PHOTO: PTI
കെജ്രിവാള്‍ ജയിലിലേക്ക്; ഏപ്രില്‍ 15 വരെ കസ്റ്റഡിയില്‍
മദ്യനയ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലേക്ക്. ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കെജ്രിവാളിനെ തിഹാര്‍ ജയിലിലേക്ക് മാറ്റും. 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടത്. ഡല്‍ഹി റോഡ് അവന്യൂ കോടതിയുടേതാണ് ഉത്തരവ്. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇന്ന് രാവിലെയാണ് ഇഡി കെജ്രിവാളിനെ കോടതിയില്‍ ഹാജരാക്കിയത്. ഇഡിക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്വി രാജുവാണ് ഹാജരായത്.
സെന്തില്‍ ബാലാജിയുടെ കേസിലെ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കെജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്ന് ഇഡി ആവശ്യപ്പെട്ടത്. കെജ്രിവാള്‍ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് ഇഡി കോടതിയെ അറിയിക്കുകയായിരുന്നു. മാര്‍ച്ച് 21 നാണ് മദ്യനയക്കേസില്‍ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് ഇഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ഒമ്പത് തവണ സമന്‍സ് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന സാഹചര്യത്തിലായിരുന്നു അറസ്റ്റ്. അറസ്റ്റിലായത് മുതല്‍ ജയിലില്‍ നിന്നായിരുന്നു കെജ്രിവാള്‍ ഭരണം നടത്തിയത്.
മദ്യനയക്കേസ്
വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ കീഴിലായിരുന്ന മദ്യവില്‍പനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ കെജ്രിവാള്‍ സര്‍ക്കാര്‍ നടപ്പാക്കിയ നയത്തില്‍ അഴിമതിയുണ്ടെന്നാണ് കേസ്. ചില സ്വകാര്യ കമ്പനികള്‍ക്ക് മൊത്തവ്യാപാര ലാഭത്തിന്റെ 12 ശതമാനം നല്‍കാനുള്ള നയത്തിന്റെ ഭാഗമായാണ് എക്സൈസ് നയം നടപ്പിലാക്കിയതെന്നാണ് ഇഡിയുടെ ആരോപണം. 2021 നവംബര്‍ 17 നാണ് ഡല്‍ഹി സര്‍ക്കാര്‍ മദ്യനയം പ്രാബല്യത്തില്‍ വരുത്തിയത്. ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേനയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ക്രമക്കേട് ചൂണ്ടിക്കാട്ടി സിബിഐ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതോടെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ 2022 ജൂലൈ 31 നു മദ്യനയം പിന്‍വലിച്ചു. മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇതുവരെ കെജ്രിവാളിന് പുറമെ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭ എംപി സഞ്ജയ് സിങ്, ആം ആദ്മി നേതാവ് വിജയ് നായര്‍ എന്നിവരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്.