TMJ
searchnav-menu
post-thumbnail

TMJ Daily

കേരള സംസ്ഥാന ലോട്ടറിയുടെ പേരില്‍ തട്ടിപ്പ്: കണ്ടെത്തിയത് 60 വ്യാജ ആപ്പുകള്‍, 20 വെബ് സൈറ്റുകള്‍, 25 എഫ് ബി പ്രൊഫൈലുകള്‍ 

21 Aug 2024   |   1 min Read
TMJ News Desk

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ ഓണ്‍ലൈനില്‍ വ്യാജ ലോട്ടറി വില്‍പന നടത്തുന്ന ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് പോലീസ് നോട്ടീസ് നല്‍കി. ഇത്തരം ഓണ്‍ലൈന്‍ ലോട്ടറികളുടെ പരസ്യങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കാന്‍ മെറ്റയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ലോട്ടറിയുടെ 60 വ്യാജ ആപ്പുകളാണ് പോലീസിന്റെ സൈബര്‍ പട്രോളിങില്‍ കണ്ടെത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് 25 വ്യാജ ഫേസ് ബുക്ക് പ്രൊഫൈലും 20 വെബ് സൈറ്റുകളും കണ്ടെത്തി. 

കേരള മെഗാമില്യണ്‍ ലോട്ടറി, കേരള സമ്മര്‍ സീസണ്‍ ധമാക്ക എന്നീ പേരുകളില്‍ സമൂഹമാധ്യമങ്ങള്‍ വഴി കേരള സംസ്ഥാന ലോട്ടറി ഓണ്‍ലൈന്‍ ആയി എടുക്കാം എന്ന വ്യാജപരസ്യം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്സ്ആപ്പ്, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം മുതലായ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ ഓണ്‍ലൈന്‍ ലോട്ടറി ആരംഭിച്ചെന്നും 40 രൂപ മുടക്കിയാല്‍ 12 കോടി രൂപ വരെ നേടാമെന്നുമുള്ള സന്ദേശമാണ് ലഭിക്കുന്നത്. സന്ദേശത്തില്‍ പറയുന്ന നമ്പറിലേയ്ക്ക് 40 രൂപ അയച്ചാല്‍ വാട്സ്ആപ്പിലേയ്ക്ക് വ്യാജ ലോട്ടറി ടിക്കറ്റ് ചിത്രം അയച്ചുനല്‍കും. നറുക്കെടുപ്പിന്റെ സമയം കഴിയുമ്പോള്‍ കൃത്രിമമായി നിര്‍മ്മിച്ച നറുക്കെടുപ്പ് ഫലം തട്ടിപ്പുകാര്‍ അയച്ചുനല്‍കുകയും ഫലം പരിശോധിക്കുമ്പോള്‍ കൈവശമുള്ള ടിക്കറ്റിന് അഞ്ച് ലക്ഷം രൂപ സമ്മാനം ലഭിച്ചതായി കാണിക്കുകയും ചെയ്യും.


#Daily
Leave a comment