Representational Image: PTI
കോവിഡ് കൈകാര്യം ചെയ്തതിൽ കേരളം ഒന്നാമത്; നിതി ആയോഗ് ആരോഗ്യ സൂചിക റിപ്പോർട്ട്
കോവിഡ്-19 വ്യാപനം കൈകാര്യം ചെയ്തതിൽ കേരളം മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് നിതി ആയോഗിന്റെ റിപ്പോർട്ട്. 2020-21 വർഷത്തെ വാർഷിക ആരോഗ്യസൂചികയിൽ 19 വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ കേരളം ഒന്നാംസ്ഥാനത്ത് എത്തി. തമിഴ്‌നാട്, തെലങ്കാന എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഈ വിഭാഗത്തിൽ അവസാന സ്ഥാനത്തുള്ളത് ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ്. മുൻ വർഷങ്ങളിലും മികച്ച പ്രവർത്തനങ്ങളുമായി കേരളമായിരുന്നു ഒന്നാമത്.
ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ത്രിപുര ഒന്നാമതെത്തി. സിക്കിമും ഗോവയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. എട്ട് സംസ്ഥാനങ്ങളുള്ള ഈ വിഭാഗത്തിൽ, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പുർ എന്നീ സംസ്ഥാനങ്ങളാണ് അവസാന സ്ഥാനങ്ങളിലുള്ളത്. മുൻ വർഷങ്ങളിലെ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോൾ രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങൾ നില മെച്ചപ്പെടുത്തി. എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽ ലക്ഷദ്വീപാണ് ഒന്നാമത്. ഡൽഹിയാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. കഴിഞ്ഞ ഡിസംബറിൽ പ്രസിദ്ധീകരിക്കേണ്ട കണക്കുകൾ ഇതുവരെയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. യഥാക്രമം പുറത്തുവിടുമെന്ന് നിതി ആയോഗ് പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നവജാതശിശുക്കളുടെ മരണനിരക്ക്, ഫെർട്ടിലിറ്റി നിരക്ക്, ജനനസമയത്തെ ലിംഗാനുപാതം, പ്രതിരോധ കുത്തിവെപ്പ്, ആന്റി റിട്രോവൈറൽ തെറാപ്പിയിൽ എച്ച്‌ഐവി ബാധിതരായ ആളുകളുടെ അനുപാതം തുടങ്ങി 24 ആരോഗ്യ സൂചകങ്ങൾ പരിഗണിച്ചാണ് സംസ്ഥാനങ്ങളുടെ നിലവാരപട്ടിക തയാറാക്കുന്നത്. ഇത്തരത്തിൽ ആരോഗ്യസൂചിക കണക്കാക്കുന്ന രീതി 2017ലാണ് നിതി ആയോഗ് ആരംഭിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും ലോകബാങ്കിന്റെയും സഹകരണത്തോടെയാണ് സൂചിക തയാറാക്കുന്നത്.
കോവിഡിനെ നേരിട്ട 'കേരള മോഡൽ'
കോവിഡ്-19 വ്യാപനം ആഗോളതലത്തിൽ ശക്തമായതിനു പിന്നാലെ, 2020 ജനുവരി 31-നാണ് കേരളത്തിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ കേസുകളുടെ എണ്ണം ക്രമാനുഗതമായി കൂടിത്തുടങ്ങിയത് മാർച്ചിലാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലായിരുന്നു. അതോടെ മറ്റു സംസ്ഥാനങ്ങൾ കേരളത്തെ ഭയക്കാൻ തുടങ്ങി. കേരളത്തിൽ നിന്ന് കർണാടകത്തിലേയ്ക്കുള്ള വഴികൾ മണ്ണിട്ട് അടച്ച സാഹചര്യം പോലും ഉണ്ടായി.
പിന്നീടുള്ള മാസങ്ങളിൽ നാം കണ്ടത് കൊറോണ കേസുകളുടെ വളർച്ചയെ കേരളം വളരെ ഫലപ്രദമായി തടയുന്നതാണ്. ജനുവരി 31-ന് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്ത കേരളം ആയിരം കേസുകൾ എത്തിയത് മെയ് 27 നാണ്. അപ്പോഴേക്കും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കേസുകൾ പതിനായിരം കടന്നിരുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ മാത്രമല്ല ലോകത്തെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ വരെ കോവിഡ് നിയന്ത്രണത്തിന്റെ 'കേരള മോഡൽ' ശ്രദ്ധിക്കുന്ന കാലം വന്നു. ബി.ബി.സിയും വാഷിംഗ്ടൺ പോസ്റ്റും കേരളത്തെ തേടിയെത്തി.
എന്നാൽ 2021 ൽ നാം കണ്ടത് കുറച്ചു വ്യത്യസ്തമായ ചിത്രമാണ്. മറ്റുള്ള സംസ്ഥാനങ്ങളിൽ കൊറോണ കുറഞ്ഞു വന്നു, കേരളത്തിലാകട്ടെ ആ കുറവ് മറ്റു സംസ്ഥാനങ്ങളിലേതു പോലെ ഉണ്ടായതുമില്ല. ഫെബ്രുവരി ആയതോടെ ഒരിക്കൽ കൂടി രാജ്യത്ത് പ്രതിദിനം ഏറ്റവും കൂടുതൽ കേസുകളുള്ള സംസ്ഥാനമായി കേരളം മാറി. കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നവർക്ക് കൂടുതൽ നിയന്ത്രണങ്ങളും നിബന്ധനകളും വീണ്ടും ഉണ്ടായി. കേരളത്തിലെ ആരോഗ്യ സംവിധാനവും ഡോക്ടർമാർ മുതൽ ഹെൽത്ത് ഇൻസ്‌പെക്ടർമാർ വരെ കൊറോണയെ നേരിട്ട രീതികളും ഫലപ്രദമായിരുന്നു.
കൈയടികളോടൊപ്പം വിമർശനങ്ങളും കേരള മോഡലിന് ലഭിച്ചിരുന്നു. കോവിഡ് രോഗം വന്നവരെ കുറ്റവാളികളെപ്പോലെ പരിഗണിച്ചുവെന്നും ആരോഗ്യവിഷയത്തെ ക്രമസമാധാന പ്രശ്‌നമാക്കി മാറ്റിയതായും ആരോഗ്യമേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടി. വിദേശരാജ്യങ്ങളിൽ നിന്നു വരുന്നവരെ എയർപോർട്ടിലിട്ട് വളയുക, അവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുക ഇങ്ങനെ രോഗികളെ നാണം കെടുത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. ഇതിലൂടെ പുറത്തു നിന്ന് വരുന്നവർ രോഗികളാണെന്ന ധാരണ സമൂഹത്തിൽ സൃഷ്ടിച്ചു. കുടുംബങ്ങളിൽ പോലും ബന്ധുക്കളെ കയറ്റാത്ത സ്ഥിതിയിലെത്തി. ഇത്തരത്തിൽ നിർദേശങ്ങൾ നല്കുന്ന അജ്ഞരായ വിദഗ്ധരാണ് സർക്കാരിന്റെ സാങ്കേതിക സമിതിയിലുണ്ടായിരുന്നതെന്നും വിമർശകർ ആരോപിച്ചിരുന്നു. എങ്കിലും ഫലപ്രദമായ പ്രവർത്തനങ്ങളിലൂടെയും വാക്‌സിനേഷൻ ഡ്രൈവുകളിലൂടെയും കോവിഡിനെ പിടിച്ചു കെട്ടാൻ കേരളത്തിനായി.