TMJ
searchnav-menu
post-thumbnail

PHOTO: WIKI COMMONS

TMJ Daily

കണ്ണൂര്‍ വിസി നിയമനം: റദ്ദാക്കല്‍ നടപടിക്കെതിരെ പുനഃപരിശോധനാ ഹര്‍ജിയുമായി സര്‍ക്കാര്‍ 

30 Dec 2023   |   2 min Read
TMJ News Desk

ണ്ണൂര്‍ വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കി സംസ്ഥാന സര്‍ക്കാര്‍. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ നിഷേ രാജന്‍ ഷൊങ്കറാണ് ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പ്രസ്താവിച്ചത്. 

നിയമിക്കപ്പെട്ടയാളുടെ യോഗ്യതയില്‍ കോടതിക്ക് സംശയമില്ലായിരുന്നുവെന്നും ഹര്‍ജിയില്‍ ഉന്നയിക്കാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി നിയമനം റദ്ദാക്കിയതെന്നും ഇതു പുനഃപരിശോധിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. 

നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെട്ടെന്നാണ് റദ്ദാക്കലിനു കാരണമായി കോടതി പറയുന്നത്. നിയമനത്തിനെതിരെ കോടതിയെ സമീപിച്ച ഹര്‍ജിക്കാര്‍ പോലും ഉന്നയിക്കാത്ത വാദമാണിതെന്നും സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജിയില്‍ പറയുന്നു. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നേട്ടങ്ങളും ഹര്‍ജിയില്‍ എണ്ണിപ്പറയുന്നുണ്ട്. വിധിയിലൂടെ കടുത്ത അനീതിയാണ് സംസ്ഥാനത്തോട് ചെയ്തിരിക്കുന്നതെന്നും മുന്‍വിധിയോടെയുള്ള വിധിയായിരുന്നുവെന്നും പറയുന്നു. വിധി പലതരത്തിലുള്ള രാഷ്ട്രീയ കോലാഹലങ്ങള്‍ക്കും കാരണമായതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

നടന്നത് ചട്ടലംഘനം

സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലാണ് പുനര്‍നിയമനം അട്ടിമറിച്ചതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് കേസുമായി ബന്ധപ്പെട്ട വാദം സുപ്രീംകോടതി പൂര്‍ത്തിയാക്കിയത്. കണ്ണൂര്‍ സര്‍വകലാശാല നിയമം അനുസരിച്ച് വിസി നിയമനത്തിന് 60 വയസ്സാണ് പ്രായപരിധി. എന്നാല്‍ ഈ പരിധി കഴിഞ്ഞ ഗോപിനാഥിന് എങ്ങനെ നിയമനം നല്‍കിയെന്നായിരുന്നു കോടതി ചോദിച്ചത്. 

ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും വിസിയും ഹര്‍ജികളില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. 

യുജിസി ചട്ടങ്ങളുടെ ലംഘനമാണ് പുനര്‍നിയമനമെന്ന് ഗവര്‍ണര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ചട്ടങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്നും കണ്ണൂര്‍ സര്‍വകലാശാലയുടെ നിയമനത്തിന് അനുസൃതമായാണ് നിയമനമെന്നുമായിരുന്നു സര്‍ക്കാരിന്റെ പ്രതികരണം. പുനര്‍നിയമനത്തിന് പ്രായപരിധി ബാധകമല്ലെന്നും അതു നിയമനത്തിനു മാത്രമാണെന്നുമായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ നിയമനത്തിനും പുനര്‍നിയമനത്തിനും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. 

കണ്ണൂര്‍ വിസിയുടെ ആദ്യ നിയമനം തന്നെ യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ നേരത്തെ വാദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പുനര്‍നിയമനവും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടോടെയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. 2021 നവംബര്‍ 23 നാണ് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയെ തുടര്‍ന്ന് ഗവര്‍ണര്‍, ഡോ. ഗോപിനാഥ് രവീന്ദ്രന് നാലുവര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കിയത്. നിയമനത്തിനെതിരെ ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും 2021 ഡിസംബര്‍ 15 ന് പുനര്‍നിയമനം കോടതി ശരിവയ്ക്കുകയായിരുന്നു. ഇതിനെതിരെയാണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.


#Daily
Leave a comment