TMJ
searchnav-menu
post-thumbnail

TMJ Daily

രഞ്ജി ട്രോഫി ഫൈനലില്‍ കേരളം നാളെ വിദര്‍ഭയ്‌ക്കെതിരെ

25 Feb 2025   |   2 min Read
TMJ News Desk

രിത്ര നേട്ടം ലക്ഷ്യമിട്ട് രഞ്ജി ട്രോഫി ഫൈനലില്‍ കേരളം നാളെ വിദര്‍ഭയ്‌ക്കെതിരെ ഇറങ്ങുന്നു. ടൂര്‍ണ്ണമെന്റില്‍ ഇത് വരെ തോല്‍വി അറിയാത്ത ടീമുകളാണ് രണ്ടും. കഴിഞ്ഞ തവണ ഫൈനലില്‍ മുംബൈയോട് കൈവിട്ട കിരീടം തേടിയാണ് വിദര്‍ഭയുടെ വരവ്. മറുവശത്ത് ആദ്യ കിരീടമെന്ന ചരിത്ര നേട്ടം ലക്ഷ്യമിട്ട് കേരളവും.

നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമാണ് മല്‍സര വേദി. ഹോം ഗ്രൗണ്ടിന്റെ  ആനുകൂല്യവുമായി ഇറങ്ങുന്ന വിദര്‍ഭ കേരളത്തിന് കടുത്ത എതിരാളികളാണ്. എന്നാല്‍ വൈവിധ്യമേറിയ സാഹചര്യങ്ങളില്‍ കളിച്ചുള്ള പരിചയം കേരളത്തിന് മുതല്‍ക്കൂട്ടാകുമെന്നും വിലയിരുത്തുന്നു. ഫൈനലില്‍ കേരളം കഴിഞ്ഞ മല്‍സരങ്ങളില്‍ കളിച്ച ടീമില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ വരുത്താനിടയില്ല. പിച്ചിലെ സാഹചര്യങ്ങള്‍ അനുസരിച്ച് ചെറിയ മാറ്റങ്ങള്‍ക്കാണ് സാധ്യത. സല്‍മാന്‍ നിസാറും, മുഹമ്മദ് അസറുദ്ദീനും, ജലജ് സക്‌സേനയുമടക്കമുള്ള മധ്യനിരയും വാലറ്റവും മികച്ച ഫോമിലാണ്. മുന്‍നിര കൂടി ഫോമിലേക്ക് ഉയര്‍ന്നാല്‍ കേരളത്തിന്റെ ബാറ്റിങ് നിര അതിശക്തമാണ്. കഴിഞ്ഞ മല്‍സരത്തിലൂടെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും ഫോമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ബൗളിങ്ങില്‍ നിധീഷും ജലജ് സക്‌സേനയും ആദിത്യ സര്‍വാടെയുമാണ് കേരളത്തിന്റെ കരുത്ത്. സീസണില്‍ ഇത് വരെ കാഴ്ച വച്ച ആത്മവിശ്വാസത്തോടെ കളിക്കാനായാല്‍ ആദ്യ കിരീടം കേരളത്തിലെത്തും.

മറുവശത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും സ്ഥിരത പുലര്‍ത്തുന്ന ടീമുകളിലൊന്നാണ് വിദര്‍ഭ. 2018ലും 19ലും കപ്പുയര്‍ത്തിയ വിദര്‍ഭ കഴിഞ്ഞ വര്‍ഷം റണ്ണേഴ്‌സ് അപ്പുമായി. യഷ് റാഥോട്, ഹര്‍ഷ് ദുബെ, അക്ഷയ് വാഡ്കര്‍, അഥര്‍വ്വ ടായ്‌ഡെ, കരുണ്‍ നായര്‍ തുടങ്ങിയ പ്രതിഭകളുടെ നിണ്ട നിര തന്നെയുണ്ട് വിദര്‍ഭ ടീമില്‍. ഇതില്‍ യഷ് റാഥോട്, ഹര്‍ഷ് ദുബെ എന്നിവരുടെ പ്രകടനമാണ് ഫൈനലിലും വിദര്‍ഭയെ സംബന്ധിച്ച് നിര്‍ണ്ണായകമാവുക. ഇത് വരെ ഒന്‍പത് മല്‍സരങ്ങളില്‍ നിന്നായി 933 റണ്‍സ് നേടിയിട്ടുണ്ട് യഷ് റാഥോഡ്. 17 റണ്‍സ് കൂടി നേടിയാല്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടം റാഥോഡിനെ തേടിയെത്തും. മറുവശത്ത് ഇത് വരെ 66 വിക്കറ്റുകള്‍ നേടിയ ഹര്‍ഷ് ദുബെയ്ക്ക് മൂന്ന് വിക്കറ്റുകള്‍ കൂടി നേടിയാല്‍ രഞ്ജി ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കാം.

ഇരു ടീമുകളും നേര്‍ക്കുനേരെത്തുമ്പോള്‍ കൗതുകകരമായ മറ്റ് ചില പ്രത്യേകതകള്‍ കൂടിയുണ്ട്. സീസണില്‍ ഇത് വരെ മൂന്ന് സെഞ്ച്വറികളടക്കം 642 റണ്‍സുമായി വിദര്‍ഭ ബാറ്റിങ്ങിന്റെ കരുത്തായ കരുണ്‍ നായര്‍ മലയാളിയാണ്. മറുവശത്ത് വിര്‍ഭയുടെ ഇതിനു മുന്‍പുള്ള രണ്ട് കിരീട നേട്ടങ്ങളിലും ഒപ്പമുണ്ടായിരുന്ന ആദിത്യ സര്‍വാടെ കേരള നിരയിലുമുണ്ട്. നാഗ്പൂര്‍ സ്റ്റേഡിയത്തിലെ സാഹചര്യങ്ങള്‍ സ്വന്തം കൈവെള്ളയിലെന്ന പോലെ അറിയുന്ന സര്‍വാടെയുടെ സാന്നിധ്യം കേരളത്തിന് മുതല്‍ക്കൂട്ടാണ്. എന്നാല്‍ രഞ്ജി നോക്കൗട്ടില്‍ വിദര്‍ഭയോട് കേരളത്തിന്റെ റെക്കോഡ് മികച്ചതല്ല. 2017-18ല്‍ വിദര്‍ഭയോട് ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായ കേരളം അടുത്ത വര്‍ഷം സെമിയിലും അവരോട് തോല്‍വി വഴങ്ങി. അതിന് മറുപടി നല്‍കാനുള്ള അവസരം കൂടിയാണ് ഇത്തവണത്തെ ഫൈനല്‍.


 

#Daily
Leave a comment