TMJ
searchnav-menu
post-thumbnail

Representational Image: PTI

TMJ Daily

കർണാടക മുസ്ലീം സംവരണം; സ്റ്റേ മെയ് ഒൻപതു വരെ നീട്ടി

25 Apr 2023   |   2 min Read
TMJ News Desk

ർണാടകയിൽ നാലു ശതമാനം മുസ്ലീം സംവരണം നിർത്തലാക്കിയ സർക്കാർ തീരുമാനത്തിന്മേൽ മെയ് ഒൻപതു വരെ സ്റ്റേ തുടരുമെന്ന് സുപ്രീം കോടതി. സംവരണം റദ്ദാക്കിയ തീരുമാനത്തിന് എതിരായ ഹർജികൾ മെയ് ഒൻപതിന് സുപ്രീം കോടതി പരിഗണിക്കും. ഇന്ന് സുപ്രീം കോടതിയിൽ കർണാടക സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. സ്വവർഗ വിവാഹ കേസിൽ വാദിക്കേണ്ടതിനാലാണ് സമയം നീട്ടി ആവശ്യപ്പെടുന്നതെന്നും ഇന്ന് തന്നെ സത്യവാങ്മൂലം സമർപ്പിക്കുമെന്നും തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ സംവരണ കേസ് ഇതിനോടകം തന്നെ നാല് തവണ മാറ്റിയതാണെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ കോടതിയെ ഓർമിപ്പിച്ചു. അടുത്ത വാദം കേൾക്കുന്നത് വരെ സർക്കാർ തീരുമാനം നടപ്പാക്കരുതെന്ന് മാർച്ച് 30 ന് കോടതി ഉത്തരവിട്ടിരുന്നു. 

നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാർച്ചിലാണ് കർണാടകയിൽ ബസവരാജ് ബൊമ്മ സർക്കാർ മുസ്ലീം സംവരണം റദ്ദാക്കിയത്. ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലനിന്നിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കാനാണ് കർണാടക മന്ത്രിസഭ തീരുമാനിച്ചിത്. മുസ്ലീങ്ങളുടെ 4 ശതമാനം ക്വാട്ട വൊക്കലിഗകൾക്കും (2 ശതമാനം), ലിംഗായത്തുകൾക്കും (2 ശതമാനം) നൽകാനാണ് തീരുമാനം ഉണ്ടായത്. എന്നാൽ കർണാടക സർക്കാരിന്റെ ഈ തീരുമാനം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. സർക്കാരിന്റെ നടപടിയിൽ തെറ്റുപറ്റിയെന്ന സംശയവും കോടതി പ്രകടിപ്പിച്ചു. സംവരണം റദ്ദാക്കിയതിനെതിരെ സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതി ഏപ്രിൽ 12 ന് സർക്കാർ തീരുമാനം സ്റ്റേ ചെയ്തത്.

കർണാടക സർക്കാരിന്റെ നടപടിക്കെതിരെ സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജികളിൽ സംവരണം റദ്ദാക്കിയതിന്റെ യുക്തി ചോദ്യം ചെയ്യുന്നു. ഭരണഘടന ഉറപ്പു നൽകുന്ന സമത്വം, മതനിരപേക്ഷത എന്നിവ ലംഘിക്കപ്പെടുന്നതായും, കർണാടകയിലെ ജനസംഖ്യയിൽ 13 ശതമാനം മുസ്ലീങ്ങളാണെന്നും അവർക്കെതിരെയുള്ള വിവേചനമാണ് ഇതെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ വിവിധ സമുദായങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യം പഠിക്കാൻ ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു എന്നും ഈ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് സംവരണം റദ്ദാക്കിയതെന്നുമാണ് സർക്കാർ ന്യായീകരണം. അതേസമയം, കമ്മീഷന്റെ റിപ്പോർട്ടിൽ സുപ്രീംകോടതി സംശയം പ്രകടിപ്പിക്കുകയും, മുസ്ലീം സംവരണം റദ്ദാക്കാൻ കാരണമായ കാര്യങ്ങൾ തെളിവ് സഹിതം ഹാജരാക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം എന്ന കണക്ക് എങ്ങനെയാണ് വന്നതെന്നും വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു. 2013ൽ അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാരാണ് മുസ്ലിങ്ങൾക്ക് സംവരണം നൽകിയത്.

കർണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ കൈക്കൊണ്ട തീരുമാനത്തിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. ദക്ഷിണേന്ത്യയിൽ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കർണാടക. ബിജെപിയേയും കോൺഗ്രസിനേയും സംബന്ധിച്ച് ഏറെ നിർണായകമായ തെരഞ്ഞെടുപ്പാണ് മുന്നിലുള്ളത്.


#Daily
Leave a comment