
കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം
മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (IFFK) ഇന്ന് സമാപനം. അവസാന ദിനമായ ഇന്ന് 11 ചിത്രങ്ങളാണ് വിവിധ വേദികളിലായി പ്രദർശിപ്പിക്കുക. സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയാകും.
മേളയുടെ നടത്തിപ്പിൽ ഇതുവരെ കാണാത്ത അസാധാരണ വിവാദങ്ങളിലൂടെയാണ് ഈ വർഷം മേള കടന്നുപോയത്. ലോക സിനിമ ക്ലാസ്സിക്കുകളിൽ ഒന്നായ ‘ബാറ്റിൽഷിപ്പ് പോട്ടംകിൻ’ അടക്കം 19 സിനിമകൾക്ക് കേന്ദ്ര സർക്കാർ സെൻസർ ഇളവ് നിഷേധിച്ചതോടെയാണ് മേളയുടെ പ്രതിസന്ധി തുടങ്ങിയത്. തുടർന്നുണ്ടായ ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ ആറ് ചിത്രങ്ങൾ ഒഴികെ മറ്റു സിനിമകൾക്ക് കേന്ദ്രം അനുമതി നൽകി. വിലക്ക് അവഗണിച്ച് പ്രദർശനം നടത്തുമെന് സാംസ്കാരിക വകുപ്പിന്റെ ആദ്യ നിലപാട് പിന്നീട് മാറ്റുകയും കേന്ദ്ര സർക്കാരിന് വഴങ്ങി വിലക്കിയ ചിത്രങ്ങളുടെ പ്രദർശനം മാറ്റിവയ്ക്കുകയും ചെയ്തു. സെൻസർ ഇളവിനുള്ള അപേക്ഷയിൽ അക്കാദമിയുടെ കാലതാമസമാണ് കാരണമെന്നും ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുമുള്ള വീഴ്ചയല്ല ഇതെന്നും സംഘാടകർക്ക് മേലുള്ള വിമർശനങ്ങൾക്ക് ഇടയാക്കി.
സെൻസർ ഇളവിന് അപേക്ഷിക്കുന്നതിൽ അക്കാദമി കാലതാമസം വരുത്തിയതിനെ മറയ്ക്കാനാണ് വികാരപ്രകടനങ്ങൾ നടത്തുന്നതെന്ന വിമർശനം മേളയുടെ മുൻ ആർട്ടിസ്റ്റിക് ഡയറക്ടർ തന്നെ ഉന്നയിച്ചിരുന്നു. മേള നടക്കുന്നതിനിടെ അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി സ്ഥലത്തില്ലായിരുന്നുവെന്നതും വ്യാപക വിമർശനങ്ങൾക്ക് കാരണമായി.
അതേസമയം, മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്തിട്ടും പ്രവേശനം ലഭിക്കാതിരുന്ന സംഭവങ്ങളിൽ കൈരളി, നിള, ശ്രീ തിയേറ്ററുകൾക്ക് മുന്നിൽ ഡെലിഗേറ്റുകളുടെ പ്രതിഷേധവും ഉണ്ടായി. 'സിറാത്ത്’ എന്ന മൊറോക്കൻ ചിത്രത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന പ്രതിഷേധം. ഓൺലൈനായി സീറ്റുകൾ ബുക്ക് ചെയ്‌ത ഭൂരിഭാഗം പേർക്കും തിയേറ്ററിൽ പ്രവേശിക്കാനായില്ല. സിനിമയ്ക്കായി എത്തിയപ്പോൾ ഗസ്റ്റുകളെന്ന പേരിൽ സീറ്റുകളിൽ ആളുകളുണ്ടായിരുന്നുവെന്ന് ഡെലിഗേറ്റുകൾ ആരോപിച്ചു.
അവസാന ദിന പ്രദർശനങ്ങളിൽ പലസ്തീൻ വിഭാഗത്തിലെ ഷായ് കർമ്മേലി പൊള്ളാക്കിന്റെ ‘ദി സീ’, കാൻ ചലച്ചിത്രോത്സവത്തിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയ അബ്ദുറഹ്മാൻ സിസാക്കോയുടെ ‘വെയ്റ്റിങ് ഫോർ ഹാപ്പിനസ്’, ലോക സിനിമ വിഭാഗത്തിലെ ‘സിക്‌സ് ഡേയ്‌സ് ഇൻ സ്പ്രിങ്’ എന്നിവയാണ് ഇന്നത്തെ മറ്റ് പ്രധാന പ്രദർശന ചിത്രങ്ങൾ. കയ്റോ സ്റ്റേഷൻ, വിയറ്റ്നാം യുദ്ധത്തിന്റെ അൻപതാം വാർഷികം അനുസ്‌മരിച്ച് കൺട്രി ഫോക്കസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയ ട്രിൻ ദിൻ ലെ മിൻ സംവിധാനം ചെയ്ത ‘വൺസ് അപ്പോൺ എ ലവ് സ്റ്റോറി’, പെറു സംവിധായകൻ ഫ്രാൻസിസ്കോ ജെ ലൊംബാർഡിയുടെ ‘ഇൻസൈഡ് ദി വുൾഫ്’ തുടങ്ങിയവയും ഇന്ന് പ്രദർശിപ്പിക്കും.
അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം, മികച്ച സംവിധായകനുള്ള രജത ചകോരം, ഓഡിയൻസ് പോൾ എന്നിവ തിരഞ്ഞെടുക്കാൻ പ്രേക്ഷകർക്ക് ഇന്ന് വോട്ട് ചെയ്യാം. ഐഎഫ്എഫ്കെയുടെ വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ഉച്ചയ്ക്ക് 12 വരെ വോട്ടുകൾ രേഖപ്പെടുത്താം.


