കേരളം ഇന്ത്യൻ സ്കാൻഡിനേവിയ: ദി എക്കണോമിസ്റ്റ്
ലോകത്തിന് സ്കാൻഡിനേവിയ പോലെയാണ് ഇന്ത്യയ്ക്ക് കേരളം എന്ന് പറഞ്ഞിരിക്കുകയാണ് ബ്രിട്ടീഷ് പ്രസിദ്ധീകരണമായ 'ദി എക്കണോമിസ്റ്റ്'. സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാലാണ് എക്കണോമിസ്റ്റ് ലേഖനത്തെ പറ്റി തന്റെ ഫേസ്ബുക്ക് പേജിൽ എഴുതിയത്. സാമൂഹ്യക്ഷേമത്തെക്കുറിച്ച് ഇന്ത്യയ്ക്ക് കേരളത്തിൽ നിന്നും ചിലത് പഠിക്കാനുണ്ടെന്ന തലക്കെട്ടിലാണ് ലേഖനം ആരംഭിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും മികച്ച ജീവിതനിലവാരവും സാമൂഹികവികസന സൂചികകളുമുള്ള സ്കാൻഡിനേവിയൻ രാജ്യങ്ങൾക്കൊപ്പമാണ് ദി എക്കണോമിസ്റ്റ് മാഗസിൻ കേരളത്തെ താരതമ്യപ്പെടുത്തിയിരിക്കുന്നത്.
അതിദാരിദ്ര്യവിമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതിനെക്കുറിച്ച് പരാമർശിക്കുന്നതിനോടൊപ്പം കേന്ദ്ര സർക്കാരിൻ്റെ ബഹുമുഖ ദാരിദ്ര്യ സൂചികയിലെ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ എല്ലാ സൂചകങ്ങളിലും കേരളത്തിൻ്റെ റാങ്ക് രാജ്യത്തെ മികച്ചതാണെന്നും ലേഖനത്തിൽ പരാമർശിക്കുന്നു. അതേസമയം ലിബറൽ സാമ്പത്തികനയങ്ങൾ പിന്തുടരാത്ത ഇടത് രാഷ്ട്രീയം കേരളത്തെ വ്യാവസായിക വളർച്ചയിൽ പിന്നോട്ടടിച്ചു എന്ന മുതലാളിത്ത പക്ഷ വിമർശനവും ലേഖനം മുന്നോട്ട് വയ്ക്കുന്നു. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൻ്റെ വ്യാവസായിക അന്തരീക്ഷത്തിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ സർക്കാരിണ് കഴിഞ്ഞെന്നും ലേഖനം പറയുന്നു.


