മത്സരപരീക്ഷകളില്‍ ഹിജാബ് നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍
മത്സരപരീക്ഷകളില്‍ ഹിജാബ് അനുവദിച്ച തീരുമാനം പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍. നേരത്തെ പരീക്ഷകളില്‍ ശിരോവസ്ത്രം ധരിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ കര്‍ണാടക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എക്‌സാമിനേഷന്‍ കമ്മിറ്റിയുടേതാണ് പുതിയ തീരുമാനം. കോപ്പിയടി പോലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനാണ് വിലക്കെന്നാണ് വിശദീകരണം.
നിലവില്‍ ഹിജാബ് നിരോധന നിയമം നിലനില്‍ക്കുന്നതിനാല്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്ത് വോട്ടെടുപ്പ് അടക്കം നടത്തിയശേഷം മാത്രമേ പുതിയ ഉത്തരവ് നടപ്പിലാക്കാനാവൂ. നവംബര്‍ 18, 19 തീയതികളിലായി വിവിധ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പരീക്ഷകള്‍ നടക്കാനിരിക്കെയാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ണാടക എക്‌സാമിനേഷന്‍ അതോറിറ്റി നടത്തുന്ന പരീക്ഷകളില്‍ ഹിജാബ് ധരിക്കാമെന്ന് കഴിഞ്ഞ ഒക്‌ടോബറിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഈ ഉത്തരവാണ് സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്.
തടസ്സം നിയമനിര്‍മാണമോ?
ഹിജാബ് എന്ന് ഉത്തരവില്‍ പ്രതിപാദിക്കുന്നില്ല. തല, വായ, ചെവി ഇവ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ പരീക്ഷകളില്‍ ഒഴിവാക്കണമെന്നാണ് പറയുന്നത്. ബ്ലൂടൂത്ത് പോലുള്ള സാങ്കേതിക വിദ്യകളുടെ ഉപയോഗം നിരോധിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഉത്തരവില്‍ പറയുന്നത്. മുമ്പ് മത്സരപരീക്ഷകളില്‍ ശിരോവസ്ത്രം ധരിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത് പിന്‍വലിച്ചാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. നിരോധനം താല്ക്കാലികമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കര്‍ണാടകയില്‍ മുന്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഹിജാബ് നിരോധന നിയമത്തില്‍ കഴിഞ്ഞ ഒക്‌ടോബറിലാണ് നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇളവ് നല്‍കിയത്. എന്നാല്‍ നിയമക്കുരുക്കുണ്ടായേക്കാമെന്നതിനാലാണ് എക്‌സാമിനേഷന്‍ കമ്മിറ്റി ഹിജാബ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയത്. കോണ്‍ഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഹിജാബ് നിരോധനം പിന്‍വലിക്കുക എന്നത്. ഇന്ത്യയൊരു മതേതര രാജ്യമാണെന്നും ആളുകള്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി എംസി സുധാകര്‍ നേരത്തെ പറഞ്ഞിരുന്നു.
നവംബര്‍ ആറിന് നടന്ന പരീക്ഷയില്‍ സ്ത്രീകളോട് താലിമാല മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. ഹിന്ദുത്വ ഗ്രൂപ്പുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉത്തരവ് പിന്നീട് പിന്‍വലിച്ചു. 2022 ഫെബ്രുവരിയില്‍ ബിജെപി സര്‍ക്കാര്‍ കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. തുടര്‍ന്ന് മാര്‍ച്ചില്‍ ഈ ഉത്തരവ് ഹൈക്കോടതി വിശാലബെഞ്ച് ശരിവയ്ക്കുകയും ചെയ്തു. കൂടാതെ സുപ്രീംകോടതിയുടെ ഭിന്നവിധിയും ഹിജാബ് നിരോധനം ശരിവച്ചിരുന്നു.