TMJ
searchnav-menu
post-thumbnail

സുപ്രീംകോടതി | PHOTO: PTI

TMJ Daily

കശ്മീരിന് പരമാധികാരമില്ല; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി സുപ്രീംകോടതി

11 Dec 2023   |   2 min Read
TMJ News Desk

മ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവച്ച് സുപ്രീംകോടതി. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അനുച്ഛേദം 370 യുദ്ധസാഹചര്യത്തില്‍ താല്കാലികമായി പ്രത്യേകം ചേര്‍ത്തതാണെന്നും കോടതി പറഞ്ഞു. ഇത് വിഭജനത്തിനല്ല ഏകീകരണത്തിനുവേണ്ടി ഉണ്ടാക്കിയതായിരുന്നുവെന്നും പറഞ്ഞ കോടതി രാഷ്ട്രപതിയുടെ രണ്ട് ഉത്തരവുകളും ശരിവച്ചു. 

ജമ്മു കശ്മീരിന് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രത്യേക അവകാശങ്ങളില്ല. ഭരണഘടന അസംബ്ലി ഇല്ലാതായതോടെ അനുച്ഛേദം 370 നു നല്‍കിയ പ്രത്യേക അവകാശങ്ങളും ഇല്ലാതായി എന്ന് കോടതി പറഞ്ഞു. 2024 സെപ്തംബര്‍ 30 നകം കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. 

അഞ്ചംഗ ബെഞ്ചില്‍ മൂന്നു വിധിന്യായങ്ങളാണ് ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചത്. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ എത്രയുംവേഗം നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. രാഷ്ട്രപതിയുടെ തീരുമാനം ഭരണഘടനാപരമോ, 370-ാം അനുച്ഛേദം സ്ഥിരമോ താല്കാലികമോ, നിയമസഭ പിരിച്ചുവിട്ടത് നിയമപരമോ, രണ്ടായി വിഭജിച്ചത് ശരിയോ തുടങ്ങിയ കാര്യങ്ങളാണ് കോടതി പരിശോധിച്ചത്. മൂന്നു വിധികളാണ് പറയുന്നതെങ്കിലും തീരുമാനം ഏകകണ്ഠമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. 

ആര്‍ട്ടില്‍ 370 താല്കാലികം

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി 2019 ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. ഇതോടൊപ്പം സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. ഈ രണ്ടുനടപടികളെയും ചോദ്യം ചെയ്തുള്ള 23 ഹര്‍ജികളാണ്, ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ച് പരിഗണിച്ചത്. 

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടി ഹര്‍ജിക്കാര്‍ പ്രത്യേകം ചോദ്യം ചെയ്യാത്തതിനാല്‍ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതിനുള്ള 370-ാം വകുപ്പ് ഭരണഘടനയില്‍ താല്കാലികമായി ഉള്‍പ്പെടുത്തിയതാണ് എന്ന വാദമാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാനമായും ഉന്നയിച്ചത്. പ്രത്യേക പദവി എടുത്തുകളഞ്ഞശേഷം വിഘടനവാദത്തിനും അക്രമങ്ങള്‍ക്കും കുറവുണ്ടായതായും കേന്ദ്രം പറഞ്ഞു. എന്നാല്‍ 1957 ല്‍ ജമ്മു കശ്മീര്‍ ഭരണഘടനാ നിര്‍മാണസഭ ഇല്ലാതായതോടെ 370-ാം വകുപ്പിനു സ്ഥിരസ്വഭാവം കൈവന്നു എന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. 

അനുച്ഛേദം 370 റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവിനെ ചോദ്യം ചെയ്യുന്ന ആദ്യ ഹര്‍ജി സമര്‍പ്പിച്ചത് അഭിഭാഷകന്‍ എംഎല്‍ ശര്‍മയായിരുന്നു. പിന്നീട് ജമ്മു കശ്മീരില്‍ നിന്നുള്ള മറ്റൊരു അഭിഭാഷകന്‍ ഷാക്കിര്‍ ഷബീറും കക്ഷി ചേരുകയായിരുന്നു. സെപ്തംബര്‍ അഞ്ചിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 16 ദിവസം ഹര്‍ജിക്കാരുടെയും കേന്ദ്രത്തിന്റെയും ജമ്മു കശ്മീര്‍ ഭരണകൂടത്തിന്റെയും വാദം കേട്ടശേഷം വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു. 

എന്താണ് ആര്‍ട്ടിക്കിള്‍ 370

ജമ്മു കശ്മീരിന് പ്രത്യേക സംസ്ഥാന പദവി നല്‍കുന്നതാണ് ഭരണഘടനയിലെ 370-ാം അനുച്ഛേദം. ഇതുപ്രകാരം പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവയൊഴികെയുള്ള മറ്റ് ഇന്ത്യന്‍ നിയമങ്ങള്‍ ജമ്മു കശ്മീരില്‍ ബാധകമാകില്ല. മറ്റ് നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുവാദം വേണം. പൗരത്വം, ഭൂവുടമസ്ഥാവകാശം, മൗലികാവകാശങ്ങള്‍ എന്നിവയിലെല്ലാം ഇതു ബാധകമായിരുന്നു. അന്യസംസ്ഥാനക്കാരായവര്‍ക്ക് ഇവിടെ ഭൂമി വാങ്ങാനോ സര്‍ക്കാര്‍ ജോലികള്‍ നേടാനോ, സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാനോ അവകാശമില്ല. ഭരണഘടനയുടെ 21-ാം വിഭാഗത്തിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിക്കൊണ്ടുള്ള 370-ാം വകുപ്പ് നിലകൊള്ളുന്നത്. 

2019 ല്‍ രാജ്യത്തിന്റെ ഐക്യത്തിന് ഹാനികരം എന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തത്. ഇതുസംബന്ധിച്ച പ്രമേയം രാജ്യസഭയില്‍ അവതരിപ്പിച്ചു. രാഷ്ട്രപതി ഉത്തരവും പുറത്തിറക്കിയിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദായതോടെ ജമ്മു കശ്മീരിന് പ്രത്യേക പദവിയും അധികാരവും നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35A യും ഇല്ലാതായി.

#Daily
Leave a comment