ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് സാംസ്‌കാരിക കേരളം; കുടുംബത്തെ ചേര്‍ത്തുപിടിച്ച് നേതാക്കള്‍
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി വി. മുരളീധരന്‍, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എന്നിവര്‍ ഉമ്മന്‍ ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മുന്‍മന്ത്രി ടി ജോണിന്റെ ബെംഗളൂരുവിലെ വസതിയില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വച്ചിരുന്നു.
പൊതുസേവനത്തിന് മാറ്റിവച്ച ജീവിതം
ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലൂടെ എളിമയും സമര്‍പ്പണബോധവുമുള്ള നേതാവിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ പുരോഗതിക്കും ജനങ്ങളെ സേവിക്കാനുമായി മാറ്റിവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റെതെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുമായുള്ള കൂടിക്കാഴ്ചകളുടെ ചിത്രം പങ്കുവച്ച് ട്വിറ്ററിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രിമാരായിരുന്നപ്പോഴും പിന്നീട് താന്‍ ഡല്‍ഹിയിലേക്ക് മാറിയപ്പോഴുമുള്ള കൂടിക്കാഴ്ചകള്‍ ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഒപ്പം ആത്മാവിന് ശാന്തി നേരുന്നതായും പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പരാജയമറിയാത്ത ജനനായകന്‍
പൊതുജീവിതത്തില്‍ ഒരേകാലത്ത് സഞ്ചരിച്ച ഉമ്മന്‍ ചാണ്ടിയുടെ വിടപറയല്‍ അതീവ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തില്‍ ഇഴുകിച്ചേര്‍ന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മന്‍ ചാണ്ടി. ഒരേ വര്‍ഷമാണ് തങ്ങള്‍ നിയമസഭയില്‍ എത്തിയത്. ഒരേ ഘട്ടത്തിലാണ് വിദ്യാര്‍ത്ഥി ജീവിതത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയത്.
ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏടാണ്. ഉമ്മന്‍ ചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകള്‍ പലതും കേരള രാഷ്ട്രീയത്തില്‍ കാലത്തെ അതിജീവിച്ചു നിലനില്‍ക്കുമെന്നും പിണറായി വിജയന്‍ അനുസ്മരിച്ചു. ഒരേ മണ്ഡലത്തില്‍ നിന്നു ആവര്‍ത്തിച്ച് തിരഞ്ഞെടുത്ത് അഞ്ചു പതിറ്റാണ്ടിലേറെ പൂര്‍ത്തിയാക്കി. ഒരു ഘട്ടത്തിലും പരാജയമെന്തെന്ന് അറിയാനിടവന്നില്ല. ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ത്തന്നെ അത്യപൂര്‍വമായി മാത്രം നടന്ന കാര്യമാണ്. ജനഹൃദയങ്ങളില്‍ ഉമ്മന്‍ ചാണ്ടി നേടിയ സ്വാധീനത്തിന്റെ തെളിവാണിതെന്നും പിണറായി വിജയന്‍ അനുശോചന കുറിപ്പില്‍ അനുസ്മരിച്ചു.
കേരളത്തിന്റെ ജനനായകന്‍
ലോകത്തിന്റെ ഏതു കോണിലുള്ള മലയാളിക്കും ആശ്വാസമായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന പേരെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സാന്ത്വനവും പ്രതീക്ഷയുമായിരുന്നു. അദ്ദേഹം പോകാത്ത സ്ഥലവും കാണാത്ത ജനവുമുണ്ടാകില്ല. തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ അടിപതറാതെ ആ പുതുപ്പള്ളിക്കാരന്‍ ജ്വലിച്ചു നിന്നു. കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാടരാഹിത്യമാണ് ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയത്.
കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മന്‍ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ല. അധികാരത്തിന്റെ ഉയരങ്ങളില്‍ ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിച്ചതുമില്ല. അക്ഷരാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്ക് സ്വന്തമായിരുന്നു. ഉമ്മന്‍ ചാണ്ടിയെ പോലെ മറ്റൊരാളില്ല. കേരളത്തിന്റെ ജനനായകന്‍ യാത്രയായി. എന്റെ പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സാറിന് വിട- വിഡി സതീശന്‍ ഫേസ് ബുക്കില്‍ കുറിച്ചു.
സ്‌നേഹം വിതച്ച് സ്‌നേഹം കൊയ്തു
സ്‌നേഹം കൊണ്ട് ജനഹൃദയങ്ങളില്‍ ഇടംനേടിയ പൊതുപ്രവര്‍ത്തകനെയാണ് കോണ്‍ഗ്രസിനും കേരളത്തിനും നഷ്ടമായതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പൊതുപ്രവര്‍ത്തന രംഗത്ത് ഓരോ പടവും നടന്നു കയറുമ്പോഴും സാധാരണക്കാരനോടൊപ്പം നില്‍ക്കാനും അവരെ തിരിച്ചറിയാനുമുള്ള ഉമ്മന്‍ചാണ്ടിയുടെ കഴിവും സൗമ്യമായ പെരുമാറ്റവും അദ്ദേഹത്തെ കൂടുതല്‍ ജനകീയനാക്കി.
രാഷ്ട്രീയ എതിരാളികള്‍ അദ്ദേഹത്തിന്റെ മനസ്സിന് ഏല്‍പിച്ച മുറിവിനെപ്പോലും ജനകീയ ഔഷധംകൊണ്ട് സുഖപ്പെടുത്തിയ വ്യക്തി. സ്‌നേഹം വിതച്ച് സ്‌നേഹം കൊയ്ത നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും കെ സുധാകരന്‍ ഓര്‍മിച്ചു.
കോണ്‍ഗ്രസിന്റെ രാഷ്ട്രീയധാര
കക്ഷി രാഷ്ട്രീയത്തിനതീതമായ സൗഹൃദം എക്കാലവും കാത്തുസൂക്ഷിച്ച നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അനുസ്മരിച്ചു. അമ്പതാണ്ടുകളിലേറെക്കാലം കോണ്‍ഗ്രസിനെ അടയാളപ്പെടുത്തിയ രാഷ്ട്രീയ ധാരയാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ ഇല്ലാതാവുന്നത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ രാഷ്ട്രീയ കേരളത്തിന്റെ അഗാധമായ ദുഃഖത്തോടൊപ്പം പങ്കുചേരുന്നതായും എംവി ഗോവിന്ദന്‍ പ്രതികരിച്ചു.
പ്രവര്‍ത്തനശൈലി പാഠപുസ്തകമായിരുന്നു
കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖവും പരിണതപ്രജ്ഞനായ ഭരണാധികാരിയുമായ രാഷ്ട്രീയ അതികായന്റെ നഷ്ടം നികത്താനാകാത്തതാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അനുശോചിച്ചു. എന്നും എപ്പോഴും ജനങ്ങളോടൊപ്പം സഞ്ചരിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി ഒരു പാഠപുസ്തകം തന്നെയാണെന്നും വി. മുരളീധരന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സാധാരണക്കാരുടെ ആശ്രയം
സാധാരണക്കാരുടെ ഇടയില്‍ വലിയ സ്വാധീനമുള്ള കോണ്‍ഗ്രസ് നേതാവിനെയാണ് ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കേരളത്തിലെ ജനങ്ങള്‍ക്കു നല്‍കിയ സേവനത്തിലൂടെ അദ്ദേഹം എന്നെന്നും ഓര്‍മിക്കപ്പെടുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
സേവനത്തിനുവേണ്ടി ജീവിതം അര്‍പ്പിച്ച നേതാവ്
ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിനു അനുശോചനം അറിയിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തൂണായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. സേവനത്തിന് വേണ്ടി ജീവിതം അര്‍പ്പിച്ച, ഇന്ന് നാം പോരാടുന്ന മൂല്യങ്ങളോട് ആഴത്തില്‍ പ്രതിബദ്ധതയുള്ള നേതാവായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിലെ മായാത്തമുദ്ര
രാഷ്ട്രീയ അതികായനും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും ജനനായകനും കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവുമായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അനുശോചിച്ചു. അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും കേരളത്തിന്റെ പുരോഗതിയിലും ദേശീയ രാഷ്ട്രീയത്തിലും മായാത്ത മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ ആത്മസമര്‍പ്പണവും ജനസേവനവും എക്കാലവും ഓര്‍മിക്കപ്പെടുമെന്നും ഖാര്‍ഗെ ട്വിറ്ററില്‍ കുറിച്ചു.
ആറുപതിറ്റാണ്ടിന്റെ ഊര്‍ജം
മികച്ച ഭരണാധികാരിയും കോണ്‍ഗ്രസിന്റെ ജനപ്രിയ നേതാവുമായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എന്നും ജനങ്ങളുടെ ഇടയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഊര്‍ജസ്വലതയോടെ ആറുപതിറ്റാണ്ടിലധികം പൊതുജീവിതത്തില്‍ നിറഞ്ഞുനിന്നതായും സുരേന്ദ്രന്‍ അനുശോചിച്ചു.