
കത്വ ഏറ്റുമുട്ടൽ: ജമ്മുവിൽ വ്യാപക പ്രതിഷേധം
ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ജമ്മു മേഖലയിലെ പല ഭാഗങ്ങളിലും പ്രതിഷേധങ്ങള്‍ അരങ്ങേറി. മേഖലയില്‍ നിന്ന് തീവ്രവാദികളെ നീക്കം ചെയ്യുന്നതിനായുള്ള തയ്യാറെടുപ്പുകള്‍ ഉടന്‍ ആരംഭിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പാകിസ്ഥാനെതിരെ കോണ്‍ഗ്രസ്, ബിജെപി, ശിവസേന ദോഗ്ര ഫ്രണ്ട്, രാഷ്ട്രീയ ബജ്റംഗ് ദള്‍ എന്നിവര്‍ പ്രതിഷേധ പ്രകടനങ്ങളും നടത്തി.
ഭീകരതയ്ക്കെതിരെയും സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കുന്നതുമായ പ്ലക്കാര്‍ഡുകളേന്തി അവര്‍ പാകിസ്ഥാനും ഭീകരവാദികള്‍ക്കുമെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചു. ബിജെപി തങ്ങളുടെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് മാത്രമല്ല, ജമ്മു പ്രവിശ്യയ്ക്ക് ഭീകരതയാണ് സമ്മാനിച്ചതെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് രാമന്‍ ഭല്ല ആരോപിച്ചു.പാര്‍ട്ടി ഭരണത്തിന്‍ കീഴില്‍ അരാജകത്വത്തിലേക്ക് തള്ളിവിടപ്പെട്ട പ്രദേശമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. നിരവധി ഭീകരാക്രമണങ്ങളും സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലുകളും മൂലം ശ്രദ്ധേയമായ ജമ്മു മേഖലയിലെ സുരക്ഷാ സ്ഥിതി വഷളാകുന്നത് പരിഹരിക്കുന്നതില്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആക്ഷേപിച്ചു.
ജമ്മു കശ്മീരിലെ കത്വയില്‍ വ്യാഴാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് നാല് പോലീസുകാര്‍ കൊല്ലപ്പെടുന്നത്. രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഹിരാനഗര്‍ സബ്ഡിവിഷനിലെ വന മേഖലയിലാണ് വെടിവയ്പ്പുണ്ടായത്. അഞ്ചു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു.


