ഇത്തരം 'ഹമാസിസ'ത്തിനെതിരെ നിലപാട് സ്വീകരിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്, ഒരുപക്ഷേ, കേരളത്തിലും അത് വേരൂന്നിയേക്കാം."എന്ന് ഫെസ്റ്റിവൽ സംഘാടകർക്ക് അയച്ച ഇ-മെയിലിൽ കാഞ്ച ഇലയ്യ പറഞ്ഞു.“പ്രധാനപ്പെട്ടൊരു ആർട്ട് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിനെ ഭീഷണിപ്പെടുത്തുന്നതും എഴുത്തുകാരെ ഭീഷണിപ്പെടുത്തുന്നതും ഇന്ത്യയിലെയും ലോകത്തിലെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വലിയ ഭീഷണിയാണ്. കേരളത്തിലെ മുസ്ലീങ്ങളാണ് ഇത് ചെയ്യുന്നതെങ്കിൽ ഇന്ത്യയ്‌ക്കുള്ള ഭീഷണി വലുതാണെന്നും അദ്ദേഹം പറഞ്ഞു.
“ഇത്തരത്തിലുള്ള അസഹിഷ്ണുതയെ ഞാൻ അപലപിക്കുന്നു. ഇത് അനുവദിച്ചാൽ ജനാധിപത്യം തന്നെ അപകടത്തിലാകും. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിർദിഷ്ട സെഷനുമായി സംഘാടകർക്ക് മുന്നോട്ട് പോകാമായിരുന്നു" വെന്ന് ഒക്ടോബർ 30 ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധമുണ്ടാകുമെന്ന് ഇന്റലിജൻസ് വിവരമുണ്ടെന്ന് കാണിച്ചാണ് പരിപാടി റദ്ദാക്കിയതെന്ന് ഫെസ്റ്റിവൽ അറിയിച്ചതെന്നും അദ്ദേഹം പറയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് താനും ഫെസ്റ്റിവൽ സംഘാടകരും തമ്മിൽ നടന്ന ഇ മെയിലുകളും കാഞ്ച ഇലയ്യ ബ്ലോഗിലൂടെ വെളിപ്പെടുത്തി.
രണ്ട് രാഷ്ട്രങ്ങളായി ജീവിക്കുക മാത്രമാണ് പരിഹാരം എന്ന് അർത്ഥം വരുന്ന തലക്കെട്ടിലുള്ള കാഞ്ച ഇലയ്യയുടെ സമീപകാല തെലുങ്ക് ലേഖനമാണ് വിവാദമായത്. ഇസ്രയേലിനെ ഒരു രാജ്യമായി അംഗീകരിക്കാത്തതിനും തീവ്രവാദത്തിന് സംഭാവന നൽകിയതിനും പലസ്തീനെയും ഇറാനെയും കാഞ്ച ഇലയ്യ അധിക്ഷേപിച്ചിരുന്നു. ജൂതർ ഇസ്രായേലിനെ വികസിത രാജ്യമാക്കി വളർത്തിയപ്പോൾ, പലസ്തീനിലെ ദാരിദ്ര്യത്തിന് കാരണം അവരുടെ ഏക ലക്ഷ്യം "മതം" ആയതാണെന്ന് ആരോപിച്ചു.
2019 ൽ താൻ നടത്തിയ സന്ദർശനം അനുസ്മരിച്ചുകൊണ്ട്, ഇസ്രായേലിനെ അദ്ദേഹം വാഴ്ത്തി. അവരുടെ "മഹത്വം" സമ്പന്നമായ ഹരിത ഉൽപാദന മേഖലകളിൽ എല്ലായിടത്തും കാണാൻ കഴിയുമെന്ന് അദ്ദേഹം എഴുതി. പലസ്തീൻ ദാരിദ്ര്യത്തിൽ കഴിയുമ്പോൾ ഇസ്രായേൽ മരുഭൂമികളെ ഉൽപാദന ഭൂമികളാക്കി മാറ്റി. പലസ്തീനിൽ അധ്വാനിക്കുന്ന ജനവിഭാഗങ്ങളില്ല. മരുഭൂമിയിൽ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന പുരുഷന്മാരെയും സ്ത്രീകളെയും അവിടെ കാണാനാകില്ല. വയലിൽ അധ്വാനിക്കുന്ന ഇന്ത്യയിലെ ശൂദ്രരും ദളിതരുമായി ഇസ്രായേൽ സ്ത്രീകളെ അദ്ദേഹം ആ ലേഖനത്തിൽ തുലനപ്പെടുത്തി. വിവാദ ലേഖനം അതിലെ ഇസ്ലാമോഫോബിയയുടെ പേരിലും പലസ്തീനികളുടെ വംശഹത്യയെ അവഗണിച്ചതിനും വ്യാപകമായ വിമർശനം നേരിട്ടു.