
കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം: പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ
കാഞ്ഞിരപ്പള്ളി ഇരട്ടകൊലപാതകക്കേസിലെ പ്രതി ജോര്‍ജ് കുര്യന് ഇരട്ടജീവപര്യന്തം തടവുശിക്ഷയും 20 ലക്ഷം രൂപ പിഴയും വിധിച്ചു. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ച് കൊന്ന കേസില്‍ ജോര്‍ജ്ജ് കുര്യന്‍ ശിക്ഷ വെവ്വേറെ അനുഭവിക്കണം.
വിവിധ വകുപ്പുകളിലായി 8 വര്‍ഷവും മൂന്നു മാസവും ശിക്ഷ ആദ്യം അനുഭവിക്കണം. ഇതിനുശേഷമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടത്. പിഴയായി വിധിച്ച തുക കൊല്ലപ്പെട്ട രഞ്ജു കുര്യന്റെ കുടുംബത്തിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
2022 മാര്‍ച്ച് ഏഴിന് ഇളയ സഹോദരന്‍ രഞ്ജു കുര്യനേയും മാതൃസഹോദരന്‍ മാത്യു സ്‌കറിയയെയും ജോര്‍ജ് കുര്യന്‍ വധിച്ച കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് വിധിച്ചിരുന്നു.
ഐപിസി 302, 449, 506 - (2), ഇന്ത്യന്‍ ആയുധ നിയമം 30 എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനാണെന്നും കണ്ടെത്തി. കേസിന്റെ വിചാരണ വേളയില്‍ സാക്ഷികളായ പ്രതിയുടെ അമ്മയും സഹോദരിയും അടക്കം 10 പേര്‍ കൂറുമാറിയിരുന്നു. 138 സാക്ഷികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഹൈദരാബാദ് സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ അസിസ്റ്റന്റ് ഡയറക്ടറും കേസില്‍ മൊഴി നല്‍കി.
വിദേശ നിര്‍മ്മിത തോക്ക് ഉപയോഗിച്ചാണ് പ്രതി കുടുംബവീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്.