TMJ
searchnav-menu
post-thumbnail

TMJ Daily

കേരളവര്‍മ നിലനിര്‍ത്തി എസ്എഫ്‌ഐ; മൂന്ന് വോട്ടുകള്‍ക്ക് ജയം

02 Dec 2023   |   1 min Read
TMJ News Desk

തൃശൂര്‍ കേരളവര്‍മ കോളേജില്‍ റീ കൗണ്ടിങില്‍ എസ്എഫ്‌ഐക്കു വിജയം. എസ്എഫ്‌ഐ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി കെ.എസ് അനിരുദ്ധ് മൂന്നു വോട്ടുകള്‍ക്കാണ് ജയിച്ചത്. കെഎസ്‌യു സ്ഥാനാര്‍ത്ഥി എസ് ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് റീ കൗണ്ടിങ് നടന്നത്.

ആദ്യ വോട്ടെണ്ണലിനിടെ ഇടയ്ക്കിടെ വൈദ്യുതി തകരാറിലായത് അട്ടിമറിയുടെ ഭാഗമായിരുന്നുവെന്ന് കെഎസ്‌യു ആരോപണം ഉയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്‍വെര്‍ട്ടര്‍ സൗകര്യമുള്ള പ്രിന്‍സിപ്പലിന്റെ ചേംബറിലാണ് റീ കൗണ്ടിങ് നടത്തിയത്. വോട്ടെണ്ണല്‍ പൂര്‍ണമായും വീഡിയോയിലും പകര്‍ത്തിയിട്ടുണ്ട്. കനത്ത പോലീസ് സുരക്ഷയിലായിരുന്നു വോട്ടെണ്ണല്‍. റീ കൗണ്ടിങില്‍ കെഎസ് അനിരുദ്ധിന് 892 വോട്ടും കെഎസ്‌യു സ്ഥാനാര്‍ത്ഥി എസ് ശ്രീക്കുട്ടന് 889 വോട്ടുമാണ് ലഭിച്ചത്. 

നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് കോടതി 

നവംബര്‍ ഒന്നിനു നടന്ന തിരഞ്ഞെടുപ്പില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ആദ്യം കെഎസ്‌യു സ്ഥാനാര്‍ത്ഥി ഒരു വോട്ടിന് വിജയിച്ചതായി പ്രഖ്യാപിച്ചു.  കെഎസ്‌യുവിന്റെ ആഹ്ലാദപ്രകടനങ്ങള്‍ക്കിടെ എസ്എഫ്‌ഐ റീ കൗണ്ടിങ് ആവശ്യപ്പെടുകയായിരുന്നു. അതില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി കെഎസ് അനിരുദ്ധ് 11 വോട്ടിന് ജയിക്കുകയായിരുന്നു. ഇതിനെതിരെ കെഎസ്‌യു സ്ഥാനാര്‍ത്ഥി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും കോടതി ഇടപെട്ട് എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കുകയും വീണ്ടും വോട്ടെണ്ണല്‍ നടത്താന്‍ ഉത്തരവിടുകയുമായിരുന്നു. 

നിയമാവലി അനുസരിച്ച്, വീണ്ടും വോട്ടെണ്ണാന്‍ ജസ്റ്റിസ് ടി.ആര്‍ രവി നിര്‍ദേശം നല്‍കുകയായിരുന്നു. ആദ്യത്തെ വോട്ടെണ്ണലും റീ കൗണ്ടിങും വ്യവസ്ഥകള്‍ പാലിച്ചല്ലെന്ന് കോടതി വ്യക്തമാക്കി. യൂണിയന്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയതില്‍ അസാധു വോട്ടുകള്‍ പ്രത്യേകമായി രേഖപ്പെടുത്താത്തത് എന്താണെന്നും അസാധു വോട്ടുകള്‍ എങ്ങനെ റീ കൗണ്ടിങില്‍ വന്നുവെന്നും കോടതി ചോദിച്ചിരുന്നു.

#Daily
Leave a comment