
കേരള ബജറ്റ്: വയനാടിന് 750 കോടി രൂപ അനുവദിച്ചു
കേരളത്തിന് 10,000 കോടി രൂപയുടെ ബയോ എഥനോള്‍ ആവശ്യമായി വരുമെന്നും ഇതിന്റെ ഗവേഷണത്തിനും ഉല്‍പാദനത്തിനുമായി 10 കോടി രൂപ മാറ്റിവയ്ക്കുന്നതായും ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ബയോ എഥനോളിന്റെ ഉല്‍പാദനം കര്‍ഷകര്‍ക്ക് ഗുണമാണെന്നും മന്ത്രി പറഞ്ഞു. ഹൈഡ്രജന്‍ ഇന്ധനത്തിന്റെ ഉല്‍പാദനത്തിനായി ഹൈഡ്രജന്‍ വാലി പദ്ധതി ആരംഭിക്കും. ഇതിനായി അഞ്ചു കോടി രൂപ അനുവദിച്ചു.
വയനാട് പുനരധിവാസത്തിനായി 750 കോടി രൂപ പ്രഖ്യാപിച്ചു.
സഞ്ചാരികള്‍ക്കായി കെ ഹോം പദ്ധതി നടപ്പിലാക്കും. ഇതിനായി അഞ്ചു കോടി രൂപ അനുവദിച്ചു. സംസ്ഥാനത്ത് ആള്‍വാസമില്ലാത്ത വീടുകളുടെ സാധ്യതകള്‍ പരമാവധി മനസ്സിലാക്കി ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതി ആരംഭിക്കും. ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളില്‍ നിന്നും നടത്തിപ്പു രീതികള്‍ സ്വീകരിച്ച് മിതമായ നിരക്കില്‍ താമസസൗകര്യമൊരുക്കും. വീട്ടുടമയ്ക്ക് വരുമാനം ലഭിക്കും. കൂടാതെ, വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പാക്കാനാകും. ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഇതിന്റെ പൈലറ്റ് പദ്ധതി നടപ്പിലാക്കും.
കൊച്ചി ബിനാലെയ്ക്ക് ഏഴ് കോടി രൂപ അനുവദിച്ചു. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ അഞ്ചു കോടി.
കുസാറ്റിന് 69 കോടി രൂപയും മൂന്ന് സര്‍വകലാശാലകളില്‍ മികവിന്റെ കേന്ദ്രം തുടങ്ങാന്‍ 25 കോടി രൂപയും അനുവദിച്ചു. ഏഴ് മികവിന്റെ കേന്ദ്രങ്ങളാണ് സ്ഥാപിക്കുക.
തോന്നയ്ക്കല്‍ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് 212 കോടി രൂപ അനുവദിച്ചു. കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ മാറ്റി പുതിയവ വാങ്ങുന്നതിന് 100 കോടി രൂപ അനുവദിച്ചു. കോവളം- ബേക്കല്‍ ജലഗതാഗത പാതയ്ക്കായി 500 കോടി രൂപ മാറ്റിവച്ചു. ഗതാഗത ഇടനാഴി ശക്തിപ്പെടുത്തുകയും തീരദേശ ഹൈവേ വികസിപ്പിക്കുകയും ചെയ്യും. തീരദേശ ഹൈവേയുടെ ഓരോ 25 കിലോമീറ്ററിലും ഭൂമി ഏറ്റെടുക്കും.
ഇവി ചാര്‍ജിങ് സ്റ്റേഷന്‍, സൈക്ലിങ് പാത എന്നിവയുടെ എണ്ണം വര്‍ദ്ധിപ്പിക്കും. കൊല്ലത്ത് ഐടി പാര്‍ക്ക് സ്ഥാപിക്കും.
ഇന്ത്യയെ കളിപ്പാട്ട നിര്‍മ്മാണ ഹബ്ബായി മാറ്റുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായി കേരളത്തിലെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍, കുടുംബശ്രീ എന്നിവയെ സംയോജിപ്പിച്ച് പ്രാദേശികമായി കളിപ്പാട്ട ഉല്‍പ്പാദന പദ്ധതികള്‍ നടപ്പിലാക്കും. അഞ്ചു കോടി രൂപ ഇതിനായി വകയിരുത്തി.