
ലൈംഗിക പീഡന കേസ് മുൻ എംപി പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി
ലൈംഗിക പീഡന പരാതിയിൽ വിചാരണ തടവിൽ കഴിയുന്ന ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി. പ്രജ്വലിനെതിരെ ആദ്യമായി പീഡന പരാതി നൽകിയ പരാതിക്കാരിയുടെ, മകളെ പീഡിപ്പിച്ചുവെന്ന കേസിലാണ് പ്രജ്വലിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. നിലവിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയാണ് പ്രജ്വൽ.
പ്രജ്വലിനെതിരെ ലൈംഗികാരോപണം ആരോപിച്ച് ജൂൺ 12 നാണ് യുവതി ബെംഗളൂരുവിലെ സിഐഡിയുടെ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. പ്രജ്വൽ പീഡിപ്പിച്ച വീട്ടുവേലക്കാരിയുടെ മകളാണ് പരാതിക്കാരി. തന്റെ അമ്മയെ പീഡിപ്പിച്ച ദൃശ്യങ്ങൾ പകർത്തുകയും, അത് വെച്ച് ഭീഷണിപ്പെടുത്തി തന്നെയും പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി മൊഴി നൽകുകയായിരുന്നു.
പരാതിക്കാരിയുടെ അമ്മ നൽകിയ ആദ്യ പീഡനപരാതിയിൽ അന്വേഷണം ആരംഭിക്കുകയും തുടർന്ന് പ്രജ്വലിന്റെ ലൈംഗിക വൈകൃതം പുറത്തു വരുകയായിരുന്നു. പീഡന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയും, അതുപയോഗിച്ച് ഇരകളെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിലുണ്ട്.
പ്രജ്വൽ 56 സ്‌ത്രീകളെ പീഡിപ്പിച്ചതായാണ് പോലീസ് കുറ്റപത്രത്തിലുള്ളത്. പീഡിപ്പിക്കപ്പെട്ടവരിൽ പ്രജ്വലിന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന രണ്ടുപേരും, ഒരു വനിതാ നേതാവും ഒരു വീട്ടമ്മയുമടക്കം നാലു പേരാണ് പരാതി നൽകിയത്.
ഹൊലേനരസിപുര ടൗൺ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രജ്വൽ ജർമ്മനിയിൽ ഒളിവിൽ പോയിരുന്നു. തുടർന്ന് തിരിച്ചു വന്ന പ്രജ്വലിനെ ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് എസ്ഐടി അറസ്റ്റ് ചെയ്യുകയായിരുന്നു.


