കെജ്രിവാളിന്റെ ജാമ്യം: ഹൈക്കോടതി വിധി വരട്ടെയെന്ന് സുപ്രീംകോടതി
ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ കെജ്രിവാളിന്റെ ജാമ്യം തടഞ്ഞ ഡല്‍ഹി ഹൈക്കോടതി നടപടി അസാധാരണമാണെന്ന് സുപ്രീംകോടതി. ഹൈക്കോടതിയുടെ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. വിചാരണ കോടതി അനുവദിച്ച ജാമ്യമാണ് ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തത്.
ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പുറത്തുവരും മുമ്പ് തീരുമാനമെടുക്കുന്നില്ലെന്നും ഇപ്പോള്‍ തീരുമാനമെടുത്താല്‍ അത് മുന്‍വിധിയാകും. ഹൈക്കോടതി ഉത്തരവ് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് ഹാജരാക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. കേസ് പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസുമാരായ മനോജ് മിശ്ര, എസ് വി എന്‍ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി ബുധനാഴ്ചത്തേക്ക് മാറ്റിയത്.
കെജ്രിവാള്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജാമ്യത്തില്‍ പുറത്തിറങ്ങാനിരിക്കെയായിരുന്നു ഇഡി ഹൈക്കോടതിയെ സമീപിച്ചത്. ഇഡിയുടെ ഹര്‍ജിയില്‍ വിധി വരുന്നതുവരെ ഉത്തരവ് നടപ്പാക്കരുതെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഹൈക്കോടതി ജസ്റ്റിസുമാരായ സുധീര്‍ കുമാര്‍ ജെയ്ന്‍, രവീന്ദ്രന്‍ ദുഡേജ എന്നിവരാണ് ജാമ്യം സ്‌റ്റേ ചെയ്തുകൊണ്ട് ഉത്തരവിട്ടത്.
ജാമ്യം അനുവദിച്ചതിന് പിന്നാലെ വിധി ചോദ്യം ചെയ്യുന്നത് അസാധാരണമാണെന്ന് കെജ്രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി സുപ്രീംകോടതിയെ അറിയിച്ചു. ജാമ്യം അനുവദിക്കാത്തത് നീതിനിഷേധമാണെന്നും സിംഗ്വി കൂട്ടിച്ചേര്‍ത്തു.