
കാനത്തിന് കേരളത്തിന്റെ അന്ത്യാഞ്ജലി
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട പറഞ്ഞ് കേരളം. പ്രമേഹത്തെ തുടര്‍ന്ന് അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കായിരുന്നു അന്ത്യം. കാനത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് നവകേരള സദസ്സിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ചു. നാളെ ഉച്ചയ്ക്ക് പെരുമ്പാവൂരില്‍ നിന്നും പര്യടനം തുടരും. മൃതദേഹം രാവിലെ 8 ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ജഗതിയിലെ വീട്ടില്‍ നിന്നും സിപിഐ സംസ്ഥാന കൗണ്‍സില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന പട്ടത്തെ പിഎസ് സ്മാരകത്തില്‍ പൊതുദര്‍ശനം. ശേഷം രണ്ടുമണിക്ക് റോഡുമാര്‍ഗം കോട്ടയത്തേക്ക് വിലാപയാത്ര. ഞായറാഴ്ച രാവിലെ പത്തുമണിക്കാണ് സംസ്‌കാരം.
എഐഎസ്എഫിലൂടെയാണ് കാനം രാജേന്ദ്രന്‍ രാഷ്ട്രീയ രംഗത്തേക്ക് വന്നത്. 1970 ല്‍ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയായി. 1982 ല്‍ വാഴൂരില്‍ നിന്നും നിയമസഭയിലെത്തിയ കാനം പിന്നീട് 87 ലും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് മൂന്നു തവണ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 2015 ല്‍ കോട്ടയത്തു നടന്ന സംസ്ഥാനസമ്മേളനത്തില്‍ കാനത്തെ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. സിപിഐ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗമാണ.് എഐടിയുസി സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ആയിരുന്നു. 2015 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായും കാനം പ്രവര്‍ത്തിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. ''ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായത്. സഖാവ് കാനത്തിന്റെ വിയോഗം ഞെട്ടിക്കുന്നതാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതില്‍, തൊഴിലാളിവര്‍ഗ്ഗ ഐക്യത്തെ ബലപ്പെടുത്തുന്നതില്‍, ജനാധിപത്യ പ്രസ്ഥാനങ്ങളെ പരിരക്ഷിക്കുന്നതില്‍, മതനിരപേക്ഷ മൂല്യങ്ങള്‍ കാത്തു രക്ഷിക്കുന്നതില്‍ ഒക്കെ സമാനതകളില്ലാത്ത സംഭാവനകളാണ് കാനം രാജേന്ദ്രന്‍ നല്‍കിയത്. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ ഉയര്‍ന്നുവന്ന കേരളത്തിന്റെ അനിഷേധ്യ നേതാക്കളില്‍ ഒരാളായ കാനം എന്നും നിസ്വജനപക്ഷത്തിന്റെ ശക്തിയും ശബ്ദവുമായി നിന്നു. കരുത്തനായ ട്രേഡ് യൂണിയന്‍ നേതാവ് എന്ന നിലയില്‍ തൊഴിലാളികളുടെ ഐക്യവും അവരുടെ പൊതുവായ ആവശ്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ എന്നും ശ്രദ്ധിച്ച നേതാവാണ് കാനം. വിദ്യാര്‍ത്ഥി യുവജന തൊഴിലാളി മുന്നേറ്റങ്ങളുടെ മുന്‍നിരയില്‍ പല ഘട്ടങ്ങളില്‍ ഉണ്ടായിരുന്നതിന്റെ അനുഭവസമ്പത്ത് സിപിഐ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് വലിയ അടിത്തറയൊരുക്കി. നിയമസഭയില്‍ അംഗമായിരുന്ന കാലയളവില്‍ ജനജീവിതത്തിന്റെ നീറുന്ന പ്രശ്നങ്ങളെ എല്ലാ ഗൗരവത്തോടെയും അദ്ദേഹം സഭയില്‍ അവതരിപ്പിച്ചിരുന്നു. നിയമനിര്‍മ്മാണം അടക്കമുള്ള കാര്യങ്ങള്‍ക്ക് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഭാഗത്തു നിലകൊണ്ടു. ശ്രദ്ധേയനായ നിയമസഭാ സാമാജികന്‍, കരുത്തനായ സംഘാടകന്‍, മികച്ച വാഗ്മി, പാര്‍ട്ടി പ്രചാരകന്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ ശ്രദ്ധേയനായിരുന്നു കാനം. സിപിഐ, സിപിഐ(എം) ബന്ധം ദൃഢമാക്കുന്നതിലും അദ്ദേഹം എന്നും ശ്രദ്ധ വെച്ചു. വ്യക്തിപരമായ നിലയില്‍ നോക്കിയാല്‍ പല പതിറ്റാണ്ട് രാഷ്ട്രീയ രംഗത്ത് സഹകരിച്ചു പ്രവര്‍ത്തിച്ചതിന്റെ നിരവധി ഓര്‍മ്മകള്‍ ഈ നിമിഷത്തില്‍ മനസ്സില്‍ വന്നു നിറയുന്നുണ്ട്. പലതും വൈകാരിക സ്പര്‍ശമുള്ളവയാണ്. മനസ്സിനോട് വളരെയേറെ ചേര്‍ന്നുനിന്ന സുഹൃത്തും സഖാവും ആയിരുന്നു കാനം എന്നു മാത്രം പറയട്ടെ. ഇടതുപക്ഷ ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളുടെ ഐക്യം കാലത്തിന്റെ ഏറ്റവും വലിയ ആവശ്യകതയായ ഒരു ഘട്ടത്തിലാണ് കാനത്തിന്റെ വിയോഗമെന്നത് അതിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. നികത്താനാവാത്ത നഷ്ടമാണിത്. കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന ഒരു നേതാവിനെയാണ് സഖാവ് കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ നമുക്ക് നഷ്ടപ്പെട്ടിട്ടുള്ളത്. ഇടതുപക്ഷത്തിന്റെ എന്നല്ല കേരളത്തിന്റെ പൊതുവായ നഷ്ടമാണിത്. നിസ്വാര്‍ത്ഥനായ രാഷ്ട്രീയ നേതാവിനെയാണ് കേരളത്തിനു നഷ്ടമായത്. സി പി ഐയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നു. കേരള ജനതയുടെയാകെ അനുശോചനം രേഖപ്പെടുത്തുന്നു'' എന്ന് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും അനുശോചനം അറിയിച്ചു. ''ഏറെക്കലമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖമായിരുന്നു കാനം രാജേന്ദ്രന്‍. പത്തൊന്‍പതാം വയസ്സില്‍ യുവജന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതൃത്വത്തില്‍ എത്തിയതാണ് കാനം. ആറ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം. മികച്ച നിയമസഭ പ്രവര്‍ത്തനമായിരുന്നു കാനത്തിന്റേത്. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിനും അവ സഭയില്‍ അവതരിപ്പിച്ച് പരിഹാരം ഉണ്ടാക്കുന്നതിലും പ്രത്യേകം ശ്രദ്ധിച്ചു. വെളിയം ഭാര്‍ഗവന്‍, സി.കെ. ചന്ദ്രപ്പന്‍ തുടങ്ങിയ മുന്‍ഗാമികളെ പോലെ നിലപാടുകളില്‍ കാനവും വിട്ടുവീഴ്ച ചെയ്തില്ല. വ്യക്തിപരമായി എനിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്ന പൊതുപ്രവര്‍ത്തകനായിരുന്നു കാനം. കഴിഞ്ഞ ആഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. രോഗാവസ്ഥയെ മറികടന്ന് പൊതുരംഗത്ത് ഉടന്‍ സജീവമാകുമെന്ന ആത്മവിശ്വാസം കാനത്തിനുണ്ടായിരുന്നു. ആ പ്രതീക്ഷകള്‍ സഫലമായില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സംസ്ഥാന രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ് കാനം രാജേന്ദ്രന്റ വിയോഗം'' എന്ന് വി.ഡി സതീശന്‍ പറഞ്ഞു.