TMJ
searchnav-menu
post-thumbnail

സൽമാൻ ഖാൻ | Photo: Facebook

TMJ Daily

സംഭവിക്കേണ്ടത് സംഭവിക്കും; വധഭീഷണിയിൽ ആദ്യമായി പ്രതികരിച്ച് സൽമാൻ ഖാൻ

30 Apr 2023   |   1 min Read
TMJ News Desk

താന്‍ എല്ലായിടത്തും സുരക്ഷാ ഉദ്യോഗസ്ഥരുമായിട്ടാണ് പോകുന്നതെന്നും നമ്മള്‍ എന്ത് ചെയ്താലും സംഭവിക്കാന്‍ ഉള്ളത് സംഭവിക്കുമെന്ന് തനിക്കറിയാമെന്നും ദൈവം കൂടെയുണ്ടെന്നും ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ഇന്ത്യ ടിവിയിലെ ആപ് കി അദാലത്ത് എന്ന പരിപാടിയിലാണ് സല്‍മാന്‍ ഖാന്‍ വധഭീഷണിയുടെ പശ്ചാത്തലത്തിലുള്ള അനുഭവം പങ്കുവച്ചത്. 

ഭീഷണിയെത്തുടര്‍ന്ന് താരത്തിന് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് മുംബൈ പോലീസ് ഒരുക്കിയിരിക്കുന്നത്. സുരക്ഷയാണ് സുരക്ഷിതമല്ലാത്തതിനെക്കാള്‍ നല്ലത്. ഇപ്പോള്‍ റോഡില്‍ സൈക്കിള്‍ ചവിട്ടാനും ഒറ്റയ്ക്ക് പോകാനും കഴിയില്ല. മാത്രമല്ല ഞാന്‍ ട്രാഫിക്കിലായിരിക്കുമ്പോള്‍, അവിടെ കൂടുതല്‍ സുരക്ഷയുണ്ടാകും, വാഹനങ്ങള്‍ മറ്റുള്ളവര്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്നു. ഗുരുതരമായ ഭീഷണിയുള്ളതിനാലാണ് സുരക്ഷയെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. 

തുടര്‍ക്കഥയാവുന്ന ഭീഷണി

പഞ്ചാബ് ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്‌നോയി 2018 ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട് സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് പരസ്യമായി ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെ സല്‍മാന്‍ ഖാന്റെ പേഴ്‌സണല്‍ സെക്രട്ടറിക്കും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. കത്തില്‍ പഞ്ചാബ് ഗായകന്‍ സിദ്ധു മൂസെവാലയുടെ ഗതിയായിരിക്കും നിങ്ങള്‍ക്ക് എന്ന് പറഞ്ഞിട്ടുണ്ട്. ഇതില്‍ ബാന്ദ്ര പോലീസ് കേസ് എടുത്തു. ഇതേത്തുടര്‍ന്ന് ബുള്ളറ്റ് പ്രൂഫ് കാറാണ് സല്‍മാന്‍ ഖാന്‍ ഉപയോഗിക്കുന്നത്. തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സും ലഭിച്ചു. 

മാര്‍ച്ച് 26 ന് രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലെ ലുനി നിവാസിയായ ധഖദ് റാം എന്നയാളെ സല്‍മാന് ഭീഷണി സന്ദേശം അയച്ചതിന് അറസ്റ്റ് ചെയ്തിരുന്നു. ലൂനി പോലീസും മുംബൈ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ പിടികൂടിയത്. പിന്നീട് ഏതാനും ദിവസങ്ങള്‍ മുമ്പ്, സല്‍മാനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തി പോലീസ് കണ്‍ട്രോള്‍ റൂമിലേക്കു ഫോണ്‍ ചെയ്ത 16 വയസ്സുകാരനെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഏപ്രില്‍ 10 നാണ് മുംബൈ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഭീഷണി കോള്‍ വന്നത്. ഏപ്രില്‍ 30ന് സല്‍മാന്‍ ഖാനെ ഇല്ലാതാക്കുമെന്നായിരുന്നു ഭീഷണി. അറസ്റ്റിനു ശേഷം വിളിച്ചയാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് മുംബൈ പോലീസ് വെളിപ്പെടുത്തിയിരുന്നു. 

1998 ഒക്‌ടോബറില്‍ ഹം സാഥ് ഹെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷന് സമീപം സല്‍മാന്‍ ഖാന്‍ രണ്ടു കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ജോധ്പൂര്‍ കോടതി സല്‍മാന് അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍, പിന്നീട് താരം ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.


#Daily
Leave a comment