TMJ
searchnav-menu
post-thumbnail

TMJ Daily

ചെറുകിട സംരംഭങ്ങൾക്ക് 5 കോടിയുടെ വായ്പയുമായി കെഎഫ്സി

10 Sep 2025   |   1 min Read
TMJ News Desk

സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക്(MSME) യന്ത്രസാമഗ്രികൾ വാങ്ങുന്നതിന് 5 കോടി രൂപ വരെ ഈടില്ലാത്ത പുതിയ വായ്പാ പദ്ധതിയുമായി കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ധനകാര്യസ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷൻ. "കെഎഫ്സി മെഷിനറി വായ്പാപദ്ധതി" (KFC Machinery Loan Scheme for MSMEs) എന്നാണ് പദ്ധതിയുടെ പേര്. നല്ല പ്രകടനം കാഴ്ചവെയ്ക്കുന്ന എംഎസ്എംഇകളെ വിപുലീകരിക്കാനും ആധുനികവൽക്കരിക്കാനും കൂടുതൽ മത്സരക്ഷമത നേടാനും സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സർക്കാരിന്റെ ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് (CGTMSE) വഴി ഈ വായ്പ ഈടില്ലാതെയാണ് നൽകുന്നത്. പദ്ധതിയിലൂടെ ഒരു എംഎസ്എംഇക്ക് 5 കോടി രൂപ വരെ വായ്പ ലഭിക്കും. യന്ത്രസാമഗ്രികൾ വാങ്ങുന്ന ചെലവിന്റെ 80 ശതമാനം വരെയുള്ള തുക വായ്പയായി ലഭിക്കും. ഒരുവർഷം മോറട്ടോറിയം ഉൾപ്പടെ ഏഴ് വർഷം വരെയാണ് വായ്പയുടെ തിരിച്ചടവ് കാലാവധി.

ഈട് നൽകാൻ ബുദ്ധിമുട്ടുള്ള സംരംഭകർക്ക് അവരുടെ യൂണിറ്റുകൾ നവീകരിക്കുന്നതിനും അതുവഴി ബിസിനസ് വളർത്തുന്നതിനും എളുപ്പത്തിൽ വായ്പ ലഭ്യമാക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ പദ്ധതിയെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. പുതിയ യന്ത്രസാമഗ്രികളിൽ നിക്ഷേപം നടത്തുന്നതിലൂടെ, കേരളത്തിന്റെ എംഎസ്എംഇ മേഖലയെ ശക്തിപ്പെടുത്താനും സംസ്ഥാനത്തെ വ്യാവസായികവളർച്ചയെ പ്രോത്സാഹിപ്പിക്കാനും സാധിക്കുമെന്നാണ് സർക്കാർ വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

#Daily
Leave a comment