കന്യാസ്ത്രീ അറസ്റ്റ്; പാർലമെന്റ് 12 മണി വരെ നിർത്തി വച്ചു
ഛത്തീസ്ഗഡിൽ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാർ ഉയർത്തിയ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിൻ്റെ ഇരു സഭകളും 12 മണി വരെ നിർത്തി വച്ചു. വിഷയത്തിൽ ചോദ്യോത്തരവേള ഉപേക്ഷിച്ചു ഈ വിഷയം ചർച്ച ചെയ്യണമെന്ന, കേരളത്തിൽ നിന്നുള്ള എംപിമാർ സമർപ്പിച്ച അടിയന്തിര പ്രമേയ നോട്ടീസുകൾ ലോക സഭയിലും, രാജ്യ സഭയിലും നിരാകരിച്ചതിനെ തുടർന്ന് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതിനെ തുടർന്നാണ് സഭ 12 മണി വരെ നിർത്തി വച്ചത്.
മനുഷ്യക്കടത്ത് നടത്തുന്നുവെന്ന് ആരോപിച്ചാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്നലെ ഛത്തീസ് ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തത്. അങ്കമാലി എളവൂർ മാളിയേക്കൽ കുടുംബാംഗമാണ് സിസ്റ്റർ പ്രീതി. കണ്ണൂർ ഉദയഗിരി സ്വദേശിയാണ് സിസ്റ്റർ വന്ദന.
ആശുപത്രിയിലും, ഓഫീസിലും ജോലിക്കായി വന്ന മൂന്ന് പെൺകുട്ടികളെ റെയിൽവേ സ്റ്റേഷനിൽ നിന്നും കൂട്ടിക്കൊണ്ടു പോവാൻ വന്ന സിസ്റ്റർമാരെ പെൺകുട്ടികളോടൊപ്പം ബജ്‌രംഗ് ദൾ പ്രവർത്തകർ ബലം പ്രയോഗിച്ച് തടഞ്ഞു വച്ച ശേഷം പൊലീസ് എത്തി അറസ്റ്റു ചെയ്യുകയായിരിന്നു. മതപരിവർത്തനവും, മനുഷ്യക്കടത്തും നടത്തുന്നവരാണ് കന്യാസ്ത്രീകൾ എന്നാണ് ബജ്‌രംഗ് ദൾ ആരോപണം.
പെൺകുട്ടികളോടൊപ്പം അവരുടെ രക്ഷിതാക്കൾ ഇല്ലായിരുന്നുവെന്നതിന് പുറമെ അവരുടെ പക്കൽ മതിയായ രേഖകൾ ഇല്ലായിരുന്നവെന്നും അതാണ് അറസ്റ്റിന് കാരണമെന്നും ബജ്‌രംഗ് ദൾ പ്രവർത്തകർ പറയുന്നു.


