കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എസി മൊയ്തീന്‍ തിങ്കളാഴ്ച ഹാജരാകണം
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ മുന്‍ മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എസി മൊയ്തീന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച കൊച്ചി ഇഡി ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. കൂടാതെ, 10 വര്‍ഷത്തെ നികുതി രേഖകള്‍ സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ന് ഹാജരാകാനായിരുന്നു ഇഡി നേരത്തെ നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, ഹാജരാകുന്നതില്‍ മൊയ്തീന്‍ അസൗകര്യം അറിയിക്കുകയായിരുന്നു. തുടര്‍ച്ചയായ അവധിമൂലം ഇന്‍കം ടാക്‌സ് റിട്ടേണ്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തതിനാല്‍ മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയ്തീന്‍ മറുപടി നല്‍കി. തുടര്‍ന്നാണ് തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നടന്നത് കോടികളുടെ ഇടപാട്
2021 ജൂലൈയിലാണ് കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് വിവരം പുറത്തുവരുന്നത്. ഓഗസ്റ്റിലായിരുന്നു ഇഡി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ബാങ്കില്‍ ഈടില്ലാതെ വായ്പകള്‍ക്ക് അംഗീകാരം നല്‍കിയതായാണ് ഇഡിയുടെ കണ്ടെത്തല്‍. ബാങ്കിന്റെ സൊസൈറ്റി അംഗങ്ങള്‍ അറിയാതെ വായ്പകള്‍ അംഗീകരിക്കുകയും തുക വിതരണം ചെയ്യുകയും ചെയ്തുവെന്നും ഇഡി പറയുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്. 300 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് ആരോപണം. കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ഏറ്റെടുത്തത്. പരാതിയെ തുടര്‍ന്ന് പതിറ്റാണ്ടുകളായി സിപിഎം നിയന്ത്രണത്തിലുണ്ടായ ബാങ്ക് ഭരണസമിതിയെ പിരിച്ചുവിടുകയായിരുന്നു.
മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീമും മൊയ്തീനും പണമിടപാടുമായി ബന്ധപ്പെട്ട് ഫോണ്‍ സംഭാഷണങ്ങള്‍ നടന്നതായും മൊയ്തീന്‍ നിര്‍ദേശിക്കുന്നവര്‍ക്ക് കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ചതായും ഇഡി പറയുന്നു. മൊയ്തീനെ കൂടാതെ അനില്‍ സുഭാഷ്, സതീഷ്, ഷിജു, റഹീം എന്നിവരുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തി.
2011-12 വര്‍ഷം മുതല്‍ തട്ടിപ്പ് നടന്നെന്നാണ് പരാതി. വ്യാജരേഖകള്‍ ചമച്ചും മൂല്യം ഉയര്‍ത്തിക്കാണിച്ചും ക്രമരഹിതമായി വായ്പ അനുവദിച്ചും ക്രമക്കേട് കാണിച്ചെന്നാണ് കണ്ടെത്തല്‍. സിപിഎം മുന്‍ പ്രവര്‍ത്തകനും ബാങ്ക് ജീവനക്കാരനുമായ എംവി സുരേഷാണ് പരാതി നല്‍കിയത്. സഹകരണ വകുപ്പിനു പിന്നാലെ വിജിലന്‍സ്, ഇഡി, സിബിഐ എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു.
ആഗസ്റ്റ് 22 ന് എസി മൊയ്തീന്റെ തൃശ്ശൂരിലെ വീട്ടില്‍ ഇഡി 22 മണിക്കൂര്‍ നീണ്ട റെയ്ഡ് നടത്തിയിരുന്നു. കൊച്ചിയില്‍ നിന്ന് ഇഡി അഡീഷണല്‍ ഡയറക്ടര്‍ ആനന്ദന്റെ നേതൃത്വത്തിലുള്ള 12 അംഗസംഘമാണു മൊയ്തീന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്. റെയ്ഡിനെ തുടര്‍ന്ന് പതിനഞ്ചു കോടിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയതായും ഇഡി വ്യക്തമാക്കി. 28 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചതായും ഇഡി അറിയിച്ചു.
പരിശോധന ആസൂത്രിതം
22 മണിക്കൂറിലധികം സമയം തന്റെ വീട്ടില്‍ ഇഡി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധന ആസൂത്രിതവും അജണ്ടയുടെ ഭാഗവുമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എസി മൊയ്തീന്‍ എംഎല്‍എ പറഞ്ഞിരുന്നു. വീടിന്റെ മുക്കും മൂലയും ഇഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വീട് പരിശോധിക്കണമെന്ന് പറഞ്ഞപ്പോള്‍ പൂര്‍ണമായി താനതിനോട് സഹകരിച്ചെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടത് അനുസരിച്ച് വീടിന്റെ രേഖ, വായ്പ രേഖകള്‍, വസ്തു സംബന്ധമായ രേഖകള്‍ എല്ലാം കൈമാറി എന്നും മൊയ്തീന്‍ പറഞ്ഞു.
'ക്രമരഹിതമായി വായ്പ നല്‍കാന്‍ ഞാന്‍ മാനദണ്ഡങ്ങള്‍ മാറ്റാന്‍ പറഞ്ഞുവെന്നാണ് ആക്ഷേപം. ബോധപൂര്‍വമുള്ള പരിശോധനയായാണ് എനിക്കു തോന്നിയത്. ഒരു ബാങ്കിലും ഞാന്‍ ഇടപെടല്‍ നടത്തിയിട്ടില്ല. വീട്ടില്‍ നിന്ന് ഒരു സാധനവും പരിശോധനയ്ക്കു വന്നവര്‍ കൊണ്ടുപോയിട്ടില്ല' എന്നും മൊയ്തീന്‍ വ്യക്തമാക്കിയിരുന്നു.