TMJ
searchnav-menu
post-thumbnail

PHOTO: TWITTER

TMJ Daily

ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ഖലിസ്ഥാന്‍ ആക്രമണം; അപലപിച്ച് യുഎസ്

04 Jul 2023   |   2 min Read
TMJ News Desk

മേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം. എംബസി കെട്ടിടത്തിനു ഖലിസ്ഥാനികള്‍ തീയിടുകയായിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോ ഫയര്‍ വിഭാഗം സംഭവസ്ഥലത്തെത്തി ഉടന്‍ തീയണയ്ക്കുകയായിരുന്നു. ആക്രമണത്തില്‍ നാശനഷ്ടമോ ജീവനക്കാര്‍ക്ക് പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ആക്രമണത്തെ ഇന്ത്യന്‍ സര്‍ക്കാരും യുഎസും അപലപിച്ചു. യുഎസിലെ നയതന്ത്ര സ്ഥാപനങ്ങള്‍ക്കും വിദേശ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ ക്രിമിനല്‍ കുറ്റമാണെന്നും യുഎസ് അധികൃതര്‍ വ്യക്തമാക്കി. ആക്രമണം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു മുകളില്‍ പറന്നിരുന്ന ത്രിവര്‍ണ പതാക ഖലിസ്ഥാന്‍വാദികള്‍ വലിച്ചെറിഞ്ഞു. എന്നാല്‍ അക്രമികള്‍ ആരെന്ന് സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. തീവയ്പ്പിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം ഉണ്ടായത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.30 നും 2.30 നും ഇടയിലാണ് കോണ്‍സുലേറ്റിനു നേരെ ആക്രമണം നടന്നത്. ഖലിസ്ഥാനികളുടെ ലക്ഷ്യം ഇന്ത്യന്‍ അംബാസഡര്‍ തരഞ്ജിത് സിങ് സന്ധുവും കോണ്‍സുലേറ്റ് ജനറല്‍ ഡോ നാഗേന്ദ്ര പ്രസാദ് എന്നിവരായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് സാന്‍ഫ്രാന്‍സിസ്‌കോ പൊലീസ് അന്വേഷണം ആരംഭിച്ചു. 

തുടര്‍ച്ചയാകുന്ന അക്രമം

സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്. കഴിഞ്ഞ മാര്‍ച്ചിലും സമാനമായ രീതിയില്‍ സാന്‍സ്ഫ്രാന്‍സിസ്‌കോയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ഖലിസ്ഥാന്‍ അനുകൂലികള്‍ ആക്രമണം നടത്തിയിരുന്നു. ഖലിസ്ഥാന്‍ പതാകയേന്തിയ ഒരു സംഘം അക്രമികള്‍ വാതിലുകള്‍ തകര്‍ത്ത് അകത്ത് കയറി ആക്രമണം അഴിച്ചുവിട്ടു. ഖലിസ്ഥാന്‍ പതാകകള്‍ കോണ്‍സുലേറ്റില്‍ സ്ഥാപിക്കുകയും ചെയ്തു. 'ഫ്രീ അമൃത്പാല്‍' എന്ന് കെട്ടിടത്തിന്റെ ചുറ്റുമതിലില്‍ എഴുതി. സുരക്ഷാ ഉദ്യോഗസ്ഥരെയടക്കം മറികടന്നായിരുന്നു അന്നത്തെ ആക്രമണം. ബ്രിട്ടനിലും ഇന്ത്യന്‍ ഹൈക്കമ്മീഷനു നേരെ ആക്രമണമുണ്ടായിരുന്നു. കൂടാതെ കാനഡയിലും ഖലിസ്ഥാനികള്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. 

ഖലിസ്ഥാനികള്‍ക്ക് ഇടം നല്‍കരുത്

ഖലിസ്ഥാനികള്‍ക്ക് ഇടം നല്‍കരുതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കഴിഞ്ഞദിവസം കാനഡയ്ക്കും യുകെയ്ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് കാനഡയിലെ ഖലിസ്ഥാന്‍ വാദികളുടെ പോസ്റ്റര്‍ പുറത്തുവന്നതിനു പിന്നാലെയാണ് ജയശങ്കറിന്റെ പ്രസ്താവന. 

ഖലിസ്ഥാനി വിഷയം കാനഡ കൈകാര്യം ചെയ്യുന്ന രീതി ഇന്ത്യയ്ക്ക് വളരെക്കാലമായി പ്രയാസങ്ങള്‍ നല്‍കുന്നതാണ്. കാനഡയുടെ നീക്കങ്ങള്‍ ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും സുരക്ഷയെയും ബാധിക്കുന്നുണ്ടെങ്കില്‍ പ്രതികരിക്കേണ്ടി വരുമെന്നും ജയശങ്കര്‍ പറഞ്ഞു. ജൂണ്‍ 18 ന് കാനഡയിലെ സറേയിലെ ഗുരു നാനാക്ക് ഗുരുദ്വാര സാഹിബിന്റെ പാര്‍ക്കിങ്ങില്‍ വച്ച് രണ്ട് അജ്ഞാതര്‍ ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് മേധാവിയും ഭീകരനുമായ ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നില്‍ ഇന്ത്യയാണെന്നാണ് ഖലിസ്ഥാനികളുടെ ആരോപണം. ഈ മാസം ആദ്യം ഒന്റാറിയോയില്‍ നടന്ന റാലിയില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകം ആഘോഷിക്കുന്ന ഒരു ടാബ്ലോയും പ്രദര്‍ശിപ്പിച്ചിരുന്നു.


#Daily
Leave a comment