TMJ
searchnav-menu
post-thumbnail

TMJ Daily

കേരള നിക്ഷേപക സമ്മേളനം: അദാനി ഗ്രൂപ്പ് 30,000 കോടി നിക്ഷേപിക്കുമെന്ന് കരണ്‍ അദാനി

21 Feb 2025   |   1 min Read
TMJ News Desk

കേരളത്തില്‍ അദാനി ഗ്രൂപ്പ് അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 30,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ മാനേജിങ് ഡയറക്ടറായ കരണ്‍ അദാനി പ്രഖ്യാപിച്ചു. കേരള ആഗോള നിക്ഷേപക ഉച്ചകോടിയില്‍ പ്രസംഗിക്കുകയായിരുന്നു കരണ്‍. ലോകത്തിലെ പ്രമുഖ ട്രാന്‍സ്ഷിപ്പ്‌മെന്റ് പദ്ധതിയായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ വികസിപ്പിക്കുന്നതിനായി 20,000 കോടി രൂപയും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള വികസനത്തിനായി 5,500 കോടി രൂപയും നിക്ഷേപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കൊച്ചിയില്‍ ലോജിസ്റ്റിക്‌സ് ഹബ് സ്ഥാപിക്കുന്നതിനുള്ള നിക്ഷേപവും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന യാത്രക്കാരുടെ എണ്ണം അമ്പത് ലക്ഷത്തില്‍ നിന്നും 1.2 കോടി ആയി വര്‍ദ്ധിപ്പിക്കുമെന്നും കരണ്‍ പ്രഖ്യാപിച്ചു.

ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെത്തുന്ന നിക്ഷേപകര്‍ക്ക് ചുവപ്പുനാടയെപ്പറ്റി ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായങ്ങള്‍ക്കായുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുവെന്നും കേരളത്തില്‍ വ്യവസായം ചെയ്യാന്‍ വന്നിട്ട് ഭൂമി കിട്ടാത്തതിന്റെ പേരില്‍ ഒരു നിക്ഷേപകനും കേരളത്തില്‍ നിന്നും മടങ്ങേണ്ടി വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദൈവത്തിന്റെ സ്വന്തം നാട് വ്യവസായങ്ങളുടെ സ്വര്‍ഗമാണെന്ന് സ്വാഗത പ്രസംഗം നടത്തിയ വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

കേന്ദ്ര ഗതാഗത മന്ത്രി നിതന്‍ ഗഡ്കരി കേരളത്തില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചു. ടൂറിസമാണ് കേരളത്തിന്റെ ഹൃദയമെന്നും ആയുര്‍വേദം ഉള്‍പ്പെടെയുള്ള മേഖലകള്‍ സമ്പന്നമായതിനാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ അനവധി പേര്‍ കേരളത്തില്‍ വരുന്നുണ്ടെന്നും അതിനാല്‍ ഈ സാധ്യതകള്‍ വിപുലപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ടൂറിസം വികസനത്തിനായി റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.




#Daily
Leave a comment