
മെസി വരുന്നു , അർജന്റീന ടീമിനൊപ്പം കേരളത്തിലേക്ക്
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്. മെസി അടക്കമുള്ള പ്രമുഖ താരങ്ങൾ കേരളത്തിൽ കളിക്കും. ഔദ്യോഗിക പ്രഖ്യാപനം അർജന്റീന ഫുട്ബോൾ അസോസിയേഷൻ നടത്തുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ അറിയിച്ചു. ഒന്നര മാസത്തിനകം എഎഫ്എ അധികൃതർ കേരളത്തിൽ എത്തുമെന്നും മന്ത്രി അറിയിച്ചു. അടുത്ത വർഷം സെപ്തംബർ ഒക്ടോബർ മാസങ്ങളിലാവും മത്സരം നടത്തുക. മത്സരതീയതിയും എഎഫ്ഐ ആവും പ്രഖ്യാപിക്കുക. ചെലവ് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സും വ്യാപാരി വ്യവസായ സമിതിയും വഹിക്കുമെന്നും മന്ത്രി അറിയിച്ചു.
നേരത്തെ സെപ്തംബറിൽ സ്പെയിനിലെത്തി മന്ത്രിയും സംഘവും അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയത്ത് തന്നെ ഫുട്ബോൾ മത്സരം നടക്കുന്ന വേദിയും സമയവും പിന്നീട് അറിയിക്കുമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. കേരളത്തിൽ ഫുട്ബോൾ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അർജന്റീനൻ ഫുട്ബോൾ അക്കാദമി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും വി. അബ്ദുറഹിമാൻ അന്ന് പറഞ്ഞിരുന്നു. മത്സരം നടത്തുന്ന വേദിയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. വേദി തീരുമാനിക്കപ്പെട്ടാൽ അർജന്റീനൻ ഫുട്ബോൾ അധികൃതർ എത്തി ഗ്രൗണ്ട് പരിശോധിക്കും.
കേരളത്തിൽ കളിക്കാൻ സന്നദ്ധത അറിയിച്ച് അർജന്റീന ഫുട്ബോൾ ടീം ഇ-മെയിൽ സന്ദേശമയച്ചതായി മന്ത്രി വി. അബ്‌ദുറഹിമാൻ 2024 ജനുവരിയിൽ വ്യക്തമാക്കിയിരുന്നു. 2025 ഒക്ടോബറിൽ കേരളത്തിലെത്താനാണ് അർജന്റീന ഫുട്ബോൾ ടീം സന്നദ്ധത അറിയിച്ചതെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്.
ടീമിനെ കേരളത്തിലേക്കു ക്ഷണിച്ച് നേരത്തേ സംസ്ഥാന കായിക മന്ത്രാലയം അർജൻ്റീന ഫുട്ബോൾ അസോസിയേഷനു കത്തയച്ചിരുന്നു. അതിനു മറുപടിയായാണ് ക്ഷണം സ്വീകരിച്ചുകൊണ്ടുള്ള ഇ മെയിൽ സന്ദേശം ലഭിച്ചത്.
2011-ൽ മെസി ഉൾപ്പെടുന്ന അർജന്റീന ടീം കൊൽക്കത്തയിൽ കളിച്ചിട്ടുണ്ട്. കൊൽക്കത്തയിലെ സാൾട്ട്ലേക് സ്റ്റേഡിയത്തിൽ വെനസ്വേലയ്ക്കെതിരെയായിരുന്നു മത്സരം. അർജന്റീന ക്യാപ്റ്റനായുള്ള മെസിയുടെ ആദ്യമത്സരം കൂടിയായിരുന്നു അത്.