
ഗവര്‍ണര്‍ക്കെതിരായ ഹര്‍ജി പിന്‍വലിക്കാന്‍ കേരളം അനുമതി തേടി
നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ വൈകിപ്പിക്കുന്നതിന് എതിരെ സംസ്ഥാനം സുപ്രീംകോടതിയില്‍ നല്‍കിയിരുന്ന ആദ്യത്തെ ഹര്‍ജി പിന്‍വലിക്കാന്‍ കോടതിയുടെ അനുവാദം തേടി. എന്നാല്‍, കേരളത്തിന്റെ ഈ നീക്കത്തെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു.
മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാലത്താണ് കേരളം ഹര്‍ജി ഫയല്‍ ചെയ്തത്. ഇപ്പോള്‍ ഗവര്‍ണറുടെ മുന്നില്‍ ബില്ലുകള്‍ പരിഗണനയ്ക്കായി ഇല്ലെന്നും അതിനാല്‍ ഹര്‍ജി അപ്രസക്തമായെന്നും സുപ്രീംകോടതിയെ സംസ്ഥാനം അറിയിച്ചു. അതിനാല്‍, ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് കേരളം അഭ്യര്‍ത്ഥിച്ചു.
കേരളം സുപ്രീംകോടതിയില്‍ രണ്ട് ഹര്‍ജികളായിരുന്നു ഫയല്‍ ചെയ്തിരുന്നത്. ഗവര്‍ണര്‍ ബില്ലുകളെ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചത് ചോദ്യം ചെയ്തുള്ളതാണ് രണ്ടാമത്തെ ഹര്‍ജി. ഈ ഹര്‍ജി സംസ്ഥാനം പിന്‍വലിക്കുന്നില്ല.
കേരളത്തിന്റെ ആദ്യത്തെ ഹര്‍ജിയെ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിലേക്ക് ശുപാര്‍ശ ചെയ്യിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് തടയാനാണ് ഹര്‍ജി പിന്‍വലിക്കുന്നത്.
തമിഴ്‌നാട് സര്‍ക്കാരും ഗവര്‍ണര്‍ ആര്‍ എന്‍ രവിയും തമ്മിലുള്ള കേസില്‍ സര്‍ക്കാരിന് അനുകൂലമായി സുപ്രീംകോടതി വിധിച്ചിരുന്നു. ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് മൂന്ന് മാസത്തെ കാലാവധി നിശ്ചയിക്കുകയും ചെയ്തു. ഇത് കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയായിരുന്നു. ആ സാഹചര്യത്തില്‍ കേരളത്തിന്റെ ഹര്‍ജിയെ ഭരണഘടനാ ബഞ്ചില്‍ എത്തിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യമായിരുന്നു. ഇത് തടയാനാണ് കേരളത്തിന്റെ ശ്രമം.
കേരളത്തിന്റെ ഹര്‍ജി വിശദമായ വാദം കേള്‍ക്കണമെന്ന് സോളിസിറ്റര്‍ ജറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചു. എന്നാല്‍, ഹര്‍ജി പിന്‍വലിക്കാനുള്ള അവകാശം ഹര്‍ജിക്കാര്‍ക്ക് ഉണ്ടെന്ന് സംസ്ഥാനത്തിനുവേണ്ടി വാദിച്ച കെ കെ വേണുഗോപാല്‍ പറഞ്ഞു. ഇതിനെ തുഷാര്‍ മേത്ത എതിര്‍ത്തു. മേത്ത ആവശ്യപ്പെട്ടത് പ്രകാരം ഹര്‍ജി തുടര്‍ വാദത്തിനായി അടുത്ത ചൊവ്വാഴ്ച്ചയിലേക്ക് മാറ്റി.


