
കേരളത്തിന് ചരിത്രനേട്ടം; രാജ്യത്ത് ആദ്യമായി സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ
രാജ്യത്ത് ആദ്യമായി ഒരു സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി ചരിത്രം കുറിക്കാൻ എറണാകുളം ജനറൽ ആശുപത്രി ഒരുങ്ങുന്നു. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കര സ്വദേശി ഷിബുവിന്റെ (47) ഹൃദയമാണ് നേപ്പാൾ സ്വദേശിനിയായ ദുർഗ കാമിക്ക്(22) മാറ്റിവയ്ക്കുന്നത്. രാജ്യാതിർത്തികൾ ഭേദിച്ചുള്ള കേരളത്തിന്റെ മനുഷ്യസ്നേഹത്തിന്റെയും ആരോഗ്യസംവിധാനത്തിന്റെ കരുത്തിന്റെയും നേർസാക്ഷ്യമായി ഈ ശസ്ത്രക്രിയ മാറുകയാണ്.
ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി എന്ന ഗുരുതര ഹൃദയരോഗം ബാധിച്ച ദുർഗ കഴിഞ്ഞ ആറുമാസത്തിലേറെയായി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഹൃദയഭിത്തികൾ അസാധാരണമായി കനംകൂടുന്ന അപൂർവ രോഗാവസ്ഥയാണ് ദുർഗയ്ക്ക്. സ്വകാര്യ ആശുപത്രികളിലെ ഉയർന്ന ചികിത്സാചെലവ് താങ്ങാനാകാതെ ജനറൽ ആശുപത്രിയെ സമീപിക്കുകയായിരുന്നു. വിദേശ പൗരയായതിനാൽ അവയവദാന മുൻഗണനാ പട്ടികയിൽ ഉൾപ്പെടുന്നതിന് നിയമതടസ്സങ്ങളുണ്ടായിരുന്നു. ഹൈക്കോടതിയെ സമീപിച്ചാണ് ഇതിന് ഇളവ് നേടിയത്. അനുയോജ്യമായ ദാതാവിനെ കാത്ത് ദുർഗ മാസങ്ങളായി കേരളത്തിൽ തുടരുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച ഷിബുവിന്റെ ബന്ധുക്കൾ, പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ട വേദനയ്ക്കിടയിലും അവയവദാനത്തിന് സന്നദ്ധരായതോടെയാണ് ഈ ചരിത്രപരമായ ശസ്ത്രക്രിയയ്ക്ക് വഴിതുറന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എയർ ആംബുലൻസിലൂടെ ഹൃദയം കൊച്ചിയിലെത്തിക്കും. ഇന്ന് ഉച്ചയോടെ ശസ്ത്രക്രിയ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
ഡോ. ജോർജ് വാളൂരാന്റെ നേതൃത്വത്തിലുള്ള സംഘം ദാതാവിൽ നിന്ന് ഹൃദയം ശേഖരിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ ഡോ. ജോർജ് വാളൂരാൻ, ഡോ. ജിയോ പോൾ, ഡോ. രാഹുൽ, ഡോ. പോൾ, ഡോ. വിജോ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്. ഒരു വർഷം മുൻപ് തന്നെ ആശുപത്രി ഹൃദയമാറ്റ ശസ്ത്രക്രിയ അടക്കമുള്ളവയ്ക്ക് പൂർണ സജ്ജമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷഹീർഷ അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ തന്നെ സംസ്ഥാന അവയവദാന ഏകോപന ഏജൻസിയായ കെ–സോട്ടോ ആശുപത്രിക്ക് ലൈസൻസ് അനുവദിച്ചിരുന്നു.
ഹൃദയത്തിന് പുറമെ ഷിബുവിന്റെ രണ്ട് വൃക്കകൾ, കരൾ, നേത്രപടലങ്ങൾ, ചർമ്മം എന്നിവയും ദാനം ചെയ്യുന്നുണ്ട്. ഒരു വൃക്കയും കരളും സ്വകാര്യ ആശുപത്രിയിൽ മാറ്റിവച്ചതായും മറ്റ് അവയവങ്ങൾ വിവിധ രോഗികൾക്കായി സംരക്ഷിച്ചുവച്ചതായും അധികൃതർ അറിയിച്ചു. കേരളത്തിൽ ആദ്യമായി ചർമദാനം നടക്കുന്നതെന്ന പ്രത്യേകതയും ഈ അവയവദാന ദൗത്യത്തിനുണ്ട്. കേരളത്തിന്റെ ആരോഗ്യരംഗത്ത് രാജ്യവും ലോകവും ശ്രദ്ധിക്കുന്ന ഒരു നാഴികക്കല്ലായാണ് ഈ ശസ്ത്രക്രിയ വിലയിരുത്തപ്പെടുന്നത്.


