
കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച 10.5 ശതമാനമായി ഉയര്‍ന്നു: ധനമന്ത്രി
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു. ബാലഗോപാലിന്റെ അഞ്ചാമത്തെ ബജറ്റാണിത്.
സംസ്ഥാനം ധനഞെരുക്കത്തിന്റെ തീക്ഷണമായ ഘട്ടത്തെ അതിജീവിച്ചെന്ന് ധനമന്ത്രി പറഞ്ഞു. കേരളം ധനഞെരുക്കം നേരിട്ടപ്പോള്‍ അത് മറച്ചുപിടിക്കാതെ സര്‍ക്കാര്‍ തുറന്നു പറഞ്ഞു. വികസന പ്രവര്‍ത്തനത്തെ ബാധിച്ചില്ലെന്നും കേരളം ഒരു ടേക്ക്ഓഫിന് സജ്ജമായെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചുവെന്നും മന്ത്രി പറഞ്ഞു.
നികുതി വിഹിതവും കടം വാങ്ങാനുള്ള അവകാശവും കേന്ദ്രം വെട്ടിക്കുറച്ചത് പ്രതിസന്ധിക്ക് കാരണമായെന്ന് ബാലഗോപാല്‍ പറഞ്ഞു. എന്നാല്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടു. ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിച്ചുവെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച 10.5 ശതമാനമായി ഉയര്‍ന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയത് കേരളമാണെന്ന് മന്ത്രി പറഞ്ഞു. തനത് നികുതി നികുതിയേതര വരുമാനം ഉയരുകയും റവന്യൂകമ്മിയും ധനകമ്മിയും കുറയ്ക്കാനും കഴിഞ്ഞു.
സര്‍വീസ് പെന്‍ഷന്‍ കുടിശിക വിതരണം ചെയ്യാന്‍ 600 കോടി രൂപ അനുവദിക്കും. പ്രവാസികള്‍ക്കായി വിദേശരാജ്യങ്ങളില്‍ ലോക കേരളാ കേന്ദ്രം ആരംഭിക്കും. ഇതിനായി ആദ്യഘട്ടത്തില്‍ അഞ്ച് കോടി രൂപ അനുവദിച്ചു.
കൊച്ചി മെട്രോ വികസിപ്പിക്കുകയും തിരുവനന്തപുരം മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുകയും ചെയ്യും. തെക്കന്‍ കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണശാല സ്ഥാപിക്കും. വിഴിഞ്ഞം തുറമുഖം 2028ല്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.


