കര്‍ണാടക നിയമസഭയെ ഇനി മലയാളി നിയന്ത്രിക്കും
മലയാളിയായ ബെംഗളൂരു എംഎല്‍എ യുടി ഖാദര്‍ കര്‍ണാടക നിയമസഭാ സ്പീക്കറാകും. കോണ്‍ഗ്രസിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി യുടി ഖാദറിനെ നിശ്ചയിച്ചു. നാളെയാണ് തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുക്കപ്പെടുന്നതോടെ കര്‍ണാടക നിയമസഭാ ചരിത്രത്തിലെ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ആദ്യ സ്പീക്കറായിരിക്കും യുടി ഖാദര്‍.
ആര്‍വി ദേശ്പാണ്ഡെ, ടിബി ജയചന്ദ്ര, എച്ച്‌കെ പാട്ടീല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നു വന്നെങ്കിലും രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് കോണ്‍ഗ്രസ്, സഭാധ്യക്ഷ സ്ഥാനം ഖാദറിനുറപ്പിച്ചത്. പ്രോ-ടേം സ്പീക്കര്‍ ആര്‍വി ദേശ്പാണ്ഡെയുടെ നേതൃത്വത്തിലാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുക. നേരത്തെ മുതിര്‍ന്ന നേതാക്കളും മന്ത്രിമാരുമായ ആര്‍വി ദേശ് പാണ്ഡെ, ടിബി ജയചന്ദ്ര, എച്ച്‌കെ പാട്ടീല്‍ തുടങ്ങിയവരുടെ പേരുകളാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നത്. എന്നാല്‍ മന്ത്രിസ്ഥാനം ഇഷ്ടപ്പെട്ട ഇവരെല്ലാം സ്പീക്കര്‍ പദവി വേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കര്‍ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാലയും, ദേശീയ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും നേരത്തെ യുടി ഖാദറിനെ കണ്ടിരുന്നു.
ജനപ്രിയ മുഖം
ദക്ഷിണ കന്നഡയിലെ ബെംഗളൂരു മണ്ഡലത്തില്‍ നിന്നാണ് ഖാദര്‍ വിജയിച്ചത്. കഴിഞ്ഞ തവണ ഈ മേഖലയില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് എംഎല്‍എയും ഖാദറായിരുന്നു. വളരെയധികം ജനപ്രീതിയുള്ള നേതാവാണ് യുടി ഖാദര്‍. ദക്ഷിണ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ഉയര്‍ത്തി കാണിക്കാന്‍ മറ്റു നേതാക്കളാരും ഇല്ലാത്തതും ഖാദറിന് കൂടുതല്‍ കരുത്ത് പകരുന്നു. അതേസമയം, സ്പീക്കര്‍ സ്ഥാനം സ്വീകരിക്കുന്നതിനു മുമ്പ് വലിയ ഓഫറും ഖാദറിന് നല്‍കിയിട്ടുണ്ട്. രണ്ടുവര്‍ഷം കഴിഞ്ഞുള്ള മന്ത്രിസഭാ പുനഃസംഘടനയില്‍ ഖാദറിന് മന്ത്രി സ്ഥാനം നല്‍കാമെന്നാണ് വാഗ്ദാനം.
കോണ്‍ഗ്രസ് കൂടുതല്‍ അവസരങ്ങള്‍ ന്യൂനപക്ഷ വിഭാഗത്തിന് നല്‍കുന്നതിന്റെ സൂചന കൂടിയാണ് ഖാദറിന്റെ സ്പീക്കര്‍ സ്ഥാനം. മലയാളിയായ ഖാദറിന്റെ സ്പീക്കര്‍ പദവി കേരളത്തിനും അഭിമാനിക്കാവുന്ന നേട്ടമാണ്. അമ്പത്തിമൂന്നുകാരനായ ഖാദര്‍, തീരദേശ കര്‍ണാടക മേഖലയില്‍ കോണ്‍ഗ്രസിന്റെ ശക്തമായ സാന്നിധ്യം കൂടിയാണ്. കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവായിരുന്നു അദ്ദേഹം.
മണ്ഡല പുനര്‍നിര്‍ണയത്തോടെ ബെംഗളൂരു റൂറല്‍ ആയി മാറിയ ഉള്ളാള്‍ മണ്ഡലത്തില്‍ നിന്ന് ഇത് അഞ്ചാം തവണയാണ് ഖാദര്‍ നിയമസഭയില്‍ എത്തുന്നത്. ആരോഗ്യ-ഭക്ഷ്യ പൊതുവിതരണ- നഗരവികസന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുമുണ്ട്. സിദ്ധരാമയ്യ മന്ത്രിസഭയുടെ ഭാഗമായി 2013 മെയ് 20 മുതല്‍ 2016 ജൂണ്‍ 20 വരെ കര്‍ണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി കൂടിയായിരുന്നു യുടി ഖാദര്‍. ഇത്തവണ ബെംഗളൂരു റൂറല്‍ മണ്ഡലത്തില്‍ നിന്ന് 40,361 വോട്ടുകള്‍ നേടിയ ഖാദര്‍ 22,000 ല്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി നേതാവ് സതീഷ് കുംപാലയെ പരാജയപ്പെടുത്തിയത്.
പിതാവിന്റെ പാതയിലൂടെ
കാസര്‍ഗോഡ് ഉപ്പള തുര്‍ത്തി സ്വദേശിയും ബെംഗളൂരു എംഎല്‍എയുമായിരുന്ന പിതാവ് യുടി ഫരീദിന്റെ കൈപിടിച്ചാണ് ഖാദര്‍ രാഷ്ട്രീയത്തിലിറങ്ങിയത്. 1972, 1978, 1999, 2004 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിനുവേണ്ടി ഉള്ളാള്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് വിജയിച്ച ആളാണ് ഫരീദ്. പിതാവിന്റെ മരണത്തെ തുടര്‍ന്ന് 2007 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് ആദ്യമായി നിയമസഭയിലെത്തുന്നത്.