
ജിഎസ്ടി പരിഷ്കരണത്തെ വിമർശിച്ച് കെ എൻ ബാലഗോപാൽ
കൃത്യമായ പഠനം നടത്താതെയാണ് കേന്ദ്ര സർക്കാർ ജിഎസ്ടി നിരക്ക് പുതുക്കിയതെന്ന് വിമർശിച്ച് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനങ്ങൾക്ക് 8000 മുതൽ 10,000 കോടി രൂപ വരെയും രാജ്യത്തിന് രണ്ടുലക്ഷം കോടി രൂപയും നഷ്ടമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നികുതി കുറയ്ക്കുന്ന സമയത്ത് പല കമ്പനികളും ഇതിന്റെ നേട്ടം ജനങ്ങളിലേക്ക് എത്തിക്കില്ലെന്നും പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സ്ഥിതി മോശമാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്തിന്റെ നഷ്ടം നികത്താൻ കോംപൻസേഷൻ സെസ് നൽകുകയോ സമാന പദ്ധതി ആവിഷ്കരിക്കുകയോ ചെയ്യണമെന്ന ആവശ്യം കേരളം മുന്നോട്ട് വച്ചിട്ടുണ്ട്.
ജിഎസ്ടി നിരക്ക് പുതുക്കിയതിന്റെ ഭാഗമായി ലോട്ടറികള്‍ക്ക് വിലകൂടില്ലെന്നും, ലോട്ടറി മേഖലയെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു. കുടുംബ ബജറ്റില്‍ ജിഎസ്ടി ഇളവ് പ്രാബല്യത്തില്‍ വന്നതോടെ 12 %, 28 % സ്ലാബുകള്‍ എടുത്തുകളഞ്ഞു. ഇതിനാൽ ഭൂരിഭാഗം നിത്യോപയോഗ സാധനങ്ങൾക്ക് വില കുറയും. കൂടാതെ അവശ്യ മരുന്നുകള്‍ക്കും ആരോഗ്യ ലൈഫ് ഇന്‍ഷുറന്‍സുകള്‍ക്കും ജിഎസ്ടി പൂര്‍ണമായി ഒഴിവാക്കി.


