TMJ
searchnav-menu
post-thumbnail

TMJ Daily

മന്ത്രി മുഹമ്മദ്‌ റിയാസ് വികസനം അട്ടിമറിക്കുന്നുവെന്ന് കാരാട്ട് റസാഖ്‌

26 Oct 2024   |   1 min Read
TMJ News Desk

താന്‍ മണ്ഡലത്തിലേക്ക് കൊണ്ടുവന്ന പല വലിയ പദ്ധതികളും  മന്ത്രി മുഹമ്മദ് റിയാസും  സിപി എം ഏരിയ ,ലോക്കല്‍ കമ്മിറ്റികളും മുസ്ലിം ലീഗുമായി ചേര്‍ന്ന് അട്ടിമറിച്ചറിച്ചെന്ന് കൊടുവള്ളി മുൻ എം എൽ എയും സി പി എം സഹയാത്രികനുമായ കാരാട്ട് റസാഖ് ആരോപിച്ചു. താന്‍ കൊണ്ടുവന്ന പദ്ധതികള്‍ നടപ്പാകരുതെന്ന് ആഗ്രഹിക്കുന്നവരാണ് മുസ്ലിം ലീഗെന്നും അതിന്  എല്ലാ പിന്തുണയും നല്‍കി പദ്ധതികളെ പൂര്‍ണമായും അട്ടിമറിക്കുന്നത് മുഹമ്മദ് റിയാസാണെന്നും കാരാട്ട് റസാഖ് കുറ്റപ്പെടുത്തി.

വികസനം അട്ടിമറിക്കുന്നത് പുനഃപരിശോധിക്കുന്നില്ലെങ്കില്‍ ഇടത് സഹയാത്രികനായി തുടരാനാകില്ലെന്നും അത്തരമൊരു സാഹചര്യത്തിലേക്ക് പാര്‍ട്ടി പോകരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നും കാരാട്ട് റസാഖ് പറഞ്ഞു. മുഹമ്മദ് റിയാസ് അട്ടിമറിച്ച വികസന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ഇടപെട്ട് തിരുത്താന്‍ കഴിയുന്നതേയുള്ളൂവെന്നും കാരാട്ട് റസാഖ് പറഞ്ഞു.

പല തവണ ഇക്കാര്യങ്ങള്‍ റിയാസിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കിലും പരിശോധിക്കാമെന്ന് മാത്രമാണ് മറുപടി ലഭിച്ചതെന്നും റസാഖ് പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ജില്ലാ കമ്മിറ്റിയെയും സംസ്ഥാന കമ്മിറ്റിയെയും  അറിയിക്കുകയും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും റസാഖ് പറഞ്ഞു.

മുസ്ലിം ലീഗിലേക്ക് ഒരിക്കലും തിരിച്ചുപോകില്ല. ആ പാര്‍ട്ടിയിലെ അണികളെല്ലാം നല്ലവരാണ്. എന്നാല്‍, ചില നേതാക്കളുടെ നിലപാടുകളോട് ചേര്‍ന്ന് പോകാനാകില്ലെന്നും അതുകൊണ്ടുതന്നെ മടങ്ങിപ്പോകില്ലെന്നും സിപിഎം ബന്ധം ഉപേക്ഷിച്ചാല്‍ ഒന്നുകില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും അല്ലെങ്കില്‍ മറ്റ് രാഷ്ട്രിയ പാര്‍ട്ടിയുമായി സഹകരിക്കുമെന്നും റസാഖ് കൂട്ടിച്ചര്‍ത്തു.


#Daily
Leave a comment