
ജഗദീശ് ഷെട്ടര്‍ | Photo: PTI
കര്‍ണ്ണാടക തെരഞ്ഞെടുപ്പ്: ബിജെപിയില്‍ പൊട്ടിത്തെറി
നിയമസഭ തെരഞ്ഞെടുപ്പിന് ഒരു കഷ്ടിച്ച് ഒരുമാസം മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പൊട്ടിത്തെറികള്‍ കര്‍ണ്ണാടകയില്‍ ബിജെപിക്കു തലവേദനയാകുന്നു. സീനിയര്‍ നേതാക്കളായ ജഗദീശ് ഷെട്ടര്‍, ലക്ഷ്മണൻ സാവഡി എന്നിവരാണ് സീറ്റു നിഷേധിച്ചതിനെതിരെ പരസ്യമായി രംഗത്തു വന്നിട്ടുള്ളത്. ജഗദീശ് ഷെട്ടര്‍ മുന്‍ മുഖ്യമന്ത്രിയും, ലക്ഷ്മണൻ സാവഡി മുന്‍ ഉപ മുഖ്യമന്ത്രിയുമാണ്.
കാവി സാഹോദര്യത്തിലെ വിള്ളല്‍
ബിജെപി യുടെ മാത്രമല്ല സംഘപരിവാരിന്റെ ആശയപരമായ നേതൃനിരയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന ഷെട്ടറിന്റെ തീരുമാനം ബിജെപിക്ക് തലവേദനയാകുമെന്ന ആശങ്കകള്‍ പാര്‍ട്ടി അനുയായികള്‍ പങ്കു വെയ്‌ക്കുന്നു. എല്‍കെ അദ്വാനി ബിജെപി യുടെ സാരഥ്യം ഏറ്റെടുത്ത 1980 കളുടെ രണ്ടാം പകുതിയില്‍ ഉയര്‍ന്നുവന്ന നേതൃനിരയുടെ ഭാഗമാണ് ഷെട്ടര്‍. അദ്വാനിയുടെ കാര്‍മികത്വത്തില്‍ സംഘപരിവാരിന്റെ ആശയങ്ങള്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ പ്രയോഗത്തില്‍ വരുത്തുന്നതിനുള്ള ഒത്താശകള്‍ നടപ്പിലാക്കിയവരില്‍ ഒരാളാണ് അറിയപ്പെടുന്ന സാമ്പത്തിക വിദഗ്‌ധനായ ഷെട്ടര്‍. ഹുബ്ബള്ളി-ധാര്‍വാര്‍ഡ് സെന്‍ട്രല്‍ സീറ്റില്‍ നിന്നും കഴിഞ്ഞ 6 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയിച്ച വ്യക്തിയായ ഷെട്ടര്‍ കര്‍ണ്ണാടക രാഷ്ട്രീയത്തിലെ പ്രബലരായ ലിംഗായത്തു സമുദായംഗമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 21,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.
കഴിഞ്ഞ 4 ദശകങ്ങളായി ബിജെപിയോട് അചഞ്ചലമായ കൂറ് പുലര്‍ത്തിയ വ്യക്തിയാണെന്നു സ്വയം വിശേഷിപ്പിച്ച ഷെട്ടര്‍ താന്‍ മത്സരരംഗത്ത് ഉണ്ടാവുമെന്നു ആവര്‍ത്തിച്ചു. "ഒരോ തവണയും കൂടുല്‍ ഭൂരിപക്ഷത്തോടെയാണ് ഞാന്‍ വിജയിച്ചിട്ടുള്ളത്. ഇപ്പോള്‍ പാര്‍ട്ടി നടത്തിയ സര്‍വ്വേയിലും മുന്‍തൂക്കം എനിക്കായിരുന്നു. എന്തു കാരണത്തിലാണ് എനിക്ക് സീറ്റു നിഷേധിക്കുന്നത്", അദ്ദേഹം പറയുന്നു. പ്രായമാണ് പരിഗണനയെങ്കില്‍ അക്കാര്യത്തില്‍ മാനദണ്ഡം വേണമെന്നും ഷെട്ടര്‍ ആവശ്യപ്പെട്ടു. ഏതായാലും മത്സരംഗത്ത് ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്ന നിലയിലാണോ കോണ്‍ഗ്രസ്സിന്റെ പിന്തുണ ലഭിക്കുമോ തുടങ്ങിയ കാര്യങ്ങളില്‍ മത്സരരംഗം ചൂടു പിടിക്കുന്നതോടെ കൂടുതല്‍ വ്യക്തത കൈവരുമെന്നു കണക്കാക്കപ്പെടുന്നു. ഷെട്ടറിനെ പോലെയുള്ള കറകളഞ്ഞ ഒരു ഹിന്ദുത്വവാദിയെ പിന്തുണയ്‌ക്കുന്ന കാര്യം കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളവും അത്ര എളുപ്പമുള്ള ഒന്നാവില്ല. സീറ്റു നിഷേധിക്കപ്പെട്ട പാര്‍ട്ടി തീരുമാനത്തിനെതിരെ ഷെട്ടര്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ അത് സംഘപരിവാറിനുള്ളില്‍ നടക്കുന്ന വിള്ളലുകളുടെ സൂചനയായി കണക്കാക്കാവുന്നതാണ്.
ഉത്തര കര്‍ണ്ണാടക തിരിച്ചടിക്കുമോ
ഷെട്ടറിനെ പോലെ ഉത്തര കര്‍ണ്ണാടക മേഖലയില്‍ നിന്നുള്ള പ്രമുഖ നേതാവാണ് 63 കാരനായ ലക്ഷ്മണൻ സാവഡി.യദിയുരപ്പ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്ന സാവഡിക്ക് ബെലഗാവിയിലെ (ബെല്‍ഗാം) അത്താനി മണ്ഡലമായിരുന്നു നോട്ടം. ബിജെപി സീറ്റു നിഷേധിച്ചതോടെ അദ്ദേഹം കോണ്‍ഗ്രസ്സില്‍ ചേരുമെന്നും അതല്ല സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും കരുതപ്പെടുന്നു. ഷെട്ടറും, സാവഡിയും ബിജെപിക്ക് എതിരെ തിരിയുന്ന പക്ഷം അത് പാര്‍ട്ടിക്ക് ഉത്തര കര്‍ണ്ണാടക മേഖലയിലാകെ തിരിച്ചടിയുണ്ടാക്കാന്‍ ഇടവരുത്തുമെന്ന വിലയിരുത്തലുകളും രാഷ്ട്രീയ നിരീക്ഷകര്‍ നടത്തുന്നു. തീരദേശ ജില്ലകള്‍ കഴിഞ്ഞാല്‍ ബിജെപി യുടെ പ്രധാന ശക്തി കേന്ദ്രങ്ങളാണ് ഉത്തര കര്‍ണ്ണാടക പ്രദേശം. മുതിര്‍ന്ന നേതാവും മറ്റൊരു ഉപമുഖ്യമന്ത്രിയുമായിരുന്ന കെഎസ്സ് ഈശ്വരപ്പ മത്സരരംഗത്തില്ലെന്നു പ്രഖ്യാപിച്ചു. മുന്‍മുഖ്യമന്ത്രി യദിയുരപ്പയെ പോലെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുകയാണെന്നാണ് 75 കാരനായ ഈശ്വരപ്പ പറയുന്നത്.
അടുത്തമാസം 10 ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള 189 സ്ഥാനാര്‍ത്ഥികളുടെ ആദ്യപട്ടിക ബിജെപി ചൊവ്വാഴ്‌ച്ച പുറത്തിറക്കി. അതില്‍ 52 പേരും പുതുമുഖങ്ങളാണ്. മൊത്തം 224 നിയമസഭ സീറ്റുകളാണ് കര്‍ണ്ണാടകത്തില്‍. മെയ് മാസം 10 ന് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള ആദ്യപട്ടിക പുറത്തു വന്നതോടെ സംസ്ഥാന ബിജെപി യില്‍ ആകെ അസ്വാരസ്യങ്ങളാണ്. സീറ്റു നിഷേധിക്കപ്പെട്ടവര്‍ പരസ്യമായ പ്രതിഷേധങ്ങളുമായി രംഗത്തു വന്നു കഴിഞ്ഞു. ബാക്കിയുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക കൂടി പുറത്തു വരുന്നതോടെ പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇപ്പോഴത്തെ പ്രതിഷേധങ്ങളെ മുഖവിലയക്ക് എടുക്കേണ്ടതില്ലെന്നാണ് ബിജെപി യുടെ നേതൃത്വത്തിന്റെ വിലയിരുത്തല്‍. പ്രചാരണം ചൂടു പിടിക്കുന്നതോടെ പ്രതിഷേധങ്ങള്‍ താനെ ഇല്ലാതാവുമെന്നും അണികൾ പാര്‍ട്ടിക്കൊപ്പം നിലയുറപ്പിക്കുമെന്നും നേതൃത്വം കരുതുന്നു.