
കേരളം കടക്കെണിയിലല്ല; വരുമാനം വര്‍ദ്ധിക്കുന്നു: മുഖ്യമന്ത്രി
കേരളത്തിന്റെ കടം വര്‍ദ്ധിക്കുന്നില്ലെന്നും മറിച്ച് വരുമാനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തിന്റേത് നല്ല ധനകാര്യ മാനേജ്‌മെന്റാണെന്നും കേരളം കടക്കെണിയിലാണെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച എന്റെ കേരളം പൗര പ്രമുഖരുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒമ്പത് വര്‍ഷം കൊണ്ട് കേരളം അഭിമാന പൂര്‍വമായ നേട്ടം കരസ്ഥമാക്കിയെന്നും സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കുന്ന രാജ്യത്തിലെ ഏക സംസ്ഥാനം കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫ് അവതരിപ്പിച്ച പ്രകടന പത്രികയിലെ 600 ഇനങ്ങളില്‍ വിരലിലെണ്ണാവുന്നവ ഒഴികെ എല്ലാം നടപ്പിലാക്കിയെന്നും ഇക്കാര്യം പ്രോഗ്രസ് റിപ്പോര്‍ട്ടിലൂടെ ജനങ്ങളെ അറിയിക്കുകയും ചെയ്യുന്നു.
ജനങ്ങള്‍ കാര്യങ്ങള്‍ അറിയേണ്ടതാണെന്ന ധാരണയിലാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചതെന്നും 2017 മുതല്‍ ജനങ്ങള്‍ കാര്യങ്ങളെല്ലാം നേരിട്ട് മനസ്സിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ വികസനം എന്താണെന്ന് കൃത്യമായി എല്ലാ വര്‍ഷവും വിലയിരുത്താന്‍ പൊതുജനങ്ങള്‍ക്ക് അവസരം ലഭിച്ചുവെന്നും നാടിന്റെ വികസനം ജനങ്ങളിലേക്ക് ഇത്തരത്തില്‍ എത്തിക്കുന്ന രീതി ഇന്ത്യയില്‍ നടപ്പിലാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


