
പ്രിയ വര്‍ഗീസ് | PHOTO: FACE BOOK
പ്രിയ വര്‍ഗീസിന്റെ നിയമനം: പിഴവുകളുള്ളതായി സുപ്രീംകോടതി
കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ചുള്ള ഹൈക്കോടതി വിധിയില്‍ പിഴവുകളുള്ളതായി സുപ്രീംകോടതി. ഹൈക്കോടതി വിധിക്കെതിരെ യുജിസിയും നിയമന പട്ടികയിലുണ്ടായിരുന്ന ജോസഫ് സ്‌കറിയയും നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതി പ്രിയ വര്‍ഗീസിന് നോട്ടീസ് അയച്ചു. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പ്രിയയ്ക്ക് ആറാഴ്ചത്തെ സമയവും കോടതി അനുവദിച്ചു.
നിയമനത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും അന്തിമ തീരുമാനം വരുന്നതു വരെ പ്രിയ വര്‍ഗീസിന് തല്‍സ്ഥാനത്ത് തുടരാമെന്നും കോടതി അറിയിച്ചു. ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, കെ.വി വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് യുജിസിയുടെയും ജോസഫ് സ്‌കറിയയുടെയും ഹര്‍ജി പരിഗണിച്ചത്. അധ്യാപന പരിചയവുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് വ്യക്തമാക്കിയ ശേഷമാണ് ഹൈക്കോടതി വിധി ഒരു പരിധിവരെ തെറ്റാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചത്.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമനം മരവിപ്പിക്കണമെന്ന് യുജിസിക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇതിനോടകം അസോസിയേറ്റ് പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ചതായി പ്രിയയുടെ അഭിഭാഷകരായ കെ.ആര്‍ സുഭാഷ് ചന്ദ്രന്‍, ബിജു പി രാമന്‍ എന്നിവര്‍ കോടതിയെ അറിയിച്ചു. സുപ്രീംകോടതിയുടെ അന്തിമവിധിക്ക് വിധേയമായിരിക്കും പ്രിയയുടെ നിയമനം.
ചട്ടവിരുദ്ധം
അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനു പ്രിയ വര്‍ഗീസിനു യോഗ്യതയില്ലെന്നും പ്രിയ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്നുമുള്ള സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കിയാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെയാണ് യുജിസി സുപ്രീംകോടതിയെ സമീപിച്ചത്.
യുജിസി വ്യവസ്ഥകള്‍ പ്രകാരം അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് ഏറ്റവും കുറഞ്ഞത് എട്ടുവര്‍ഷത്തെ അധ്യാപന പരിചയം വേണമെന്നാണ്. എന്നാല്‍ കോളേജിന് പുറത്തു നടത്തിയ പ്രവര്‍ത്തനങ്ങളെ അധ്യാപന പരിചയമായി കണക്കാക്കുകയാണ് ഹൈക്കോടതി ചെയ്തത്. ഇത് യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്നും നിയമോപദേശത്തില്‍ പറയുന്നു. ഭാവിയില്‍ കേരള ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി പലരും ഈ രീതിയില്‍ അസോസിയേറ്റ് പ്രൊഫസറാകാന്‍ ശ്രമിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും യുജിസി കണക്കുകൂട്ടുന്നു.
താല്ക്കാലിക റാങ്ക് പട്ടികയില്‍ ഒന്നാം പേരുകാരിയായ പ്രിയയ്ക്ക് യു.ജി.സി ചട്ടപ്രകാരം മതിയായ അധ്യാപന പരിചയമില്ലെന്ന് ആരോപിച്ച് രണ്ടാം റാങ്കുകാരനായ ചങ്ങനാശ്ശേരി എസ്.ബി കോളജിലെ മലയാളം അധ്യാപകന്‍ ഡോ. ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണ് നവംബര്‍ 17ന് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
വിവാദമായ നിയമനം
തൃശ്ശൂര്‍ കേരള വര്‍മ കോളേജില്‍ അധ്യാപികയായിരുന്ന പ്രിയ വര്‍ഗീസ് കണ്ണൂര്‍ യൂണിവേഴ്സിറ്റി മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ചട്ടം മറികടന്നാണ് എന്നതാണ് ഉയര്‍ന്നുവന്ന ആരോപണം. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യുജിസിയുടെ 2018-ലെ റഗുലേഷന്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയം അവര്‍ക്ക് ഇല്ല എന്നതായിരുന്നു ആക്ഷേപം.
എട്ടുവര്‍ഷം അധ്യാപന പരിചയമാണ് റഗുലേഷന്‍ പ്രകാരം ആവശ്യം. എയ്ഡഡ് കോളേജില്‍ ജോലിയില്‍ പ്രവേശിച്ചശേഷം പ്രിയ വര്‍ഗീസ് എഫ്.ഡി.പി (ഫാക്കല്‍റ്റി ഡവലപ്മെന്റ് പ്രോഗ്രാം) പ്രകാരം ഡെപ്യൂട്ടേഷനില്‍ മൂന്നു വര്‍ഷത്തെ പിഎച്ച്ഡി ഗവേഷണം നടത്തിയ കാലയളവും കണ്ണൂര്‍ സര്‍വലാശാലയില്‍ സ്റ്റുഡന്‍സ് ഡീന്‍ ഡയറക്ട് ഓഫ് സ്റ്റുഡന്റ് സര്‍വീസസ്) ആയി രണ്ട് വര്‍ഷം ഡെപ്യൂട്ടേഷനില്‍ ജോലിചെയ്ത കാലയളവും ചേര്‍ത്താണ് അധ്യാപനപരിചയം കാണിച്ചിരിക്കുന്നത്. ഇത് അംഗീകരിച്ചാണ് യൂണിവേഴ്സിറ്റി അവരെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ഇന്റര്‍വ്യൂവിന് വിളിക്കുകയും ചെയ്തത്. 2021 നവംബര്‍ 18-ന് നടന്ന ഇന്റര്‍വ്യൂവില്‍ അവര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചു. തുടര്‍ന്ന് അസോസിയേറ്റ് പ്രൊഫസര്‍ സ്ഥാനത്തേക്കുള്ള പ്രിയ വര്‍ഗീസിന്റെ നിയമനം ജൂണ്‍ 27-ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് അംഗീകരിക്കുകയും ചെയ്തു. ഗവേഷണ കാലവും സ്റ്റുഡന്റ്സ് ഡീന്‍ ആയി പ്രവര്‍ത്തിച്ച കാലവും അടക്കം അഞ്ചു വര്‍ഷത്തോളമുള്ള കാലം അധ്യാപന കാലമായി പരിഗണിക്കുന്നത് യുജിസിയുടെ ചട്ടത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ എന്ന സംഘടന രംഗത്തുവന്നതോടെയാണ് വിഷയം വിവാദമാകുന്നത്.