TMJ
searchnav-menu
post-thumbnail

TMJ Daily

കെ എഫ് സി അനില്‍ അംബാനിയുടെ കമ്പനിയില്‍ 60.80 കോടി രൂപ നിക്ഷേപിച്ചു; തിരിച്ചു കിട്ടിയത് 7.9 കോടി രൂപ മാത്രമെന്ന് വി ഡി സതീശന്‍

02 Jan 2025   |   1 min Read
TMJ News Desk

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെഎഫ്‌സി) 60.80 കോടി രൂപ അനില്‍ അംബാനിയുടെ കമ്പനിയായ റിലയന്‍സ് കോമേഴ്‌സ്യല്‍ ഫൈനാന്‍സ് ലിമിറ്റഡില്‍ (ആര്‍സിഎഫ്എല്‍) നിക്ഷേപിച്ചതിനു പിന്നില്‍ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 2018 ഏപ്രില്‍ 26-നാണ് കെഎഫ്‌സി പണം നിക്ഷേപിച്ചത്.

2015 മുതല്‍ 2018 വരെ അനില്‍ അംബാനിയുടെ വ്യവസായ സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. രാജ്യത്തെ എല്ലാ മാധ്യമങ്ങളിലും ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വരുമ്പോഴാണ് കെഎഫ്‌സി നിക്ഷേപം നടത്തിയത്. അനിലിന്റെ കമ്പനിയുമായുള്ള ഇടപാടിലൂടെ സംസ്ഥാനത്തിന് 101 കോടി രൂപ നഷ്ടമായെന്ന് സതീശന്‍ ആരോപിച്ചു. ഇടപാടിന്റെ രേഖകളും സതീശന്‍ പുറത്തുവിട്ടു.

സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍സ് -1951ലെ നിയമപ്രകാരം ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്നതിനു വേണ്ടിയാണ് കെഎഫ്‌സി രൂപീകരിച്ചത്.

കെഎഫ്‌സി 2018-19 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഈ കമ്പനിയുടെ പേര് മറച്ചുവച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. 2020-21 ലെ റിപ്പോര്‍ട്ടിലാണ് കമ്പനിയുടെ പേര് ഉള്‍പ്പെടുത്തുന്നത്. പക്ഷെ 2019 ല്‍ ആര്‍സിഎഫ്എല്‍ ലിക്വിഡേറ്റ് ചെയ്തിരുന്നു. ലിക്വിഡേഷന്റെ ഭാഗമായി കെഎഫ്‌സിക്ക് 7 കോടി 9 ലക്ഷം രൂപ കിട്ടിയെന്ന് 2020-21 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

60.80 കോടി നിക്ഷേപത്തിന് പലിശ ഉള്‍പ്പെടെ 101 കോടി കിട്ടേണ്ട സ്ഥാനത്താണ് 7.9 കോടി രൂപ കിട്ടിയെന്നു പറയുന്നത്. ഇതിലൂടെ 101 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ലഭിക്കേണ്ട പണം മുങ്ങാന്‍ പോകുന്ന കമ്പനിയില്‍ നിക്ഷേപിച്ചതിലൂടെ ഗുരുതരമായ കുറ്റവും അഴിമതിയുമാണ് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഇതു സംബന്ധിച്ച് പതിനൊന്നാം നിയമസഭ സമ്മേളനത്തില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ധനവകുപ്പ് മറുപടി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റിലയന്‍സില്‍ നടത്തിയ നിക്ഷേപത്തിന്റെ കരാര്‍ രേഖകള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.



 

#Daily
Leave a comment