ഖാലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിംഗ് പോലീസ് കസ്റ്റഡിയിലെന്ന് നിയമോപദേശകന്‍
ഖാലിസ്ഥാന്‍ നേതാവും 'വാരിസ് പഞ്ചാബ് ദേ' സംഘടനയുടെ തലവനുമായ അമൃത് പാല്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തതായി നിയമോപദേശകന്‍ അവകാശപ്പെട്ടു. സംഘടനയുടെ നിയമോപദേശകന്‍ ഇമാന്‍ സിംഗ് ഖാരയാണ് ഇത്തരമൊരു അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. പഞ്ചാബിലെ ഷാഹ്‌കോട്ട് പോലീസ് സ്‌റ്റേഷനിലാണ് അമൃത് പാല്‍ ഇപ്പോഴുള്ളതെന്നും, വ്യാജ ഏറ്റുമുട്ടലിലൂടെ അയാളെ വധിക്കാനാണ് പോലീസ് ലക്ഷ്യമിടുന്നതെന്നും ഇമാന്‍ സിംഗ് ആരോപിക്കുന്നു.
എന്നാല്‍, അമൃത് പാല്‍ അറസ്റ്റിലായതിനേക്കുറിച്ച് പോലീസ് വൃത്തങ്ങള്‍ ഇതുവരെയും സ്ഥിരീകരണം നല്‍കിയിട്ടില്ല. അമൃത് പാലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് മറ്റു സംസ്ഥാനങ്ങളിലടക്കം അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിനിടെയാണ് സംഘടനയുടെ അഭിഭാഷകന്‍ രംഗത്തെത്തുന്നത്.
പഞ്ചാബിലെ ഖാലിസ്ഥാന്‍ വാദത്തിന്റെ സ്ഥാപകനായ ജെര്‍ണൈയില്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ രണ്ടാം പതിപ്പായി സ്വയം അവകാശപ്പെടുന്ന അമൃതപാല്‍ സിംഗിനെ അറസ്റ്റു ചെയ്യുന്നതിനു വേണ്ടിയുള്ള തെരച്ചില്‍ ഞായറാഴ്ച്ചയും തുടര്‍ന്നു. ശനിയാഴ്ച ഉച്ച മുതല്‍ അറസ്റ്റു ചെയ്യാനുള്ള പൊലീസ് ശ്രമങ്ങളെ കബളിപ്പിച്ച് ഒളിവിലാണ് സിംഗ്. എന്നാല്‍ താമസിയാതെ അയാള്‍ പിടിയിലാവുമെന്ന് പൊലീസ് ഓപ്പറേഷന് നേതൃത്വം നല്‍കുന്ന ജലന്ധറിലെ പൊലീസ് മേധാവി സ്വപന്‍ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. ജലന്ധര്‍ മേഖലയിലെ ജനത്തിരക്കുള്ള ഒരു ബാസാര്‍ (കച്ചവടകേന്ദ്രം) പ്രദേശത്ത് വച്ച് പൊലീസിന്റെ കണ്ണുവെട്ടിച്ച് സിംഗ് അപ്രത്യക്ഷനായി.
സിംഗിനെ അറസ്റ്റു ചെയ്യാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ 78 അനുയായികളെ കഴിഞ്ഞ ദിവസം മുതല്‍ തുടങ്ങിയ റെയ്ഡില്‍ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അമൃതപാല്‍ സിംഗിന്റെ അടുത്ത സഹായിയായ ദല്‍ജീത് സിംഗ് കല്‍സിയെ ഞായാറഴ്ച്ച് രാവിലെ ഹര്യാനയിലെ ഗുഡ്ഗാവില്‍ നിന്നും കസ്റ്റഡിയിലെടുത്തതായി അവര്‍ പറഞ്ഞു. സിംഗിന്റെ പണം കൈകാര്യം ചെയ്തിരുന്നത് കല്‍സിയാണെന്നും അവര്‍ വെളിപ്പെടുത്തി.
വാരിസ് പഞ്ചാബ് ദേ എന്ന പ്രസ്ഥാനത്തിന്റെ നേതാവും, മതപ്രചാരകനുമായ അമൃത്പാല്‍ സിംഗ് ഭിന്ദ്രന്‍വാലയെയും ഖാലിസ്ഥാന്‍ വാദത്തെയും അനുകൂലിച്ച് നടത്തുന്ന പ്രസ്താവനകളിലുടെ വിവാദ നായകനായി വളരുകയായിരുന്നു. ഫെബ്രുവരി 23 ന് അമൃതസറിനടുത്ത് അജ്‌നാല പൊലീസ് സ്റ്റേഷന്‍ ആയുധധാരികളായ അനുയായികള്‍ക്കൊപ്പം എത്തി ആക്രമച്ചിതാണ് സിംഗിനെതിരായ പൊലീസ് നടപടികളുടെ പ്രേരണ. പൊലീസ് കസ്റ്റഡിയിലെടുത്ത തന്റെ ഒരു അനുയായിയെ മോചിപ്പിക്കുന്നതിന് വേണ്ടിയാണ് സ്റ്റേഷന്‍ ആക്രമിച്ചത്. സംഭവത്തില്‍ 6 പൊലീസ്‌കാര്‍ക്ക് പരിക്കുപറ്റിയിരുന്നു.
സിംഗിന് വേണ്ടിയുള്ള തെരച്ചിലിന്റെ ഭാഗമായി പഞ്ചാബ് അതീവ സരുക്ഷാ വലയത്തിലാണ്. ശനിയാഴ്ച്ച മുതല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ വിച്ഛേദിച്ചിരുക്കകയാണ്. തിങ്കളാഴ്ച്ച ഉച്ചവരെ വിച്ഛദേനം തുടരുന്നതാണ്.