
വ്യവസായ സൗഹൃദത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനം
കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ബിസിനസ് റിഫോംസ് ആക്ഷന്‍ പ്ലാന്‍ (ബിആര്‍എപി) പ്രകാരം ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങില്‍ ഒന്നാമതായി കേരളം. 2021-ല്‍ രണ്ടാം ഇടതുപക്ഷ മുന്നണി അധികാരത്തില്‍ എത്തുമ്പോള്‍ കേരളത്തിന്റെ റാങ്കിങ് 28 ആയിരുന്നു. അതിനു ശേഷം റാങ്കിങ് 15 ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വച്ചു നടന്ന സംസ്ഥാന വ്യവസായ മന്ത്രിമാരുടെ യോഗത്തില്‍ കേരളത്തിനു വേണ്ടി മന്ത്രി പി രാജീവ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയലില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. ആന്ധ്ര പ്രദേശ് രണ്ടാം സ്ഥാനത്തും ഗുജറാത്ത്, രാജസ്ഥാന്‍, ത്രിപുര, ഉത്തര്‍ പ്രദേശ് എന്നിവ മറ്റുള്ള റാങ്കുകളിലുമാണ് എത്തിയത്.
റീഫോംസുമായി ബന്ധപ്പെട്ട ഒന്‍പത് കാര്യങ്ങളില്‍ കേരളം ടോപ് അച്ചീവര്‍ എന്ന നിലയില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ആന്ധ്രാപ്രദേശ് 5 എണ്ണത്തില്‍ ടോപ് അച്ചീവറായി. ഗുജറാത്ത് മൂന്നെണ്ണത്തിലും ടോപ് അച്ചീവര്‍ ആയി. ആകെ 19 സംസ്ഥാനങ്ങള്‍ക്കാണ് ഏതെങ്കിലും ഒന്നിലെങ്കിലും ടോപ് അച്ചീവര്‍ ആവാന്‍ സാധിച്ചത്.
മുപ്പതോളം ഏരിയകളില്‍ വരുത്തിയ മാറ്റങ്ങള്‍ വിലയിരുത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ EODB (ease of doing business) റാങ്കിങ്ങ് ചെയ്യുന്നത്. അതിനെ പിന്നീട് നാലായി തിരിക്കുന്നു.
1: Top achiever
2: Achiever
3: Aspirer
4: Emerging Business Ecosystem
വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികളും പരിഷ്‌കാരങ്ങളും അടിസ്ഥാനമാക്കി നടത്തിയ വിലയിരുത്തലില്‍ 95 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയവരെ ടോപ്പ് അച്ചീവര്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തും. കേരളം ഇത്തവണ ആ കാറ്റഗറിയില്‍ ഉള്‍പ്പെട്ടുവെന്നു മാത്രമല്ല അതില്‍ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. കഴിഞ്ഞ തവണ കേരളം Aspirer കാറ്റഗറിയില്‍ ആയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സംരംഭകരില്‍ നിന്നും ശേഖരിക്കുന്ന ഫീഡ്ബാക്ക് അനുസരിച്ചാണ് ഇവ തീരുമാനിക്കുക. ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിലാണ് കേരളം ഒന്നാം സ്ഥാനത്ത് എത്തിയത്.
100 കോടിക്ക് മുകളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് മന്ത്രിയുമായി നേരിട്ട് പദ്ധതി അവതരിപ്പിക്കുന്ന മീറ്റ് ദി ഇന്‍വെസ്റ്റര്‍, പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, കേരള ബ്രാന്‍ഡ്, പരാതി പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് പിഴ ശിക്ഷ തുടങ്ങിയ നടപടികള്‍ കേരളത്തിന്റെ റാങ്കിംഗ് ഉയര്‍ത്താന്‍ സഹായിച്ച ഘടകങ്ങളാണ്.