
ഇടക്കാല പരിശീലകന് കീഴില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം
മുഖ്യപരിശീലകന്‍ മിക്കേല്‍ സ്റ്റാറേയെ പുറത്താക്കിയശേഷം താല്‍ക്കാലിക പരിശീലകന്‍ മലയാളിയായ ടി ജി പുരുഷോത്തമന് കീഴില്‍ ഐഎസ്എല്‍ മത്സരത്തിന് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം. ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മുഹമ്മദന്‍സിനെ പരാജയപ്പെടുത്തി.
ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ 62-ാം മിനുട്ടില്‍ മുഹമ്മദന്‍സ് ഗോള്‍കീപ്പര്‍ ഭാസ്‌കര്‍ റോയിയുടെ പിഴവില്‍ നിന്നാണ്. രണ്ടാം ഗോള്‍ 80-ാം മിനിട്ടില്‍ നോവയും മൂന്നാം ഗോള്‍ കോയെഫ് 90-ാം മിനിട്ടിലും നേടി. നോവയുടെ ലീഗിലെ അഞ്ചാമത്തെ ഗോളാണ് മുഹമ്മദന്‍സിന് എതിരെ നേടിയത്. നോവ കളിയിലെ താരമായി.
ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ വഴങ്ങിയില്ലെന്നതും ശ്രദ്ധേയമായി. നിര്‍ണ്ണായക മത്സരത്തില്‍ ഗോളി സച്ചിന്‍ സുരേഷ് സുരക്ഷിതമായി ഗോള്‍വല കാത്തു.
ഇതോടെ പോയിന്റ് പട്ടികയില്‍ 13 കളികളില്‍ നാലാം ജയത്തോടെ 10-ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. തുടര്‍ച്ചയായ മൂന്ന് തോല്‍വികളോടെ ലീഗില്‍ വലഞ്ഞ ബ്ലാസ്റ്റേഴ്‌സിനെതിരെ ആരാധക്കൂട്ടമായ മഞ്ഞപ്പടയും തിരിഞ്ഞിരുന്നു. ഇതേതുടര്‍ന്ന്, മുഖ്യപരിശീലകന്‍ പുറത്തായി.
ഗോള്‍ രഹിതവും വിരസവുമായിരുന്ന ആദ്യ പകുതി. കൂടാതെ, മഞ്ഞപ്പട ആരവം മുഴക്കാതെ മൗനം പാലിക്കുകയും ചെയ്തു. ബ്ലാസ്റ്റേഴ്‌സിനെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്തു.
61-ാം മിനിട്ടില്‍ ഇടതു വിങ്ങില്‍ നിന്നും ബ്ലാസ്റ്റേഴ്‌സ് ക്യാപറ്റന്‍ ലൂണയുടെ കോര്‍ണര്‍ കിക്ക് മുഹമ്മദന്‍സ് ഗോളി ഭാസ്‌കര്‍ അനായാസമായി പിടിക്കാമായിരുന്നിട്ടും തട്ടിയകറ്റാനുള്ള ശ്രമം പരാജയപ്പെടുകയും പന്ത് ഗോള്‍ വല കടക്കുകയും ചെയ്തു. റഫറി സെല്‍ഫ് ഗോളായി പ്രഖ്യാപിക്കുകയും ചെയ്തു.
80-ാം മിനുട്ടില്‍ ബോക്‌സിന് പുറത്തുനിന്നും കോറോ നല്‍കിയ ക്രോസ് നോവ ഉയര്‍ന്നു ചാടി ഹെഡ്ഡര്‍ ചെയ്ത് മുഹമ്മദന്‍സിന്റെ ഗോള്‍വല കടന്നു. 90-ാം മിനിട്ടില്‍ ലൂണയുടെ സഹായത്തോടെ കോയെഫ് ഗോള്‍ നേടി.
ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഡിസംബര്‍ 29-ന് ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെയുള്ള എവേ മത്സരമാണ്.