
കേക്കുകളിൽ കാൻസറിന് കാരണമാകുന്ന ചേരുവകൾ, മുന്നറിയിപ്പുമായി കർണ്ണാടക
12 സാമ്പിളുകളിൽ നിന്ന് കാൻസറിന് കാരണമായേക്കാവുന്ന ചേരുവകൾ കണ്ടെത്തിയതിനെ തുടർന്ന്, ജനപ്രിയ മധുരപലഹാരമായ കേക്ക് ഉണ്ടാക്കുന്ന ആരോഗ്യപരമായ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് കർണ്ണാടക സർക്കാർ.
ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് കോട്ടൺ കാൻഡിയിലും ഗോപീ മഞ്ചൂരിയനിലും റോഡാമൈൻ ബി ഉൾപ്പെടെയുള്ള ഫുഡ് കളർ ഉപയോഗിക്കുന്നത് കർണ്ണാടക നിരോധിച്ചതിന് മാസങ്ങൾക്ക് ശേഷമാണ് ഈ നിർദ്ദേശം വന്നത്.
ബെംഗളൂരുവിലെ ബേക്കറികളിൽ നിന്ന് ശേഖരിച്ച 12 കേക്ക് സാമ്പിളുകളിൽ അർബുദത്തിന് കാരണമായ നിരവധി പദാർത്ഥങ്ങൾ കണ്ടെത്തിയതായി കർണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് പറഞ്ഞു.
വിശദവിവരങ്ങൾ അനുസരിച്ച്, സംസ്ഥാന സർക്കാർ പരിശോധിച്ച 235 കേക്ക് സാമ്പിളുകളിൽ 223 എണ്ണം സുരക്ഷിതമാണെന്നും, 12 എണ്ണത്തിൽ അപകടകരമായ കൃത്രിമ കളറുകൾ അടങ്ങിയിട്ടുണ്ട് കണ്ടെത്തിയത്.
റെഡ് വെൽവെറ്റ്, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങിയ ജനപ്രിയ കേക്ക് ഇനങ്ങൾ, ഇത്തരത്തിലുള്ള നിരവധി ആകർഷണീയമായ നിറങ്ങൾ ചേർത്താണ് നിർമ്മിച്ചിരിക്കുന്നത്, ഇവ കാര്യമായ ആരോഗ്യ അപകടങ്ങൾ ഉണ്ടാക്കുന്നുവെന്ന് കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞു.
അല്ലുറ റെഡ്, സൺസെറ്റ് യെല്ലോ എഫ്‌സിഎഫ്, പോൺസോ 4ആർ, ടാർട്രാസൈൻ, കാർമോയ്‌സിൻ തുടങ്ങിയ കേക്കുകളിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ബേക്കറികൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
കൃത്രിമ നിറങ്ങളുടെ ഉയർന്ന ഉപയോഗം കാൻസർ സാധ്യത വർദ്ധിപ്പിക്കുക മാത്രമല്ല മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് കർണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് പറഞ്ഞു.