ഹർദീപ് സിംഗ് നിജ്ജാർ | PHOTO: TWITTER
ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് മേധാവി കാനഡയിൽ വെടിയേറ്റ് മരിച്ചു
കാനഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് (കെടിഎഫ്) തലവൻ ഹർദീപ് സിംഗ് നിജ്ജാർ കാനഡയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിയേറ്റ് മരിച്ചു. ദേശവിരുദ്ധ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ഇന്ത്യൻ സർക്കാർ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സർക്കാർ പുറത്തിറക്കിയ 40 ഭീകരരുടെ പട്ടികയിൽ ഹർദീപ് സിംഗ് നിജ്ജാറിന്റെ പേരും ഉണ്ട്. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധർ ഭാർസിംഗ്പൂർ നിവാസിയാണ് ഹർദീപ് സിംഗ്. അജ്ഞാതരായ രണ്ട് അക്രമികൾ ചേർന്നാണ് കൊലപ്പെടുത്തിയത്, സംഭവസ്ഥലത്തു വച്ച് തന്നെ നിജ്ജാർ മരണപ്പെട്ടു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
2021 ൽ ജലന്ധറിൽ ഹിന്ദു പുരോഹിതനെ കൊലപ്പെടുത്തിയ കേസിൽ ഹർദീപ് സിംഗ് നിജ്ജാറിനെ പിടികൂടുന്നതിനായി വിവരങ്ങൾ നൽകുന്നവർക്കാണ് കഴിഞ്ഞ വർഷം ജൂലൈയിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. സംഭവുമായി ബന്ധപ്പെട്ട് നിജ്ജാറിനും മറ്റ് മൂന്നുപേർക്കുമെതിരെ കുറ്റപത്രം സമർപ്പിച്ച് മൂന്നാഴ്ചക്ക് ശേഷമാണ് പാരിതോഷികം പ്രഖ്യാപിച്ചത്. നിജ്ജാർ ഉൾപ്പെടെ നാലുപേർക്കെതിരെയായിരുന്നു കുറ്റപത്രം. കമൽജീത് ശർമ, രാം സിംഗ്, അർഷ്ദീപ് സിംഗ് എന്നിവരാണ് മറ്റു പ്രതികൾ. എൻഐഎ പറയുന്നതനുസരിച്ച് ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പായ സിഖ് ഫോർ ജസ്റ്റിസ്-ന്റെ വിഘടനവാദവും അക്രമാസക്തവുമായ അജണ്ടയും ഇന്ത്യയിൽ പ്രോത്സാഹിപ്പിക്കുകയായിരുന്നു ഹർദീപ് സിംഗ്.
പഞ്ചാബിൽ നടത്തിയ തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളിയാണ് നിജ്ജാർ എന്നും അയാൾക്കെതിരെ നടപടിയെടുക്കണം എന്നും ഇന്ത്യൻ സർക്കാർ കനേഡിയൻ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ തലവൻ എന്നതിന് പുറമെ, സറേയിലെ ഗുരുനാനാക്ക് സിഖ് ഗുരുദ്വാരയുടെ പ്രസിഡന്റും നിജ്ജാർ ആയിരുന്നു.
ആരാണ് ഖലിസ്ഥാനികൾ
നിർമ്മലമായ ഭൂമി എന്നർത്ഥം വരുന്ന പഞ്ചാബി വാക്കാണ് ഖലിസ്ഥാൻ. ജർണയിൽ സിംഗ് ഭിന്ദ്രൻവാല എന്ന സിഖ് മത പ്രഭാഷകനാണ് ഈ സംഘടന രൂപീകരിച്ചത്. 1984 ൽ സുവർണ ക്ഷേത്രത്തിൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ ഭിദ്രൻവാല കൊല്ലപ്പെടുകയായിരുന്നു. എന്നാൽ അതിനു ശേഷവും ഖലിസ്ഥാൻ വാദം ശക്തമായി തുടരുകയാണ്. സ്വതന്ത്ര പരമാധികാര സിഖ് രാഷ്ട്രം എന്നതാണ് സംഘടനയുടെ ലക്ഷ്യം. പല ഗ്രൂപ്പുകളായി വിഘടിച്ചാണ് ഇവരുടെ പ്രവർത്തനങ്ങൾ. ഒരുകാലത്ത് രാജ്യത്ത് വലീയ രീതിയിലുള്ള പ്രശ്‌നങ്ങളാണ് വിഘടന വാദികൾ സൃഷ്ടിച്ചത്. ബ്രിട്ടൺ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ഖലിസ്ഥാൻ വാദികൾ പ്രവർത്തിക്കുന്നുണ്ട്. അമൃത്പാൽ സിംഗിലൂടെയാണ് വീണ്ടും ഖലിസ്ഥാൻ പ്രസ്ഥാനത്തെ പറ്റിയുള്ള വാർത്തകൾ ഈ അടുത്ത കാലങ്ങളിലായി ഇന്ത്യയിൽ ഉയർന്നു വന്നത്. പഞ്ചാബിലെ പല ഭാഗങ്ങളിലും ഖലിസ്ഥാൻ വാദം ഇന്നും ശക്തമായി തുടരുന്നു എന്നുള്ള നിരീക്ഷണങ്ങളും നിലവിൽ ഉയർന്നു വരുന്നുണ്ട്.