കെ കവിത | Photo: PTI
കവിത ഇഡിക്കു മുന്നിൽ ഹാജരായില്ല; പകരം ആളെ അയച്ചു
ഭാരത രാഷ്ട്ര സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ കവിത ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായില്ല. ബിആർഎസ് ജനറൽ സെക്രട്ടറി സോമ ഭാരത് കുമാറിനെ ഇഡി ഓഫീസിലേക്ക് തന്റെ തീരുമാനം അറിയിക്കാൻ അവർ അയയ്ക്കുകയായിരുന്നു. നേരിട്ട് ഹാജരാകാൻ സമൻസ് ആവശ്യപ്പെടാത്തതിനാലാണ് തന്റെ പ്രതിനിധിയെ അയയ്ക്കുന്നതെന്ന് ഇഡിക്ക് അയച്ച കത്തിൽ കവിത പറഞ്ഞു. ഇഡി ഓഫീസിലേക്ക് വിളിപ്പിച്ചത് തികച്ചും നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കവിതയുടെ അഭിഭാഷകൻ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് മാർച്ച് 24 ന് വാദം കേൾക്കാൻ ഇരിക്കെയാണ് മാർച്ച് 20 ന് നേരിട്ട് ഹാജരാകണം എന്നറിയിച്ചു കൊണ്ട് കവിതയ്ക്ക് ഇഡി പുതിയ സമൻസ് വീണ്ടും അയച്ചിരിക്കുന്നത്.
ഡൽഹി മദ്യനയ അഴിമതി കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടു കൊണ്ട് മാർച്ച് 9 ന് ഇഡി നോട്ടീസ് അയച്ചിരുന്നു. തുടർന്ന് മാർച്ച് പതിനൊന്നിന് കവിത ഹാജരായിരുന്നു. ഇന്ന് മൂന്നാമതും ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോഴാണ് കവിത പകരം ആളെ അയച്ചത്. തെലങ്കാന എന്ന പ്രത്യേക സംസ്ഥാനത്തിന് വേണ്ടിയുള്ള ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ പങ്കുചേർന്നാണ് കെ കവിത തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. അതിനായി പ്രത്യേക എൻജിഓ സ്ഥാപിച്ചുകൊണ്ട് സ്ത്രീകളെയും യുവജനങ്ങളെയും അവർ നിരത്തിലിറക്കി. 2014 ലെ തെലങ്കാന രൂപീകരണത്തോടെ കവിത നിസാമാബാദ് മണ്ഡലത്തിൽ നിന്നും ലോക്സഭയിലേയ്ക്ക് മത്സരിച്ചു. 170,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തെലങ്കാനയിൽ നിന്നുള്ള ആദ്യ വനിതാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇഡി സമൻസിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് കെ കവിത ആരോപിച്ചു.