TMJ
searchnav-menu
post-thumbnail

ഡോ. ഗോപിനാഥ് രവീന്ദ്രന്റെ | PHOTO: WIKI COMMONS

TMJ Daily

കണ്ണൂര്‍ വിസി നിയമനം സുപ്രീംകോടതി റദ്ദാക്കി; സര്‍ക്കാരിന് തിരിച്ചടി

30 Nov 2023   |   2 min Read
TMJ News Desk

ണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കി. നിയമനം ചട്ടവിരുദ്ധമാണെന്ന് പറഞ്ഞ കോടതി സംസ്ഥാന സര്‍ക്കാരിനെയും ഗവര്‍ണറെയും രൂക്ഷമായി വിമര്‍ശിച്ചു. വിസി നിയമനത്തില്‍ ബാഹ്യഇടപെടല്‍ പാടില്ലെന്നും കോടതി പറഞ്ഞു. ചാന്‍സലര്‍ തന്റെ അധികാരം അടിയറവ് വച്ചതായും കോടതി നിരീക്ഷിച്ചു.

വിധി സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. പുനര്‍നിയമനം ശരിവച്ച ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നതായും സുപ്രീംകോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢും, ജസ്റ്റിസ് ജെബി പര്‍ദിവാലയും ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്. 

നടന്നത് ചട്ടലംഘനം

സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലാണ് പുനര്‍നിയമനം അട്ടിമറിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ഗോപിനാഥിന്റെ പുനര്‍നിയമനത്തിനെതിരായ ഹര്‍ജികള്‍ ഒരു വര്‍ഷത്തോളമായി സുപ്രീംകോടതിയുടെ പരിഗണനയിലായിരുന്നു. കഴിഞ്ഞ ഒക്‌ടോബറിലാണ് കേസുമായി ബന്ധപ്പെട്ട വാദം കോടതി പൂര്‍ത്തിയാക്കിയത്. കണ്ണൂര്‍ സര്‍വകലാശാല നിയമം അനുസരിച്ച് വിസി നിയമനത്തിന് 60 വയസ്സാണ് പ്രായപരിധി. എന്നാല്‍ ഈ പരിധി കഴിഞ്ഞ ഗോപിനാഥിന് എങ്ങനെ നിയമനം നല്‍കിയെന്ന് കോടതി ചോദിച്ചു. 

ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും വിസിയും ഹര്‍ജികളില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. 

യുജിസി ചട്ടങ്ങളുടെ ലംഘനമാണ് പുനര്‍നിയമനമെന്ന് ഗവര്‍ണര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ചട്ടങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്നും കണ്ണൂര്‍ സര്‍വകലാശാലയുടെ നിയമനത്തിന് അനുസൃതമായാണ് നിയമനമെന്നുമായിരുന്നു സര്‍ക്കാരിന്റെ പ്രതികരണം. പുനര്‍നിയമനത്തിന് പ്രായപരിധി ബാധകമല്ലെന്നും അതു നിയമനത്തിനു മാത്രമാണെന്നുമായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ നിയമനത്തിനും പുനര്‍നിയമനത്തിനും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. 

കണ്ണൂര്‍ വിസിയുടെ ആദ്യ നിയമനം തന്നെ യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ നേരത്തെ വാദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പുനര്‍നിയമനവും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടോടെയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. 2021 നവംബര്‍ 23 നാണ് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയെ തുടര്‍ന്ന് ഗവര്‍ണര്‍, ഡോ. ഗോപിനാഥ് രവീന്ദ്രന് നാലുവര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കിയത്. നിയമനത്തിനെതിരെ ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും 2021 ഡിസംബര്‍ 15 ന് പുനര്‍നിയമനം കോടതി ശരിവയ്ക്കുകയായിരുന്നു. ഇതിനെതിരെയാണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. 

ഉത്തരവാദിത്തം ഗവര്‍ണര്‍ക്ക്

സര്‍വകലാശാലയിലെ വൈസ് ചാന്‍സലറുടെ നിയമനം നടത്തേണ്ടത് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ ഉത്തരവാദിത്തമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. അദ്ദേഹത്തിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് നിയമനം നടത്തേണ്ടത്. സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പ്രതികരിച്ചു. കോടതി വിധി അംഗീകരിക്കുന്നതായും വിധിപകര്‍പ്പ് പഠിച്ചശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു. 

സര്‍ക്കാര്‍ ആളുകളെ കബളിപ്പിച്ചു 

യുജിസി ചട്ടങ്ങള്‍ മുഴുവന്‍ ലംഘിച്ചുകൊണ്ടാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യൂണിവേഴ്‌സിറ്റികളുടെ പ്രോ ചാന്‍സലര്‍ കൂടിയായ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വിസി നിയമനത്തില്‍ ഇടപെടാന്‍ പാടില്ലായിരുന്നു. എന്നാല്‍ മന്ത്രി ഇടപെട്ട് ചട്ടവിരുദ്ധമായാണ് പ്രായപരിധി കഴിഞ്ഞ ആള്‍ക്ക് പുനര്‍നിയമനം നല്‍കിയത്. നിയമനം റദ്ദാക്കിയ സാഹചര്യത്തില്‍ മന്ത്രി ആര്‍ ബിന്ദു രാജിവയ്ക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. 

സര്‍ക്കാരിന് ശക്തമായ താക്കീതാണ് കോടതി വിധി. പ്രതിപക്ഷ ആരോപണങ്ങളെ ശരിവയ്ക്കുന്ന വിധിയാണിത്. ഗവര്‍ണറും സര്‍ക്കാരും ചേര്‍ന്ന് ആളുകളെ കബളിപ്പിക്കുകയായിരുന്നുവെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.


#Daily
Leave a comment